Friday, November 22, 2024
Homeലോകവാർത്തറമദാനിൽ ഭക്ഷണം പാഴാക്കരുതെന്നുള്ള ആഹ്വാനവുമായി സഊദി അറേബ്യ.

റമദാനിൽ ഭക്ഷണം പാഴാക്കരുതെന്നുള്ള ആഹ്വാനവുമായി സഊദി അറേബ്യ.

റിയാദ്: ഭക്ഷണം അമൂല്യമാണെന്നും റമദാനിൽ ഭക്ഷണം പാഴാക്കരുതെന്നുള്ള ആഹ്വാനവുമായി സൗദി അധികൃതർ രംഗത്ത്. നോമ്പു തുറന്നതിന് ശേഷം പാഴാക്കി കളയാത്ത വിധം വിഭവങ്ങളും, ആഹാരവും, മാംസവുമൊക്കെ യുക്തിപൂർവ്വം വിളമ്പി വിനിയോഗിക്കുന്നതിലൂടെ അധിക ഭക്ഷണമാലിന്യങ്ങളുടെ തോത് കുറയ്ക്കാൻ സഹായിക്കുമെന്നാണ് ജനങ്ങളോട് അഭ്യർഥിക്കുന്നത്.

ഇക്കാലയളവിൽ മാംസമടക്കമുള്ള ഭക്ഷണമാലിന്യങ്ങൾ വലിയ അളവിലാണ് മാലിന്യ ശേഖരണപെട്ടികളിലൂടെ മണ്ണിലേക്ക് സംസ്കരിക്കാനായി എത്തിച്ചേരുന്നത്. ഈ മാലിന്യം കാർഷിക മേഖലയ്ക്ക് വെല്ലുവിളികൾ സൃഷ്ടിക്കുന്നതാണെന്ന് പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം അറിയിച്ചു.

രാജ്യത്താകമാനം ഒരു ശരാശരി വ്യക്തി ഓരോ വർഷവും 184 കിലോഗ്രാമിൽ കൂടുതൽ ഭക്ഷണം പാഴാക്കുന്നതായി പഠനങ്ങൾ കണ്ടെത്തി, ഇത് രാജ്യവ്യാപകമായി ഏകദേശം 4 ദശലക്ഷം ടൺ വരും. ഇത് ആകെ ഭക്ഷണത്തിന്റെ 18.9 ശതമാനം നഷ്ടത്തെ പ്രതിനിധീകരിക്കുന്നു.

അതായത് ഒരു വർഷം 40 ബില്യൻ സൗദി റിയാൽ ചെലവ് കണക്കാക്കുന്നു. ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ചുള്ള പൊതുജന അവബോധം കുറയുന്നതാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്നെന്ന് വിദഗ്ധർ പറയുന്നു.

സൗദി അറേബ്യയിൽ ഓരോ വർഷവും 4,44,000 ടൺ കോഴിയിറച്ചിയും, 22,000 ടൺ ആട്ടിൻകുട്ടിയും, 13,000 ടൺ ഒട്ടകമാംസവും, 69,000 ടൺ മത്സ്യവും, 41,000 ടൺ മറ്റ് ഇനം മാംസങ്ങളും പാഴാകുന്നുവെന്ന് മന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു.

ഭക്ഷ്യമാംസാവശിഷ്ടങ്ങൾ കുറയ്ക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കണമെന്നും, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ യുക്തിസഹമായ ഉപഭോഗ രീതികൾ സ്വീകരിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഭക്ഷണം വാങ്ങുന്നതിന് മുമ്പ് കൃത്യമായ ആസൂത്രണം ചെയ്യണം, ഭക്ഷണം നൽകേണ്ട ആളുകളുടെ എണ്ണം കണക്കിലെടുക്കണം, ഒരു നേരത്തെ ഭക്ഷണത്തിൽ അമിതമായ അളവിൽ ഭക്ഷണം വിളമ്പി പാഴാക്കാതെയിരിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളുടെ പ്രാധാന്യം അവർ എടുത്തുപറഞ്ഞു.അധികം വരുന്നതും മിച്ചം വരുന്നതുമായ ഭക്ഷണം തുടർന്നുള്ള ഭക്ഷണങ്ങളിൽ വിളമ്പി ഉപയോഗിക്കാനും അല്ലെങ്കിൽ കഴിക്കാത്ത ഭക്ഷണം ദാനം ചെയ്യാനും വകുപ്പ് ശുപാർശ ചെയ്തു.

ഭക്ഷണം പാഴാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും കൂടുതൽ നിലനിൽക്കുന്ന ഉപഭോക്തൃ രീതികൾ കൈക്കൊള്ളാനും സ്വീകരിക്കാനും പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപംകൊടുത്തിട്ടുള്ള നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മെച്ചപ്പെട്ട സംഭരണവും ശീതീകരണവും ഉൾപ്പെടെ, മാംസം കുറയ്ക്കുന്നതിനും സംരക്ഷിക്കുന്നതിനും മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമുള്ള വഴികളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനുള്ള പഠന ക്യാംപെയ്നുകളും ഇതിൽ ഉൾപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments