Friday, November 22, 2024
Homeലോകവാർത്തസ്ഥാപക കരാർ വെറും കെട്ടുകഥ- മസ്‌കിന്റെ പരാതിയില്‍ മറുപടിയുമായി ഓപ്പണ്‍ എഐ.

സ്ഥാപക കരാർ വെറും കെട്ടുകഥ- മസ്‌കിന്റെ പരാതിയില്‍ മറുപടിയുമായി ഓപ്പണ്‍ എഐ.

ഓപ്പണ്‍ എഐ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മസ്‌കുമായി യാതൊരു വിധ കരാറുമില്ലെന്ന് ഓപ്പണ്‍ എഐ കോടതിയില്‍. കരാര്‍ ലംഘനം ആരോപിച്ച് ഓപ്പണ്‍ എഐ സഹസ്ഥാപകനായ ഇലോണ്‍ മസ്‌ക് നല്‍കിയ കേസിലാണ് ഓപ്പണ്‍ എഐയുടെ വിശദീകരണം. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയിലുള്ള അതിന്റെ പദവി ലംഘിച്ചുവെന്നും എഐ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കില്ലെന്നും വാഗ്ദാനം ചെയ്യുന്ന സ്ഥാപക കരാര്‍ കമ്പനി ലംഘിച്ചുവെന്നാണ് മസ്‌കിന്റെ ആരോപണം.

എന്നാല്‍ മസ്‌ക് വസ്തുതയെ വളച്ചൊടിക്കുകയാണെന്നും ആരോപണങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഓപ്പണ്‍ എഐ പറയുന്നു. ഒരിക്കല്‍ താന്‍ പിന്തുണയ്ക്കുകയും, പിന്നീട് ഒറ്റപ്പെടുത്തുകയും ചെയ്ത സ്ഥാപനം തന്റെ സാന്നിധ്യമില്ലാതെ വിജയം കൈവരിക്കുന്നത് കാണേണ്ടി വന്ന മസ്‌ക്, സ്ഥാപനത്തിന്റെ നേട്ടങ്ങളില്‍ അവകാശവാദമുന്നയിക്കാന്‍ മെനഞ്ഞ കെട്ടുകഥയാണ് ഈ ‘സ്ഥാപക കരാര്‍’ എന്നും ഓപ്പണ്‍ എഐ ആരോപിക്കുന്നു.

കമ്പനി ലാഭത്തിന് വേണ്ടിയുള്ള സ്ഥാപനമായി മാറുന്നതിന് മസ്‌ക് പിന്തുണ നല്‍കിയതിന് തെളിവുകളുണ്ടെന്നും ഓപ്പണ്‍ എഐ ചൂണ്ടിക്കാട്ടി. മസ്‌കുമായി നടത്തിയ ഇമെയില്‍ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ നേരത്തെ ഓപ്പണ്‍ എഐ പുറത്തുവിട്ടിരുന്നു.

സാമ്പത്തിക ഞെരുക്കം നേരിട്ട സമയത്ത് വാഗ്ദാനം ചെയ്ത ഫണ്ട് പൂര്‍ണമായി നല്‍കാതെ ഓപ്പണ്‍ എഐയെ ടെസ്‌ലക്ക് വേണ്ടി ഏറ്റെടുക്കാനുള്ള ശ്രമം മസ്‌ക് നടത്തിയിരുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട ബ്ലോഗ്‌പോസ്റ്റില്‍ കമ്പനി ആരോപിച്ചിരുന്നു. 2018ല്‍ അയച്ച ഒരു ഇമെയില്‍ സന്ദേശത്തില്‍ വാഹന നിര്‍മാണ കമ്പനിയായ ടെസ്ല ഓപ്പണ്‍ എ.ഐയെ ഏറ്റെടുക്കാമെന്ന വാഗ്ദാനവും മസ്‌ക് മുന്നോട്ടുവെച്ചു. അതാണ് ഓപ്പണ്‍ എ.ഐയുടെ മുന്നിലുള്ള ഏകമാര്‍ഗമെന്നും മസ്‌ക് പറഞ്ഞു. എന്നാല്‍ കമ്പനി അതിന് തയ്യാറായില്ല. ആ വര്‍ഷം തന്നെയാണ് മസ്‌ക് ഓപ്പണ്‍ എ.ഐ. വിട്ടത്.

വിഭവങ്ങളിലും നടത്തിപ്പിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാതെ ഓപ്പണ്‍ എ.ഐയ്ക്ക് നിലനില്‍പ്പില്ലെന്ന് അതേവര്‍ഷം തന്നെ മസ്‌ക് ഓള്‍ട്ട്മാനും മറ്റുദ്യോഗസ്ഥര്‍ക്കും അയച്ച ഇമെയിലില്‍ പറഞ്ഞു. വര്‍ഷം തോറും നൂറ് കോടിക്കണക്കിന് ഡോളര്‍ ആവശ്യം വരും. അല്ലെങ്കില്‍ വിട്ടേക്കൂ എന്നും മസ്‌ക് പറഞ്ഞു.

വരുമാനം കണ്ടെത്തണമെന്ന മസ്‌കിന്റെ അഭിപ്രായത്തെ അനുകൂലിച്ച കമ്പനി, 2019-ല്‍ ഓപ്പണ്‍ എ.ഐ. എല്‍.പി. രൂപീകരിച്ചു. ഒരു വലിയ കമ്പനിയുടെ ഘടനയില്‍ ലാഭം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു സ്ഥാപനം. ആ കമ്പനിയാണ് ഓപ്പണ്‍ എ.ഐയെ ഇന്നു കാണുന്ന നിലയിലെത്തിച്ചത്. ആ പദ്ധതിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തിയാണ് സാം ഓള്‍ട്ട്മാന്‍. കമ്പനിയിലെ പ്രധാന നിക്ഷേപകരായ മൈക്രോസോഫ്റ്റ് ഇതുവരെ 1300 കോടി ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്.

ഓപ്പണ്‍ എഐ നേടിയ സാങ്കേതിക മുന്നേറ്റത്തിന്റെ നേട്ടം അവകാശപ്പെടാനാണ് മസ്‌ക് ശ്രമിക്കുന്നതെന്നും ഓപ്പണ്‍ എഐ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. മനുഷ്യരാശിക്ക് വേണ്ടിയാണ് തന്റെ പരാതിയെന്ന് മസ്‌ക് പറയുന്നുണ്ടെങ്കിലും പരാതിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമാണെന്നും, വാണിജ്യ താല്പര്യം മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും ഓപ്പണ്‍ എഐ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments