28 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയിൽ നടന്ന മിസ് വേൾഡ് മത്സരത്തിൽ ചെക്ക് സുന്ദരി ക്രിസ്റ്റീന പിസ്കോവക്ക് കിരീടം. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലായിരുന്നു മത്സരങ്ങൾ.
ലെബനന്റെ യസ്മിന ഫസ്റ്റ് റണ്ണറപ്പായി. കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് കിരീട ജോതാവ് കരലീന ബിയലാകെ വിജയിക്ക് കിരീടം ചാർത്തി. ലോകസുന്ദരിപ്പട്ടം ലക്ഷ്യമിട്ട ഇന്ത്യയുടെ സിനി ഷെട്ടി ടോപ്പ് 8ൽ ഇടം നേടിയെങ്കിലും അവസാന നാലിൽ എത്താൻ സാധിച്ചില്ല.
115 രാജ്യങ്ങളിൽ നിന്നുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്. 12 അംഗ ജഡ്‌ജിങ് പാനലാണ് വിധിയെഴുതിയത്. കൃതി സനോൻ, പൂജ ഹെഗ്ഡ, സാജിത് നദിയാദ്‌വാല, ഹർഭജൻ സിങ്, രജത് ശർമ, അമൃത ഫഡ്‌നാവിസ്, വിനീത് ജെയിൻ, ജൂലിയ മോർലി സിബിഇ, ജാമിൽ സയ്ദി എന്നിവരോടൊപ്പം മൂന്ന് മുൻ മിസ് വേൾഡ് വിജയികളും വിധികർത്താക്കളായിരുന്നു.
ഇരുപത്തിനാലുകാരിയായ ക്രിസീന രാജ്യാന്തര മോഡലും വിദ്യാർഥിനിയുമാണ്. നിയമത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലുമാണ് ബിരുദമെടുക്കുന്നത്. ക്രിസ്റ്റീന പിസ്കോ എന്ന ഫൗണ്ടേഷന്റെ സ്ഥാപകയാണ്. ഇതിലൂടെ നിരവധി പേർക്ക് പഠിക്കാനുള്ള സൗകര്യം ചെയ്യുന്നുണ്ട്. ടാൻസാനിയയിലെ നിരധനരായ വിദ്യാർഥികൾക്കായി അവർ ഒരു സ്കൂൾ ആരംഭിച്ചു. കൂടാതെ ഫ്ലൂട്ടും വയലിനും വായിക്കുന്നതും ക്രിസ്റ്റീന ഏറെ ഇഷ്ടപ്പെടുന്നു.