ഗാസ സിറ്റി ഇസ്രയേലിന്റെ കന്നാക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയ്‌ക്കുണ്ടായത് രണ്ടര ലക്ഷം കോടി രൂപയുടെ നഷ്‌ടം. ഒക്‌ടോബർ ഏഴുമുതൽ തുടങ്ങിയ ആക്രമണത്തിൽ വീടുകളും ആശുപത്രികളും കെട്ടിടങ്ങളും റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ സംവിധാനങ്ങളും ഇല്ലാതായി. ആകെ 30 ബില്യൺ ഡോളറിന്റെ (ഏകദേശം 2.48 ലക്ഷം കോടി രൂപ ) നാശനഷ്‌ടമുണ്ടായെന്ന് ഗാസ ഗവൺമെന്റ് മീഡിയാ സെന്റർ അറിയിച്ചു. അഞ്ചു മാസംകൊണ്ട് ഗാസയിലെ 80 ശതമാനം വീടുകളും വാസയോഗ്യമല്ലാതായെന്നും അവർ അറിയിച്ചു.
പട്ടിണിയും രോഗങ്ങളും വലയ്ക്കുന്ന ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,960 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82 പലസ്‌തീൻകാർകൂടി കൊല്ലപ്പെട്ടു. മൂന്നു കുട്ടികൾകൂടി വിശന്ന് മരിച്ചു. ഇതോടെ ഗാസയിൽ പോഷകാഹാരക്കുറവും നിർജലീകരണവുംമൂലം 23 പേർ മരിച്ചു. അതേസമയം, ഗാസയിലെ ഇസ്രയേൽ കമാൻഡ് സെന്റർ ഹമാസ് ആക്രമിച്ചു. ഖാൻ യൂനിസിലെ ഒരു വീട്ടിലുണ്ടായിരുന്ന ആറുപേരടക്കം ഏഴ് ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തിയെന്നും ഹമാസ് അറിയിച്ചു. വടക്കൻ ഗാസയിൽ അവശേഷിക്കുന്ന കുടിവെള്ള സ്രോതസ്സുകളും ഇസ്രയേൽ സൈന്യം നശിപ്പിക്കുന്നു. ജബലിയയിൽ മൂന്നു കിണറുകൾ നശിപ്പിച്ചതായി മേയർ മേസൻ അൽ നജ്ജാർ പറഞ്ഞു.
ഗാസയിൽ സഹായമെത്തിക്കാൻ മധ്യധരണ്യാഴി തീരത്ത് താൽക്കാലിക തുറമുഖം നിർമിക്കാൻ 1000 സൈനികരെ വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചു. സഹായം എത്തിക്കുന്നതിനോ താൽക്കാലിക തുറമുഖം പണിയുന്നതിനോ ഉൾപ്പെടെ ഒരു അമേരിക്കൻ സൈനികനും ഗാസയിൽ പ്രവേശിക്കില്ലെന്ന് അമേരിക്കൻ പ്രതിരോധ വക്താവ് പാറ്റ് റൈഡർ പറഞ്ഞു. തുറമുഖമുണ്ടാക്കുന്നതിനെ ഹമാസ് സ്വാഗതം ചെയ്‌തു. എന്നാൽ, സഹായമെത്തിക്കാൻ എല്ലാ കര ഇടനാഴികളും തുറക്കാൻ ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
അതിനിടെ ഗാസയിൽ റംസാനുമുമ്പ് വെടിനിർത്തൽ കരാർ ഉണ്ടാകുക ദുഷ്‌കരമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുഎൻ അഭയാർഥി ഏജൻസിക്ക് നൽകുന്ന ധനസഹായം പുനരാരംഭിക്കുമെന്ന് സ്വീഡനും ക്യാനഡയും അറിയിച്ചു. ഉടൻ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രയേലിലും ബ്രിട്ടനിലും ആയിരങ്ങൾ മാർച്ച് നടത്തി.