ഉത്തരാഖണ്ഡിലെ ഏറ്റവും ശാന്തമായ ഒരു ഹിൽസ്റ്റേഷനാണിത്. ഇടതൂർന്ന ഓക്ക്, പൈൻ വനങ്ങളാൽ ചുറ്റപ്പെട്ട ഇത് സമുദ്രനിരപ്പിൽ നിന്ന് 1780 മീറ്റർ ഉയരത്തിലാണ്.
ഇതു പോലെയുള്ള സ്ഥലങ്ങളിൽ എനിക്കേറ്റവും ഇഷ്ടം സൂര്യദേവന്റെ ഉദയാസ്തമനങ്ങളാണ്. താമസിക്കുന്ന സ്ഥലത്തുള്ളവർ കണ്ണ് തുറന്ന് വരുന്നതിനു മുൻപേ സൂര്യോദയം കാണാനായി , സൂര്യനെ കാത്ത് ഞങ്ങൾ റെഡി. ഉള്ള കമ്പിളി ഷാളിൽ ചുരുണ്ടു കൂടി വഴിവക്കിലെ പൂക്കളെയും മരങ്ങളെയും കണ്ടു കൊണ്ടുള്ള നടത്തവും ഏറെ പ്രിയം.
പല സ്കൂൾ കുട്ടികളും ഓരോ കുന്നിനിടയിലെ നടപ്പാതയിലൂടെ ഓടി ഇറങ്ങി പോകുന്നത് കാണുമ്പോൾ , എന്തോ അത് പരീക്ഷിക്കാനുള്ള ധൈര്യം പോരാ!
ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നതിന് ശേഷം ഈ സ്ഥലം ജനപ്രിയമാണ്. ബ്രിട്ടീഷ് ഗർവാളിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രവർത്തനങ്ങളുടെ പ്രധാന സ്ഥലങ്ങളിലൊന്നായിരുന്നു ഇത്.
ഗർവാൾ റൈഫിൾസിന്റെ റിക്രൂട്ട്സ് ടെയിനിംഗ് സെന്ററിന് ഭക്ഷണം നൽകുന്നതിനായി ബ്രിട്ടീഷുകാർ ലാൻസ്ഡൗൺ വികസിപ്പിച്ചെടുത്തതാണ്. ഇന്ന്, ഇന്ത്യൻ ആർമിയുടെ പ്രശ്സതമായ ഗർവാൾ റൈഫിൾസിന് റെജിമെന്റൽ കേന്ദ്രം ഇവിടെയുണ്ട്.
ലാൻസ്ഡൗൺ പ്രചാരത്തിലായതിനു ശേഷം അവിടെ വ്യാപാരം നടത്താൻ വ്യത്യസ്ത സംസ്കാരത്തിലും സംസ്ഥാനങ്ങളിലുള്ളവർ അവിടെ എത്തി ചേർന്നു. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിച്ച ഇവിടുത്തെ കെട്ടിടങ്ങളും പള്ളിയും സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിലെയാണ്.
St.John’s Church, ഒരു മത – വാസ്തുവിദ്യാ ആകർഷണമാണ്.1863 – ൽ പണികഴിപ്പിച്ച ഈ പള്ളി ഇംഗ്ലണ്ടിലെ റോമൻ കത്തോലിക്കാ പള്ളി പോലെയാണ്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിനു ശേഷം ഈ പള്ളിയിൽ പ്രാർത്ഥന നടത്താൻ ഒരു പുരോഹിതനും ഉണ്ടായിരുന്നില്ല. പിന്നീട് പള്ളിയുടെ ഭരണം 1951-ൽ ഇന്ത്യൻ സർക്കാരിന് കൈമാറി. 1977 -യിൽ പിന്നെയും പള്ളിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ദൗത്യം ആരംഭിച്ചു. 1980 -യിൽ ഇന്ത്യൻ പ്രധാനമന്ത്രി അനുമതി നൽകുകയും പള്ളിയുടെ ഉത്തരവാദിത്തം അതിന്റെ നിയമാനുസൃത ഉടമകൾക്ക് നൽകി. 83-യിൽ പുന:പ്രതിഷ്ഠ നടത്തി ആശീർവദിച്ച്, അന്നു മുതൽ ഇവിടെ നിത്യേന പ്രാർത്ഥനകൾ നടക്കുന്നു.എൺപതുകളുടെ തുടക്കത്തിൽ പുന:സ്ഥാപിക്കുന്നതു വരെ ഇത് മറ്റ് ആവശ്യങ്ങൾക്കായി പ്രവർത്തിച്ചു. ഒരു പള്ളി എന്നതിനെക്കാൾ അതിന്റെ പുറകിലെ ചരിത്രമാണ് കൂടുതൽ ആകർഷിച്ചത്. ഒരു ചെറിയ കുന്നിന് മുകളിലുള്ള പള്ളിയുടെ വശങ്ങളിലെ ബോർഡിൽ ചരിത്രം കുറിച്ചിട്ടുണ്ട്.
Darwan Sing Museum or Garhwali Museum, – കാണാനായി Cantt ഏരിയയിൽ എത്തിയപ്പോൾ തന്നെ എവിടെയും അടുക്കും ചിട്ടയും നിർദ്ദേശങ്ങളുള്ള ബോർഡും ഒക്കെയായി എവിടെ നിന്നോ അച്ചടക്കത്തിന്റെ കാറ്റു വീശിയത് പോലെ. GPS പറയുന്ന വഴിയിൽ കൂടി പോയാൽ , അതൊരു ‘ വൺവേ’ ആണോയെന്ന് സംശയം. ആ വഴിയിൽ ആരുമില്ല എന്നാലും അവരുടെ ‘ ഡിസ്പ്ലിൻ’ തെറ്റിക്കാനൊരു മടി. ഒരാളോട് ചോദിച്ച് ഉറപ്പു വരുത്തിയിട്ടാണ് മുന്നോട്ട് പോയത്. ഇതൊക്കെ കാണുമ്പോൾ എല്ലാവർക്കും ‘ നിർബന്ധിത സൈനിക പരിശീലനം’ കൊടുക്കണമെന്ന് തോന്നിപോകുന്നു.
ബ്രിട്ടീഷ് ഇന്ത്യ മുതൽ സ്വതന്ത്ര ഇന്ത്യ വരെ, രാജ്യവുമായി ബന്ധപ്പെട്ട എല്ലാത്തരം ആയുധങ്ങൾ, സ്ഥലങ്ങൾ, ആളുകൾ, നേതാക്കൾ, യുദ്ധങ്ങൾ —— ചരിത്രം നന്നായി സൂക്ഷിച്ചിരിക്കുന്നു. വീരമൃതു വരിച്ച ഉദോഗ്യസ്ഥർക്കിടയിൽ ഈയടുത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് പടവും കണ്ടു. അവർക്കെല്ലാം ഒരു സല്യൂട്ട്.
ഗർവാൾ റൈഫിൾസിൽ നിന്നുള്ള ആദ്യത്തെ ‘ വിക്ടോറിയ ക്രോസ് ‘ ഹോൾഡറായ’ ദർവാൻ സിങ് നേഗി’ യുടെ പേരിലാണ് ഈ മ്യൂസിയം. വിജ്ഞാനപ്രദമായ ഒരു മ്യൂസിയം.
മ്യൂസിയത്തിനകത്ത് ക്യാമറ അനുവദിക്കുന്നതല്ല. മ്യൂസിയത്തിന് പുറത്ത് നിന്നുള്ള ഫോട്ടോ ആണിത് .
Lansdowne ലെ കൂടുതൽ വിശേഷങ്ങളുമായി അടുത്താഴ്ച …
Thanks