വായ്നോട്ടവും ഒരു കലയാണെന്നാണ് എൻ്റെ അഭിപ്രായം. പലരും കൺമുന്നിൽ കാണുന്ന പല സാധനങ്ങളും കാണാറില്ല പിന്നെയല്ലേ ആകാശത്തുള്ള കാര്യങ്ങൾ! യാത്രകളിൽ മറ്റൊന്നും ചെയ്യാനില്ല എന്നാൽ പിന്നെ വായ്നോട്ടത്തെയും കൂട്ടു പിടിച്ച് ഇരിക്കുമ്പോഴാണ് രണ്ടു – മൂന്നു കുരിശുകൾ മുകളിലായി കാണുന്നത്. ശ്ശെടാ, ഒരു പള്ളിയിൽ ഇത്രയും കുരിശുകളോ? പള്ളിയുടെ പ്രധാന ഗേറ്റിൻ്റെ അവിടെയാണെങ്കിൽ വാഹനങ്ങളുടെ നല്ല തിരക്ക്. എന്നാൽ അടുത്തുള്ള കുഞ്ഞു വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അവിടെ വണ്ടിക്ക് റെസ്റ്റ് കൊടുത്ത് ഇറങ്ങിയപ്പോൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള, പാലയ്ക്കടുത്തുള്ള രാമപുരത്തെ ഇരട്ട പള്ളികളാണിത്. സമുച്ചയത്തിൽ വിശുദ്ധ അഗസ്റ്റിന് സമർപ്പിച്ചിരിക്കുന്ന ഒരു പള്ളിയും പരിശുദ്ധ കന്യകയ്ക്ക് സമർപ്പിച്ചിരിക്കുന്ന പള്ളിയും അടങ്ങിയിരിക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പള്ളികളുടെ ശ്രേണിയില്‍ ഇടം പിടിക്കാനൊരുങ്ങുകയാണത്രേ കോട്ടയം രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫെറോന പള്ളി!
ഞാനാദ്യമായിട്ടാണ് ഈ പള്ളിയെ കുറിച്ച് കേൾക്കുന്നത്. അതു കൊണ്ടു തന്നെ കൗതുകത്തോടെയാണ് പള്ളിക്കകത്തേക്ക് കയറിയത്. പള്ളിയുടെ പ്രധാന വാതിൽ കണ്ടപ്പോൾ തന്നെ കണ്ണും തള്ളി വായും പൊളിച്ചു പോയി. അടുത്ത കാലത്ത് സ്വന്തം വീടിൻ്റെ നവീകരണ പ്രവർത്തനത്തിനായി തടിയൊക്കെ വാങ്ങിച്ചതു കൊണ്ട് വിലയെ കുറിച്ച് ഐഡിയ ഉണ്ട്. ഒറ്റ തേക്കിൽ ഒരു പാട് കൊത്തുപണികളോടെയാണ് പള്ളിയുടെ പ്രധാന വാതിൽ നിർമ്മിച്ചിരിക്കുന്നത്. പള്ളിയിലാണെങ്കിൽ ഒരേ സമയം 3,500 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ്.
ഇതിൻ്റെ മുൻഭാഗം പോർച്ചുഗീസ്-ഗോതിക് ശൈലിയിലും പിൻഭാഗം ബൈസൻ്റൈൻ വാസ്തുവിദ്യയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. 200 അടി നീളവും 120 അടി വീതിയും 235 അടി ഉയരവുമുണ്ടെന്നാണ് പറഞ്ഞത്. ബൈബിളിൽ പറഞ്ഞിട്ടുള്ള യേശുവിൻ്റേതായ പല സന്ദർഭങ്ങളെ കുറിച്ച്
ചെറിയ പ്രതിമകളായും ചിത്രങ്ങളായും പ്രദർശനം നടത്തിയിട്ടുണ്ട്. ആ പള്ളിയുടെ അകത്ത് മദ്ധ്യത്തായിട്ടുള്ള ആ വലിയ ഫാൻ , കൗതുകം കൂട്ടി. എന്നാൽ അതിപ്പോൾ സാധാരണ കാഴ്ചയാണെന്നാണ് പിന്നീട് പലരും പറഞ്ഞത്. ഏകദേശം 25 കോടിയാണ് പള്ളി പണിയാൻ ചിലവായത് അത്രേ!
പള്ളിയുടെ മുൻപിൽ നിന്ന് ഒരു ഫോട്ടോ എടുക്കാം എന്ന് വിചാരിച്ചു നോക്കിയപ്പോൾ ആരേയും കാണാനില്ല. അവിടേക്ക് വന്ന മധ്യവയസ്കരായ ദമ്പതികളുടെ അടുത്ത് ഫോട്ടോ എടുക്കുമോ എന്ന ചോദ്യത്തിന് ഞാൻ നിയമം തെറ്റിക്കാറില്ല. പള്ളിക്കകത്ത് ഫോട്ടോ എടുക്കരുതെന്നാണ് അവിടെ എഴുതി വെച്ചിരിക്കുന്നത്. അതൊക്കെ പറഞ്ഞു മനസ്സിലാക്കി ഫോട്ടോക്കായി ഫോൺ കൊടുത്തപ്പോൾ മനസ്സിലായി ആദ്യമായിട്ടാണ് ഫോട്ടോ എടുക്കുന്നതെന്ന്. അതിനാണ് നിയമത്തെ കൂട്ടുപിടിച്ച് തടിതപ്പാൻ നോക്കിയത്. ഈ മനുഷ്യരുടെ ഓരോ കാര്യങ്ങളെ
കുഞ്ഞച്ചൻ എന്നറിയപ്പെടുന്ന വിശുദ്ധ അഗസ്റ്റിൻ്റെ കബറിടവും അവിടെയുണ്ടായിരുന്നു. ദളിതരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അന്നെല്ലാം ദളിത് കുടുംബങ്ങളിലെ കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.അദ്ദേ
ജീവിച്ചിരുന്നപ്പോൾതന്നെ കുഞ്ഞച്ചൻ വിശുദ്ധനായി കരുതപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ജീവിത ലാളിത്യവും പ്രാർത്ഥനാ ചൈതന്യവും ദിവ്യകാരുണ്യ ഭക്തിയും വിനയപൂർവമുള്ള പെരുമാറ്റവും ഏവരിലും ആദരവും ബഹുമാനവും ഉളവാക്കിയിരുന്നു. മരണ ശേഷവും അവർ അദ്ദേഹത്തിൻ്റെ മാധ്യസ്ഥത്തിനായി പ്രാർത്ഥിക്കാനായി ശവകുടീരത്തിലേക്ക് വരാൻ തുടങ്ങി. ഉപകാരസ്മരണയായി അദ്ദേഹത്തിൻ്റെ ഫോട്ടോദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. കഷ്ടിച്ച് അഞ്ചടി ഉയരമുള്ള ഫാ. അഗസ്റ്റിനെ, ചെറിയ അച്ഛൻ എന്ന രീതിയിലായിരിക്കാം കുഞ്ഞച്ചൻ എന്ന പേര് വന്നത്.
അദ്ദേഹത്തെ കുറിച്ച് കൂടുതലറിഞ്ഞപ്പോൾ മനസ്സിൽ തോന്നിയത് ആ പരസ്യവാചകമാണ്. ‘ വിശ്വാസം അതല്ലേ എല്ലാം!
പുതുക്കി പണിത പള്ളിയുടെ കവാടത്തിനരികെ , കൈകൂപ്പി പിടിച്ചു നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഒരു ഛായാ ചിത്രം വെച്ചിട്ടുണ്ട്. പള്ളിയിലെ കാഴ്ചകളും അദ്ദേഹത്തെ പറ്റി കൂടുതലറിഞ്ഞപ്പോൾ,
‘കർത്താവേ, ഇവർ ചെയ്യുന്നത് എന്ത് എന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ…’ എന്നായിരിക്കും ആ പടത്തിന് നമ്മളോട് പറയാനുണ്ടാവുക അല്ലേ?
കാഴ്ചകളും ഭക്തിയും കൂടി കലങ്ങി മറിഞ്ഞ മനസ്സുമായി അവിടെ നിന്നിറങ്ങുമ്പോൾ, കേരളത്തിലെ വാസ്തുവിദ്യയുടെ നൈപുണ്യം കാണണമെങ്കിൽ ഒന്നെങ്കിൽ ഗൾഫുകാരുടെ വീടുകളിൽ അല്ലെങ്കിൽ പള്ളികളിലാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നിങ്ങൾക്കോ?
Thanks
റിറ്റ ഡൽഹി
ഈ ഭാഗത്തോടെ എൻ്റെ മൈസൂർ – കൂർഗ് – കേരളാ യാത്രാ വിശേഷങ്ങൾ തീരുകയാണ്. ഈ യാത്രയിൽ എൻ്റെ കൂടെ കൂടിയ എല്ലാ വായനക്കാർക്കും ഒരു പാട് നന്ദി
അടുത്താഴ്ച മുതൽ ഹിമാചൽ പ്രദേശിലെ വിശേഷങ്ങളുമായി കാണാം