ആരേയും മയക്കുന്ന സുന്ദരി , കൂട്ടത്തിൽ നമ്മുടേതായ നൊസ്റ്റാൾജിയ പാട്ടും കൂടെ ആകുമ്പോൾ പറയുകയും വേണ്ട അത്രക്ക് മനോഹരമാണ്,
കേരള-തമിഴ്നാട് അതിർത്തിയിലെ പട്ടണമായ കുമളിയിൽ നിന്ന് 4 കിലോമീറ്റർ അകലെയായിട്ടുള്ള തേക്കടിലേക്കുള്ള യാത്ര! കേരളത്തിലുള്ള വിനോദ സഞ്ചാരികൾക്ക് തേക്കടിയെ കുറിച്ച് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ല.
ക്രിസ്തുമസ്സ് അവധിക്കാലമായതിനാൽ അവിടെയൊരു താമസ സ്ഥലം സംഘടിപ്പിക്കുക എന്നത് വളരെ പ്രയാസം. താമസ സ്ഥലത്ത് എത്തിയപ്പോഴോ, ഹോട്ടൽ ജീവനക്കാർ, അവിടെ വന്ന അതിഥികൾ … … ആരോടാണെങ്കിലും നീയൊരു മലയാളി ആണോ എന്ന് ചോദിച്ചിട്ട് വേണം മലയാളത്തിൽ സംസാരം തുടങ്ങാൻ അല്ലെങ്കിൽ പറഞ്ഞ മലയാളം എല്ലാം വെറുതെ വേസ്റ്റ് ആകും . പഠിച്ച മലയാളം വല്ല ബസ്സിന്റെ ബോർഡോ അതുപോലത്തെ വല്ല ബോർഡുകൾ വായിക്കാൻ മാത്രമാണ് ഉപകാരപ്പെട്ടത്.
തേക്കടി എന്നു പറയുമ്പോൾ പെരിയാർ തടാകത്തിലെ ബോട്ടിംഗിനാണ് പ്രാധാന്യം. വെള്ളം കുടിക്കാനും കുളിക്കാനും വരുന്ന ആനകളേയും അതുപോലെ മറ്റ് മൃഗങ്ങളായ സാമ്പാർ മാൻ, കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച, കാട്ടുപോത്ത് … പലതരം മൃഗങ്ങളേയും കാണാമെന്നാണ് വിശ്വാസം. പല പ്രാവശ്യം ഇത്തരം ബോട്ടുയാത്ര നടത്തിയിട്ടുണ്ടെങ്കിലും ആരേയും കണ്ടിട്ടില്ല എന്നതാണ് വാസ്തവം.
എന്നാലും ബോട്ടുയാത്രയ്ക്കായി ഞങ്ങൾ രാവിലെ തന്നെ അവിടെ എത്തി. 7.30ക്കാണ് ആദ്യത്തെ ബോട്ടുയാത്ര. അതിനായി ആദ്യം ബസ്സിൽ കയറി രണ്ടു – മൂന്നു കിലോ മീറ്റർ വനത്തിലൂടെ സഞ്ചരിച്ചിട്ടു വേണം ബോട്ടിൻ്റെ ടിക്കറ്റ് വാങ്ങിക്കേണ്ടത്. അല്ലെങ്കിൽ ഓൺലൈൻ വഴി വാങ്ങിക്കാം. ഞങ്ങൾ അതെല്ലാം നോക്കി വന്നപ്പോഴേക്കും മുഴുവൻ വിറ്റു തീർന്നുവെന്നാണ് കണ്ടത്. എന്നാലും നേരത്തെ ചെന്നാൽ കൗണ്ടറിൽ നിന്നും വാങ്ങിക്കാൻ കിട്ടും.
ബസ്സിൻ്റെ ടിക്കറ്റ് വാങ്ങിച്ച് ബസ്സിനായി ക്യൂ നിൽക്കുന്നതോടെ നമ്മൾ അറിയാതെ പത്ത് – പതിനഞ്ച് വർഷം പുറകിലോട്ട് പോകുമെന്ന് ഗ്യാരൻറി. ആ ക്യൂവിൽ ആരേയും ഇടയക്ക് കയറാതെ ശ്രദ്ധിക്കുക എന്ന പതിവ് പരിപാടിയിൽ തുടങ്ങി ബസ്സ് വരുന്നതോടെ ക്യൂവിൽ നിന്ന ഒരാൾ മറ്റാരേയും ബസ്സിൽ കയറ്റാതെ കൈവെച്ച് തടഞ്ഞ് അവരുടെ കൂടെ വന്ന എല്ലാവരേയും ബസ്സിൽ കയറ്റും. ഒന്നു – രണ്ടു പേരുടെ ഇത്തരം കലാപരിപാടികൾ കഴിയുന്നതോടെ ബസ്സ് നമ്മളോട് റ്റാറ്റ പറഞ്ഞു പോകും. പിന്നീട് ബസ്സ് കാണുന്നതോടെ നമ്മളും ‘ അടിയും തടയും’ പുറത്തെടുത്ത് മുന്നോട്ട്. ഇവിടെയും മലയാളം പറയുന്ന മലയാളി ഞാൻ മാത്രം. ബാക്കിയുള്ളവരെല്ലാം കേരളത്തിന്റെ പുറത്തു നിന്നുള്ളവരാണ്. വേണമെങ്കിൽ വലിയ english accent ഒക്കെയുള്ള നമ്മുടെ നാടൻ ഗൈഡ് ചേട്ടന്മാരാണുള്ളത്. അവരെക്കൊണ്ട് മലയാളം പറയിപ്പിക്കുക എന്ന കാര്യം സാധിപ്പിക്കുക പ്രയാസമാണ് എന്നാലും എല്ലാ വേലത്തരങ്ങളും കൈയ്യിലുണ്ടുതാനും.
ബസ്സിറങ്ങി ബോട്ടിന്റെ ടിക്കറ്റെടുക്കാനുള്ള ഓട്ടത്തിൽ അവിടുത്തെ ഉദ്യോഗസ്ഥൻ ചോദിച്ചത്, നിങ്ങൾക്ക് 7.30 യുടെ ബോട്ട് ടിക്കറ്റാണോ വേണ്ടത്? അടിയും തടയും ട്ടെൻഷനും കാരണം ഏത് സമയത്തെ ബോട്ട് ടിക്കറ്റാണ് വേണ്ടതെന്ന് ഞാൻ മറന്നു പോയിരിക്കുന്നു. പഠിക്കുന്ന കാലത്ത് എന്തൊക്കെയോ പഠിച്ച് തല ഫുൾ ആക്കി ചോദ്യ പേപ്പർ കാണുമ്പോൾ ആകെ ‘ ബ്ലാങ്ക്’ ആയി പോകുന്ന അവസ്ഥ പോലെയായി. എന്താ യാലും കൂടെയുള്ളവർ 7.30 യുടെ ബോട്ട് എന്നു പറഞ്ഞതോടെ ഒരു സമാധാനം. ബോട്ടിൽ ഇരിക്കാൻ സീറ്റ് നമ്പർ ഉള്ളതു കൊണ്ട് ഉന്തും തള്ളും ഇല്ലാതെ ബോട്ടിൽ കയറാൻ പറ്റി.
കഴിഞ്ഞ ഏതാനും നിമിഷങ്ങളായി ബസ്സിൽ കയറാനും അവിടെ നിന്ന് ഇറങ്ങാനും മറ്റുമായി വാക്കിംഗ് സ്റ്റിക് പിടിച്ച് നടക്കുന്ന ഒരമ്മ ഞങ്ങളുടെ ഏതാനും പേരുടെ സംരക്ഷണയിലാണ്. അമ്മക്ക് ആ പേടിയൊന്നുമില്ല എന്നാലും ആരുടെ അമ്മ എന്നൊരു ട്ടെൻഷൻ ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു. അപ്പോഴാണ് ബോട്ടിൽ നിന്ന് മകൻ അമ്മയെ അന്വേഷിച്ച് വരുന്നത്. ഞങ്ങളെയെല്ലാം ഉന്തി പുറകിലാക്കി ബസ്സിൽ കയറിയ ആന്ധ്രക്കാരായ മകനും കൂട്ടരും ബോട്ടിൽ കയറിയപ്പോഴാണ് അമ്മയെ ഓർത്തത് എന്നു തോന്നുന്നു. അത് ഞങ്ങൾക്കെല്ലാം നല്ലൊരു തമാശയായി അവിടെയും അമ്മക്ക് പരിഭവമില്ല.
1895-ൽ കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാർ അല്ലെങ്കിൽ മുല്ലപ്പെരിയാർ അണക്കെട്ട് കെട്ടിയപ്പോൾ കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ തടാകം. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്.
തലേദിവസത്തെ മഴകാരണമായിരിക്കും ആനകളൊന്നും വെള്ളം കുടിക്കാനോ കുളിക്കാനോ തടാകത്തിൽ എത്തിയില്ല. കാട്ടിൽ ആയിരത്തിലധികം ആനകളുണ്ടത്രേ!
പതിവു പോലെ കാട്ടുപോത്ത്, ആമ, ഉടുമ്പ് , വേഴാമ്പൽ …. നെയൊക്കെ കണ്ടു. ഉടുമ്പിനെയാണ് കണ്ടതെങ്കിലും ഗൈഡ് പറഞ്ഞു വന്നപ്പോൾ ‘ ചിപ് ക്കലി’ എന്നാണ് അതായത് പല്ലിയുടെ ഹിന്ദിയാണ് ചിപ്പ്ക്കലി അതും നല്ലൊരു തമാശയായി.
10 ചതുരശ്ര മൈൽ അല്ലെങ്കിൽ 26 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന തടാകത്തിലൂടെയുള്ള ബോട്ട് സഫാരി അതിരാവിലെ മൂടൽമഞ്ഞ് മൂടിയ തടാകവും ധാരാളം പക്ഷികളേയും കണ്ടു.അതിമനോഹരമായ ഒന്നും കണ്ടില്ലെങ്കിലും ബോട്ട് യാത്ര വളരെ ഓർഗനൈസ് ചെയ്തതു കൊണ്ട് രണ്ടു മണിക്കൂർ നീണ്ട ആ യാത്ര വലിയ ട്ടെൻഷനുകൾ ഇല്ലാതെ ആസ്വദിക്കാൻ സാധിച്ചു എന്ന സമാധാനം.
Thanks
റിറ്റ ഡൽഹി
ഡൽഹി