Sunday, December 22, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 2)

റെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 2)

റെക്സ് റോയി✍

അധ്യായം 2

വ്യവസായ പ്രമുഖൻ

” തോമസേ , തോമസേ ”
സ്പ്ലാഷ്
നല്ല തണുത്ത വെള്ളം എൻറെ മുഖത്ത് വീണു. ഞാൻ ഞെട്ടി എഴുന്നേറ്റു മുഖം തുടച്ചു . കട്ടിലിൽ ഇരുന്നുകൊണ്ടുതന്നെ കണ്ണു തുറന്നു ചുറ്റും നോക്കി. മുമ്പിൽ ഒരു നിഴലാട്ടം പോലെ കുറെ പേർ നിൽക്കുന്നു.
” സാറേ, അവൻ എണീറ്റു ” ആരോ ഉറക്കെ പറയുന്നു. ഞാൻ ശബ്ദം കേട്ടയിടത്തേക്ക് നോക്കി. കറുത്ത സ്യൂട്ട് ധരിച്ച കുറെ പേർ എൻറെ കട്ടിലിനു ചുറ്റും നിൽക്കുന്നു.
ആരാണവർ ? ചെകുത്താന്മാരാണോ ?
മുറിയിലെ ശക്തമായ വെളിച്ചം പെട്ടെന്ന് കണ്ണിൽ അടിച്ചതിനാൽ കണ്ണു വേദനിക്കുവാൻ തുടങ്ങി. ഞാൻ ഒന്നു കണ്ണടച്ച് വീണ്ടും തുറന്നു . എൻറെ കണ്ണ് പതിയെ ആ വെളിച്ചവുമായി താദാത്മ്യപ്പെട്ടു തുടങ്ങി. ഞാൻ ചുറ്റും നോക്കി. കറുത്ത സ്യൂട്ടിട്ട പത്തു പന്ത്രണ്ടു പേർ എൻറെ കട്ടിലിനു ചുറ്റും നിൽക്കുന്നു. ചിലരുടെ കയ്യിൽ മെഷീൻ ഗണ്ണുകൾ ഉണ്ട് . എല്ലാവരുടെയും മുഖത്ത് ക്രൂരഭാവം സ്പുരിക്കുന്നു. എൻറെ ശരീരം തളരുന്നത് പോലെ തോന്നി. എന്നെ വിറയ്ക്കുവാൻ തുടങ്ങി. ഞാൻ കൈകൂപ്പി കൊണ്ട് എന്നെ കൊല്ലരുതേ എന്ന് അപേക്ഷിക്കാൻ ശ്രമിച്ചു. ശബ്ദം പുറത്തു വരുന്നില്ല.

വല്ലാത്ത പരവേശം…….
തളർച്ച …….

” ഗുഡ്മോണിങ് മിസ്റ്റർ തോമസ് ” ഘനഗംഭീരമായ ശബ്ദം . ഞാൻ ഞെട്ട് വിറച്ച് ആ ശബ്ദത്തിന്റെ ഉടമയുടെ നേർക്ക് നോക്കി. ഒരു ആജാനുബാഹു. കൂടെയുള്ളവരെ പോലെ കറുത്ത സ്യൂട്ട് ആണ് വേഷം. ക്ലീൻഷേവ്. കഠിന മനുഷ്യൻ എന്ന് മുഖഭാവം സൂചിപ്പിക്കുന്നു. എന്നെ നോക്കി പുഞ്ചിരിക്കുകയാണ്. പക്ഷേ, എൻറെ ഉള്ളിലൂടെ ഒരു വെള്ളിടി കടന്നുപോയ പോലുള്ള അനുഭവം.

ആ മുഖം ! ആ മുഖം ഞാൻ മുമ്പ് കണ്ടിട്ടുണ്ടല്ലോ. ആരാണിയാൾ ? ഇയാളെ ഞാൻ എവിടെവച്ചാണ് കണ്ടിരിക്കുന്നത് ?

വയറ്റിൽ ഒരു കൊളുത്തിപ്പിടുത്തം പോലെ. ഞാൻ വയർ പൊത്തിപ്പിടിച്ച് അയാളെ ദയനീയമായി ഒന്നു നോക്കി. അയാൾക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു. അയാൾ കൂടെ നിന്ന രണ്ടുപേരെ കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചു. അവർ മുമ്പോട്ടുവന്ന് എൻറെ രണ്ടു തോളിലും പിടിച്ച് എന്നെ കട്ടിലിൽ നിന്ന് ഉയർത്താൻ ശ്രമിച്ചു.

” എണീക്കെടാ, ബാത്റൂം വെളിയിലാണ് ” അവരിൽ ഒരാൾ പറഞ്ഞു.

എന്നെ രണ്ടു തോളിലും പിടിച്ച് കട്ടിലിൽ നിന്ന് പൊക്കിയെടുത്ത് നിലത്തു നിർത്തി. രണ്ടു വശത്തു നിന്നും എന്നെ പിടിച്ചു തള്ളിക്കൊണ്ട് മുറിയുടെ വെളിയിലേക്ക് നടത്തി. ഒരു ഇടുങ്ങിയ ഇടനാഴിയിലേക്കാണ് മുറിയിൽ നിന്ന് ഇറങ്ങിയത്. ആ ഇടനാഴിയുടെ അറ്റത്തുള്ള ടോയ്‌ലറ്റിലേക്ക് അവർ എന്നെ ഇഴച്ചു കൊണ്ടുപോയി. ടോയ്ലറ്റിലേക്ക് തള്ളിക്കയറ്റിയ ശേഷം വാതിൽ പുറത്തുനിന്നടച്ചു. പ്രാഥമികകൃത്യങ്ങൾ നടത്തിയതിനു ശേഷം മുഖം നന്നായി കഴുകി, കണ്ണാടിയിൽ ഒന്നു നോക്കി. ഭയന്ന് വിളറിയ എൻറെ മുഖം എൻറെ ഭയത്തിൻറെ അളവ് വീണ്ടും കൂട്ടി.

“അതാരാണ് ?” ഞാൻ എന്നോട് തന്നെ ചോദിച്ചു. എൻറെ ഹൃദയത്തിൻറെ അതിശക്തമായ മിടിപ്പു മാത്രമാണ് മറുപടിയായി കിട്ടിയത്.

ടപ്പ് , ടപ്പ് , ടപ്പ്

ഞാൻ ഞെട്ടി ടോയ്‌ലറ്റിന്റെ വാതിലിലേക്ക് നോക്കി. അതിപ്പോൾ പൊളിഞ്ഞു വീഴുമെന്ന് എനിക്ക് തോന്നി. ഞാൻ ധൃതിയിൽ വാതിൽ തുറന്നു . എന്നെ ഇങ്ങോട്ടു കൊണ്ടുവന്ന രണ്ടു തടിയന്മാർ അക്ഷമരായി നിൽക്കുന്നു. അവരുടെ പുറകിൽ തോക്കുധാരികളായ രണ്ടുപേർ. മുമ്പിൽ നിന്ന രണ്ടുപേർ ചാടിവീണു എന്റെ തോളത്ത് പിടിച്ച് വീണ്ടും വലിച്ചിഴച്ച് മുറിയിലേക്ക് . അവിടെ മറ്റുള്ളവർ കാത്തുനിൽക്കുന്നു.

” ആഹാ! മിസ്റ്റർ തോമസ്, എന്തൊക്കെയുണ്ട് ? ” ആ ആജാനുബാഹു പുഞ്ചിരിയോടെ ചോദിച്ചു. അയാളാണ് ഈ ഗുണ്ടാപ്പടയുടെ നേതാവ് എന്ന് തോന്നുന്നു. എൻറെ ശരീരം വിറയ്ക്കുന്നത് എനിക്ക് നന്നായി അനുഭവപ്പെടുന്നുണ്ട്.

” ആരാ ? ആരാ നിങ്ങളൊക്കെ ? എന്താ നിങ്ങൾക്ക് വേണ്ടത് ? …..” വശത്തുനിന്ന് ഒരു അനക്കം. ബാക്കി ചോദ്യങ്ങൾ എൻറെ തൊണ്ടയിൽ കുടുങ്ങി നിന്നു . ആ ആജാനുബാഹു അനക്കം വന്ന ഭാഗത്തേക്ക് ഒന്ന് കൈ ഉയർത്തി. ഞാൻ ആ വശത്തേക്ക് എൻറെ കണ്ണൊന്നു പായിച്ചു. മെഷീൻ ഗണ്ണും കൈയിൽ പിടിച്ചു ക്രൂര മുഖഭാവം ഉള്ള ഒരാൾ . എൻറെ ശരീരമാസകലം ഒരു തരുതരിപ്പ്.
ആജാനുബാഹുവായ മനുഷ്യൻ തന്റെ സ്യൂട്ടിന്റെ പോക്കറ്റിൽ നിന്ന് എന്തോ എടുക്കുന്നു. തോക്ക് ആയിരിക്കുമോ ? അല്ല , അത് ഒരു ചുരുട്ടിന്റെ പായ്ക്കറ്റാണ്. അയാൾ അതിൽ നിന്ന് ഒരു ചുരുട്ട് എടുത്ത് തന്റെ ചുണ്ടിൽ വച്ചു. അടുത്തുനിന്ന ഒരു തടിയൻ ഒരു ലൈറ്റർ കൊണ്ട് അത് കത്തിച്ചു കൊടുക്കുന്നു.

പെട്ടെന്ന് എന്റെ തലയിൽ ഒരു വെളിച്ചം മിന്നി. എനിക്കറിയാം ഇയാളെ. ആ ചുരുട്ടാണ് അയാളുടെ ഐഡന്റിറ്റി .

ആർ കെ ഗൗതം !!

അതെ , അത് ആർ കെ ഗൗതമാണ്. വ്യവസായ പ്രമുഖൻ. കേരളത്തിലെ ഒട്ടുമുക്കാൽ ഡിസ്റ്റലറികളുടെയും ഉടമ. എത്ര സ്റ്റാർ ഹോട്ടലുകളും റിസോർട്ടുകളും ആണ് തന്റെ ഉടമസ്ഥതയിലുള്ളതെന്ന് ഇദ്ദേഹത്തിന് പോലും കണക്കുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിലെ പകുതിയിലധികം ബാറുകളും ഇദ്ദേഹത്തിന്റെ ബിനാമികളുടേതാണ് എന്നാണ് കേട്ടിരിക്കുന്നത്. ഇദ്ദേഹത്തിൻറെ മുഖം പല മാഗസിനുകളിലും ടിവി പ്രോഗ്രാമുകളിലും ഞാൻ കണ്ടിട്ടുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ സെലിബ്രിറ്റി പ്രോഗ്രാമുകളുടെയും സ്പോൺസർ ഇദ്ദേഹമോ ഇദ്ദേഹത്തിൻറെ കമ്പനികളോ ആയിരിക്കും. നേരിട്ട് കാണുന്നത് ആദ്യമായിട്ടാണ്. അതും ഇങ്ങനെയൊരു സാഹചര്യത്തിൽ !!
എന്നിൽ നിന്നും എന്താണ് ഇദ്ദേഹത്തിന് വേണ്ടത് ? ഞാൻ എഴുതിയ നോവലുകളിൽ എവിടെയെങ്കിലും ഇദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വല്ലതും വന്നു പോയിട്ടുണ്ടോ ? എൻറെ ഓർമ്മയിൽ ചികഞ്ഞു നോക്കി. ഒന്നും ഓർമ്മ വരുന്നില്ല. മനസ്സാകെ ശൂന്യമായി കിടക്കുന്നു. അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ ഞാനിനി പുറം ലോകം കാണില്ല! ദൈവമേ !

ഭയത്തോടെ ഞാൻ ആ മുഖത്തേക്കു നോക്കി.

അദ്ദേഹം ചുരുട്ടിന്റെ പുക മുകളിലേക്കു ഊതി വിട്ട ശേഷം എൻറെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു ” തോമസ്, ധൈര്യമായിട്ട് ഇരിക്കു, എന്തിനാ പേടിക്കുന്നത് ? താങ്കൾ ഇപ്പോൾ എൻറെ കൂടെയല്ലേ നിൽക്കുന്നത് ?”
ഞാൻ വല്ലാത്തൊരു അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി. എൻറെ നോട്ടം കണ്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു. അദ്ദേഹം വലതു കൈകൊണ്ട് എന്റെ തോളത്തു പിടിച്ചു. ബലിഷ്ഠമായ കൈകൾ . എൻറെ വിറയൽ കൂടിക്കൂടി വന്നു.
” ഹ, ഹ, ഹ, സീ മിസ്റ്റർ തോമസ്, എനിക്ക് താങ്കളെക്കൊണ്ട് ഒരു വലിയ കാര്യം സാധിക്കാനുണ്ട്. അത് ഞാൻ വിശദമായി പിന്നീട് പറയാം. എന്നോട് പൂർണമായി സഹകരിക്കണം. തൽക്കാലം താങ്കൾ വിശ്രമിക്കൂ. റിലാക്സ് തോമസ് , റിലാക്സ് . താങ്കളെ ഇവർ എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ല ഒരു മുറിയിലേക്കു മാറ്റും. പക്ഷേ, പറ്റിച്ചു കടന്നു കളയാൻ ശ്രമിക്കരുത്. ഇവന്മാരെല്ലാം വെറും പൊട്ടന്മാരാണ്. ” തോക്കുധാരികളായവരുടെ നേരെ കൈ ചൂണ്ടിയാണ് അവസാന വരി പറഞ്ഞത്. എന്നിലൂടെ ഒരു മിന്നൽപ്പിണർ കടന്നുപോയി.

അപ്പോൾ എന്നെ തട്ടിക്കൊണ്ടു വന്നിരിക്കുകയാണ്. പക്ഷേ എന്തിന് ? ശതകോടീശ്വരനായ ഇദ്ദേഹത്തിന് വെറും ഏഴാം കൂലിയായ എന്നെക്കൊണ്ട് എന്തു നേടാനാണ് ? വല്ല കിഡ്നിയും കരളും ഒക്കെ ഇദ്ദേഹത്തിനോ ഇദ്ദേഹത്തിൻറെ ബന്ധുക്കൾക്കോ ……..? ദൈവമേ !

അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് പുറത്തു തട്ടിക്കൊണ്ടു പറഞ്ഞു ” ധൈര്യമായിരിക്കൂ തോമസ്. ഗോ ആൻഡ് എൻജോയ് യുവർസെൽഫ്.” എന്നിട്ട് കൂടെ നിൽക്കുന്ന തടിയന്മാരെ നോക്കി എന്തോ ഒരാംഗ്യം കാണിച്ചു. അവരിൽ രണ്ടുപേർ മുന്നോട്ടുവന്ന് എൻറെ രണ്ടു വശത്തും നിന്ന് എന്നെ മുന്നോട്ടു നയിക്കാൻ തുടങ്ങി. ഞാൻ തിരിഞ്ഞ് ആർ കെ ഗൗതമിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ഒരു നിഗൂഢമായ പുഞ്ചിരി ആ മുഖത്ത് വിരിഞ്ഞുവോ ? അതോ എനിക്ക് തോന്നിയതാണോ ?
പെട്ടെന്ന് എന്റെ മുഖത്ത് എന്തോ വന്നു വീണു. പുറകിൽ നിന്ന് ഒരാൾ കറുത്ത തുണികൊണ്ട് എൻറെ കാഴ്ച മറച്ചതാണ് എന്ന് എനിക്ക് മനസ്സിലായി.
അവർ എന്നെ മുമ്പോട്ടു തള്ളിക്കൊണ്ടു പോയി. അല്പം മുന്നോട്ട് നടന്ന ശേഷം ഇപ്പോൾ ഒരു ലിഫ്റ്റിൽ നിൽക്കുകയാണ് എന്ന് തോന്നുന്നു. എൻറെ കാര്യം തീർന്നു. അവർ എന്നെ കൊന്ന് എൻറെ ആന്തരാവയവങ്ങൾ എടുക്കാൻ പോകുകയാണ്. തീർച്ച.
എൻറെ സ്വപ്നങ്ങൾ !
ഞാൻ നേടാൻ ആഗ്രഹിച്ച അവാർഡുകൾ !
എൻറെ നോവലുകൾ സിനിമയാകുമ്പോൾ അത് തിയേറ്ററിൽ പോയി കാണുന്നത് !
എല്ലാം തീർന്നു……
മരണം ….. ജീവൻറെ അവസാനം …… എന്നെ വലിച്ചടുപ്പിച്ചു കൊണ്ടിരിക്കുന്നു……
എൻറെ ബാക്കിയുള്ള ശരീരം ഇവർ എന്തു ചെയ്യുമായിരിക്കാം ?
ലിഫ്റ്റ് നിന്നെന്നുതോന്നുന്നു.
” നടക്ക്” അശരീരി…
മുമ്പോട്ട് നടന്നു.
തൊട്ടു പുറകിൽ ഒരു വാതിൽ അടയുന്ന ശബ്ദം . പെട്ടെന്ന് എന്റെ മുഖത്ത് അണിയിച്ചിരുന്ന തുണി നീക്കപ്പെട്ടു. ഞാൻ ചുറ്റും നോക്കി. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ ബെഡ്റൂം പോലെ ഒരുക്കി വെച്ചിരിക്കുന്ന ഒരു മുറി. കിംഗ് സൈസ് കട്ടില്, മേശ , കസേര , സോഫ , ടിവി , റഫ്രിജറേറ്റർ , എ സി. അങ്ങേ അറ്റത്ത് കാണുന്ന കതക് ബാത്റൂമിലേക്കുള്ളതായിരിക്കും.
“സൗണ്ട് പ്രൂഫ് , മുറിയും ഇതും ” തന്റെ കയ്യിൽ ഉള്ള മെഷീൻ ഗൺ അടുത്തുനിന്ന തടിയൻ ഉയർത്തിക്കാട്ടി. അപ്പോഴാണ് ഞാൻ അവരെ ശ്രദ്ധിക്കുന്നത്. കറുത്ത സ്യൂട്ട് ധരിച്ച നാല് തടിയന്മാർ . രണ്ടുപേരുടെ കൈയിൽ തോക്കുകൾ . അവർ പെട്ടെന്ന് തിരിഞ്ഞു നടന്നു. എനിക്ക് എന്തെങ്കിലും ചോദിക്കാനോ പറയാനോ സാധിക്കുന്നതിനു മുമ്പ് അവർ വാതിൽ അടച്ച് സ്ഥലം വിട്ടു.
വാതിലിനടുത്തേക്ക് ചെന്ന് അത് തുറക്കാൻ നോക്കി. പ്രതീക്ഷിച്ചതുപോലെതന്നെ അത് പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു. ഞാൻ ജനലിനടുത്തേക്കു കുതിച്ചു. കർട്ടൻ നീക്കി. ചില്ലുജാലകം . പക്ഷേ അപ്പുറത്ത് ഇഷ്ടിക കൊണ്ട് കെട്ടിയടച്ചിരിക്കുന്നു. ഫൈവ് സ്റ്റാർ ജയിൽ ! പക്ഷേ എന്തിന് ? ആർ കെ ഗൗതം എന്ന ശതകോടീശ്വരന് എന്നിൽ നിന്നെന്താണ് വേണ്ടത്?
ഞാൻ അവിടെ കിടന്ന സോഫയിൽ ചെന്നിരുന്നു. അദ്ദേഹത്തോട് സഹകരിക്കണം പോലും ! എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് ? ചിന്തിക്കും തോറും ദുരൂഹതകൾ ഏറി വരുന്നു.
പെട്ടെന്ന് വാതിലിന്റെ ഭാഗത്തുനിന്നും ഒരു ശബ്ദം . ആരോ വാതിൽ തുറക്കാൻ ശ്രമിക്കുന്നു. ഞാൻ ഞെട്ടി എഴുന്നേറ്റു .
പെട്ടെന്ന് വാതിൽ തുറന്നു . നേരത്തെ കണ്ടതുപോലെയുള്ള രണ്ട് തടിയന്മാർ അകത്തേക്ക് വന്നു. ഒരാളുടെ കയ്യിലെ ട്രേയിൽ ഒരു കുപ്പി വെള്ളവും മൂടിവച്ച ചില പാത്രങ്ങളും ഇരിക്കുന്നു. അയാൾ ആ ട്രേയുമായി മുന്നോട്ട് വരികയാണ്. തോക്കുധാരിയായ രണ്ടാമത്തവൻ വാതിൽക്കൽ തന്നെ നിൽക്കുന്നു. ട്രേയുമായി വന്നവൻ അത് മേശപ്പുറത്ത് വച്ച ശേഷം തിരിച്ചു വാതിൽക്കലേക്ക് തന്നെ നടന്നു. വികാര രഹിതമായ രണ്ടു മുഖങ്ങൾ . അവരോട് ഒന്നും ചോദിക്കുവാൻ എനിക്ക് ധൈര്യം വന്നില്ല. അവർ വാതിൽ പുറത്തുനിന്ന് അടച്ച് സ്ഥലം വിട്ടു.

ഞാൻ അവർ കൊണ്ടുവന്നു വച്ച ട്രേയിലേക്ക് നോക്കി. നന്നായിട്ട് വിശക്കുന്നുണ്ട്. ഞാൻ മേശക്കരികിലേക്ക് ചെന്നു മൂടി വെച്ചിരിക്കുന്ന പാത്രങ്ങൾ തുറന്നു നോക്കി. അതിൽനിന്നുയർന്ന മട്ടൻ ബിരിയാണിയുടെ കൊതിപ്പിക്കുന്ന ഗന്ധം എൻറെ വിശപ്പ് കൂട്ടി. ഞാൻ ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. അത്രയും രുചിയുള്ള ബിരിയാണി ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടില്ല. മരണം പടിവാതിൽക്കൽ നിൽക്കുമ്പോഴും ഭക്ഷണം ആസ്വദിക്കാൻ കഴിയുന്നതെങ്ങനെ എന്നോർത്ത് ഞാൻ ആശ്ചര്യപ്പെട്ടു. ഒരുപക്ഷേ ഇത് എന്റെ അന്ത്യ അത്താഴം ആവാം. വയറു നിറഞ്ഞതോടെ അല്പം ഒന്ന് കിടക്കണമെന്നായി. ഞാൻ കട്ടിലിനരികിലേക്ക് നടന്നു.

” സാർ, സാർ എന്തൊക്കെയാണ് ഈ പറയുന്നത് ! ഇതിനുവേണ്ടിയിട്ടാണോ എന്നെ തട്ടിക്കൊണ്ടുവന്നു തടവിലിട്ടിരിക്കുന്നത് ! ” ഞാൻ അന്തംവിട്ടു നിന്നുകൊണ്ടു ചോദിച്ചു. അദ്ദേഹം മന്ദഹസിച്ചുകൊണ്ട് തൻറെ ചുരുട്ടിൽ നിന്ന് ഒരു പുകയെടുത്ത് സാവധാനം മുകളിലേക്ക് ഊതി.

വൈകുന്നേരം ഗുണ്ടകൾ കൊണ്ടുവന്നു തന്ന ബർഗറും ചായയും കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഗൗതം മുതലാളി പെട്ടെന്ന് എൻറെ മുറിയിലേക്ക് വന്നത്. അദ്ദേഹത്തിൻറെ കൂടെ അഞ്ചാറ് ഗുണ്ടകളും ഉണ്ടായിരുന്നു. ഞാൻ ചായ കുടിക്കുന്നത് നിർത്തി ചാടിയെഴുന്നേറ്റു . ഗൗതം മുതലാളി എന്നോട് ചായ കുടിച്ചു തീർത്തോളാൻ ആംഗ്യം കാട്ടി. ഞാൻ ഒറ്റ വലിക്ക് ചായ കുടിച്ചു തീർത്തു.

അദ്ദേഹത്തിൻറെ ആവശ്യം കേട്ട് അല്പനേരം സ്തബ്ധനായി നിന്നുപോയി. എന്നെ തട്ടിക്കൊണ്ടുവന്നു തടവിലിട്ടിരിക്കുന്നത് അദ്ദേഹത്തിൻറെ ജീവിതകഥ എഴുതിക്കാനാണ് പോലും !

” തോമസ്, ഞാൻ ഒരുപാട് പരിശ്രമിച്ചു. ഒരുപാട് എഴുത്തുകാരെ ഞാൻ സമീപിച്ചു. ലക്ഷങ്ങൾ കൊടുക്കാം എന്ന് പറഞ്ഞിട്ടും ഒരുത്തനും തയ്യാറാവുന്നില്ല ! സോ , എനിക്ക് ഇതല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു.” ഒരു കള്ളച്ചിരിയോടെ അദ്ദേഹം പറഞ്ഞു നിർത്തി.

” സാർ , അതിന്… ? എന്തുകൊണ്ടാണ് എന്നെ ഇതിന് …..?”
” ഹ, ഹ, ഹ” ചോദിച്ചു തീരുന്നതിനു മുമ്പ് തന്നെ അദ്ദേഹം പൊട്ടിച്ചിരിക്കാൻ തുടങ്ങി. ” ഹ, ഹ, ഹ, ഒന്ന് , നിങ്ങൾ ഒരു ഈസി ടാർഗറ്റ് ആയിരുന്നു. രണ്ട്, നിങ്ങൾ പൊതു സമൂഹത്തിൽനിന്ന് മിസ്സ് ആയാലും ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല. പിന്നെ, താങ്കൾ നന്നായി എഴുതുമെന്നും എന്റെ ആൾക്കാർ പറഞ്ഞു.”
ഞാൻ ശരിക്കും ഞെട്ടിത്തരിച്ചു നിന്നുപോയി. അദ്ദേഹം പറഞ്ഞതത്രയും സത്യമാണ്. ഞാൻ മിസ്സ് ആയാൽ ആരും പെട്ടെന്ന് ശ്രദ്ധിക്കില്ല. എനിക്ക് പറയത്തക്ക ബന്ധുക്കളില്ല. വളരെ കുറച്ച് കൂട്ടുകാരുണ്ട്. പക്ഷേ അവരും എന്നെ അന്വേഷിച്ചു വരികയില്ല. കാരണം എന്നെ കാണാതായാൽ ഞാൻ ഏതോ പുതിയ നോവലിന്റെ ജോലിയുമായി ബന്ധപ്പെട്ട് അജ്ഞാത വാസത്തിൽ ആയിരിക്കും എന്നേ അവർ വിചാരിക്കുകയുള്ളു. അതാണ് എൻറെ ശീലം. എഴുതാൻ ഒരു ഐഡിയ കിട്ടിക്കഴിഞ്ഞാൽ ആ നോവൽ എഴുതിത്തീരുന്നതുവരെ ആർക്കും ശല്യപ്പെടുത്താൻ പറ്റാത്ത സ്ഥലത്ത് അജ്ഞാതവാസത്തിൽ ആയിരിക്കും ഞാൻ. മൊബൈൽ ഫോണിൽ പോലും എന്നെ കിട്ടില്ല. അതെ, ഞാൻ ഒരു ഈസി ടാർഗറ്റ് തന്നെയാണ്.

പക്ഷേ ഇതെല്ലാം എങ്ങനെ ഇദ്ദേഹത്തിന് അറിയാം !
” എൻറെ രഹസ്യാന്വേഷണ വിഭാഗം മാസങ്ങളായി താങ്കളെ പിന്തുടരുന്നുണ്ടായിരുന്നു.” എൻറെ മനസ്സു വായിച്ചിട്ടെന്നവണ്ണം അദ്ദേഹം പറഞ്ഞു.
അദ്ദേഹം ചുരുട്ട് ഒന്ന് ആഞ്ഞുവലിച്ച് പുക പുറത്തേക്ക് മെല്ലെ ഊതി വിട്ടു. ” പിന്നെ താങ്കൾ സഹകരിച്ചില്ലെങ്കിൽ ഒഴിവാക്കി കളയാനും എളുപ്പമാണ്. ആരും അറിയില്ല. ഹഹഹ ”
എന്താണ് അദ്ദേഹം ആ പറഞ്ഞതിന്റെ അർത്ഥം? എൻറെ തലയിൽ ആരോ കൂടം കൊണ്ട് അടിച്ചത് പോലെ തോന്നി. സഹകരിച്ചില്ലെങ്കിൽ കൊന്നുകളയും. എൻറെ തിരോധാനം പുറത്തുവരാൻ മാസങ്ങൾ എടുക്കും. അപ്പോഴേക്കും യാതൊരു തെളിവും അവശേഷിക്കുകയുമില്ല.

ഞാൻ സന്തോഷിനെ എൻറെ കൂട്ടുകാർക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ടതായിരുന്നു. എങ്കിൽ രക്ഷപെടാൻ ഒരു അവസരം കിട്ടാൻ ഒരു നേരിയ സാധ്യത എങ്കിലും ഉണ്ടാകുമായിരുന്നു. കഷ്ടം !

തുടരും..

റെക്സ് റോയി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments