മാമല നാടേ മമ നാടേ
മലയാള നാടേ പ്രിയ നാടേ….
മന്ദസമീരന്റെ കുളിർമേനിയിൽ
മാലേയമണിയിക്കും മലനാടേ
മഞ്ജുള വാണിയിൽ മധുപകരും
മധുരാക്ഷരീ മന്ത്രജപമുതിർക്കൂ
മഞ്ഞമന്ദാര പൂഞ്ചില്ലമേൽ നവ –
മായിക ലാസ്യവിലാസമേകും
മലയാണ്മ തൻ പ്രിയനാടേ
മാനവമൈത്രിതൻ സ്വരമാകു നീ
മഞ്ഞുതിരും നിൻ മലർമേനിയിൽ
മല്ലീശരനിന്നമ്പുതൊടുത്തോ
മലയും പുഴയും നിന്നെ പുണരുമ്പോൾ
മന്ദസ്മിതം തൂകി നിന്നുവോ നീ
കുഞ്ചനും തുഞ്ചനും ചെറുശ്ശേരിയും
പാടിയതെന്നും നിന്നപദാനങ്ങൾ
ആശാനുമുള്ളൂരും വള്ളത്തോളും
നിന്നെ
ചാർത്തിച്ചതില്ലേ നവ്യ കാവ്യഹാരം
ഏതൊരപൂർവ ചാരുതയാൽ
ചമയിച്ചതാരുനിൻ ഹരിതഭംഗി
വിശ്വവിമോഹിനീ കൈരളി നിൻ
പാദാരവിന്ദങ്ങൾ നമിച്ചിടുന്നു.