Sunday, November 24, 2024
Homeകായികംപാകിസ്താന്‍ ടി20 ലോക കപ്പില്‍ നിന്ന് പുറത്ത്; ചരിത്രമെഴുതി യുഎസ് സൂപ്പര്‍ എട്ടിൽ.

പാകിസ്താന്‍ ടി20 ലോക കപ്പില്‍ നിന്ന് പുറത്ത്; ചരിത്രമെഴുതി യുഎസ് സൂപ്പര്‍ എട്ടിൽ.

ട്വന്റി20 ലോകകപ്പില്‍ ‘വന്‍പതനം’. കിരീട മോഹവുമായി എത്തിയ പാകിസ്താന്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്തായി. ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയ ആതിഥേയരുമായ യു.എസ്.എ ഗ്രൂപ്പ് എയില്‍നിന്ന് ഇന്ത്യയോടൊപ്പം സൂപ്പര്‍ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടി.

വെള്ളിയാഴ്ച ഫ്‌ളോറിഡയിലെ ലോഡര്‍ഹില്ലിലുള്ള സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജനല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കേണ്ട യു.എസ്.എ-അയര്‍ലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ചതാണ് പാകിസ്താന് തിരിച്ചടിയായത്. അയര്‍ലന്‍ഡിനെതിരെ യു.എസ്.എ തോറ്റാല്‍ മാത്രമേ പാകിസ്താനു മുന്നില്‍ സൂപ്പര്‍ എട്ട് സാധ്യതയുണ്ടായിരുന്നുള്ളു.

കളി തുടങ്ങാന്‍ നിശ്ചിത സമയം പിന്നിട്ട് മണിക്കൂറുകള്‍ക്ക് ശേഷം മഴ തോര്‍ന്നെങ്കിലും നനഞ്ഞ ഔട്ട് ഫീല്‍ഡ് കാരണം ടോസ് പോലും ഇടാനാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇരു ടീമുകളും പോയന്റ് പങ്കിട്ടതോടെ യു.എസ്.എക്ക് നാലു മത്സരങ്ങളില്‍ അഞ്ചു പോയന്റായി. രണ്ടു പോയന്റുള്ള പാകിസ്താന് അവസാന മത്സരം ജയിച്ചാലും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ എത്താനാകില്ല. ഞായറാഴ്ച അയര്‍ലന്‍ഡിനെതിരെയാണ് പാകിസ്താന്റെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സൂപ്പര്‍ എട്ടിലേക്ക് കടക്കുക.മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യയാണ് ആറു പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാമത്. അതേ സമയം ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ യു.എസിനോട് അട്ടിമറി തോല്‍വി ഏറ്റുവാങ്ങിയതാണ് ബാബര്‍ അസമിനും സംഘത്തിനും തിരിച്ചടിയായത്. സൂപ്പര്‍ ഓവറില്‍ അഞ്ചു റണ്‍സിനാണ് തോറ്റത്. രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറു റണ്‍സിനും പരാജയപ്പെട്ടു. എന്നാല്‍ കാനഡയോട് ഏഴു വിക്കറ്റിന് ജയിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് യു.എസ്.എ ഒരു ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു അസോസിയേറ്റ് രാജ്യം ഗ്രൂപ്പ് ഘട്ടം കടക്കുന്നത് ഏഴാം തവണയും. അയര്‍ലന്‍ഡ് (2009), നെതര്‍ലന്‍ഡ്‌സ് (2014), അഫ്ഗാനിസ്താന്‍ (2016), നമീബിയ (2021), സ്‌കോട്ട്‌ലന്‍ഡ് (2021), നെതര്‍ലന്‍ഡ്‌സ് (2022) എന്നിവരാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയവര്‍. ഏതായാലും വെയില്‍ തിളങ്ങാറുള്ള ഫ്‌ളോറിഡയില്‍ അപ്രതീക്ഷിതമായി വന്നെത്തിയ മഴ ചരിത്രമെഴുതിയെന്ന കൗതുകകരമായ വസ്തുതയും ടി20 ലോക കപ്പില്‍ സംഭവിച്ചിരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments