ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയൽ മാഡ്രിഡ് ജേതാക്കൾ. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ജർമൻ കരുത്തുമായെത്തിയ ബൊറൂസിയ ഡോട്ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് റയൽ കിരീടത്തിൽ മുത്തമിട്ടത്. രണ്ടാം പകുതിയിൽ അന്റോണിയോ കാർവഹാലും വിനീഷ്യസ് ജൂണിയറും നേടിയ ഗോളുകളാണ് റയലിന് സ്വപ്ന കിരീടം സമ്മാനിച്ചത്.
റയലിന്റെ 15-ാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. വെംബ്ലിയിൽ ആർത്തിരമ്പിയ കാണികൾക്ക് മുമ്പിൽ ആദ്യപകുതിയിൽ ഇരു ടീമുകളും കടന്നാക്രമിച്ചെങ്കിലും ഗോൾമാത്രം പിറന്നില്ല. രണ്ടാം പകുതിയില്‍ റയലിന്റെ മുന്നേറ്റമാണ് കാണാൻ കഴിഞ്ഞത്. നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഡോര്‍ട്ട്മുണ്‍ഡിന്റെ പ്രതിരോധത്തിൽ തട്ടിതകർന്നു.
ഡോര്‍ട്ട്മുണ്‍ഡിന്റെ കടുത്ത പ്രതിരോധത്തെ തകർത്ത് 74-ാം മിനിറ്റില്‍ റയലിന്റെ ആദ്യ ഗോളെത്തി. കോര്‍ണര്‍ കിക്കില്‍ നിന്ന് മികച്ച ഹെഡറില്‍ ഡാനി കാര്‍വഹാല്‍ ഡോര്‍ട്ട്മുണ്‍ഡിന്റെ വലകുലുക്കി. പിന്നാലെ റയലിന്റെ രണ്ടാം ഗോളുമെത്തി. നിശ്ചിത സമയം അവസാനിക്കാൻ എട്ട് മിനിറ്റ് ശേഷിക്കെ ഡോര്‍ട്ട്മുണ്‍ഡിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് വിനീഷ്യസ് ജൂണിയർ ലക്ഷ്യം കണ്ടതോടെ റയല്‍ ജയമുറപ്പിച്ചു.
87-ാം മിനിറ്റിൽ ഫുൾക്രഗ് ഡോട്ട്മുണ്ടിനായി ഹെഡറിലൂടെ വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുടുങ്ങി. തുടർന്ന് സകല കരുത്തും ഉപയോഗിച്ച് റയലിന്റെ പോസ്റ്റിലേക്ക് കടന്നാക്രമണം നടത്തിയെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.