Tuesday, November 26, 2024
Homeകായികംഅശ്വിൻ നാലോവറിൽ 19 റൺ വഴങ്ങി രണ്ട് വിക്കറ്റ് നേടി: ആവേശ് ഖാന് മൂന്ന് വിക്കറ്റ്...

അശ്വിൻ നാലോവറിൽ 19 റൺ വഴങ്ങി രണ്ട് വിക്കറ്റ് നേടി: ആവേശ് ഖാന് മൂന്ന് വിക്കറ്റ് കോഹ്ലി 24 പന്തിൽ 33.

അഹമ്മദാബാദ്‌ ; ഐപിഎൽ ക്രിക്കറ്റ്‌ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരു 173 റൺ ലക്ഷ്യംകുറിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗളൂരു എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിലാണ്‌ 172 റണ്ണെടുത്തത്‌.ടോസ്‌ നേടിയ രാജസ്ഥാൻ ക്യാപ്‌റ്റൻ സഞ്‌ജു സാംസൺ ഫീൽഡിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ബൗളർമാരുടെ മിടുക്കാണ്‌ ബംഗളൂരുവിനെ 172ൽ ഒതുക്കിയത്‌. പ്രത്യേകിച്ചും ഓഫ്‌ സ്‌പിന്നർ ആർ അശ്വിന്റെ പ്രകടനം. നാലോവർ എറിഞ്ഞ അശ്വിൻ 19 റൺ മാത്രം വഴങ്ങി രണ്ട്‌ വിക്കറ്റെടുത്തു. പേസർ ട്രെന്റ്‌ ബോൾട്ടും അച്ചടക്കത്തോടെ പന്തെറിഞ്ഞു. നാലോവറിൽ 16 റൺ മാത്രം വഴങ്ങി ഒരു വിക്കറ്റ്‌. ആദ്യ മൂന്നോവറിൽ വെറും ആറ്‌ റണ്ണാണ്‌ ബോൾട്ട്‌ വിട്ടുകൊടുത്തത്‌. മറ്റൊരു പേസർ ആവേശ്‌ ഖാൻ നാലോവറിൽ 44 റൺ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്തു.

ബംഗളൂരുവിന്‌ വിരാട്‌ കോഹ്‌ലിയും ക്യാപ്‌റ്റൻ ഫാഫ്‌ ഡു പ്ലെസിസും മികച്ച തുടക്കമാണ്‌ നൽകിയത്‌. ബോൾട്ടിനെ ബഹുമാനിച്ച ഇരുവരും മറ്റു പേസർമാരായ ആവേശിനെയും സന്ദീപ്‌ സിങ്ങിനെയും കടന്നാക്രമിച്ചു. ആവേശിന്റെ ആദ്യ ഓവറിൽ 17 റണ്ണാണ്‌ അടിച്ചെടുത്തത്‌. തുടർച്ചയായ മൂന്നാം ഓവർ എറിയാനെത്തിയ ബോൾട്ട്‌ ഈ സഖ്യത്തെ വേർപിരിച്ചു. 14 പന്തിൽ 17 റണ്ണെടുത്ത ഡു പ്ലെസിസിനെ മടക്കി. റോവ്‌മാൻ പവലിന്റെ കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചിലായിരുന്നു പുറത്താകൽ. നാല്‌ ക്യാച്ചുകളായിരുന്നു മത്സരത്തിൽ വെസ്‌റ്റിൻഡീസുകാരന്‌. മറുവശത്ത്‌ കോഹ്‌ലി മനോഹരമായ ഷോട്ടുകൾകൊണ്ട്‌ കളംനിറഞ്ഞു.”

മറ്റൊരു അർധസെഞ്ചുറി പ്രതീക്ഷിച്ച കോഹ്‌ലിയെ യുശ്‌വേന്ദ്ര ചഹാൽ എറിഞ്ഞ ആദ്യ ഓവറിൽ പറഞ്ഞയച്ചു. 24 പന്തിൽ 33 റണ്ണെടുത്ത മുൻ ക്യാപ്‌റ്റനെ ബൗണ്ടറി വരയ്‌ക്കരികെവച്ച്‌ ഡൊണോവൻ ഫെരേര പിടിച്ചു.  ഒരു സിക്‌സറും മൂന്ന്‌ ഫോറുമായിരുന്നു ഇന്നിങ്‌സിൽ. ബംഗളൂരുവിന്റെ തകർച്ചയും അവിടെനിന്ന്‌ തുടങ്ങി. കാമറൂൺ ഗ്രീനും (21 പന്തിൽ 27) രജത്‌ പടിദാറും (22 പന്തിൽ 34) സ്‌കോർ ഉയർത്താൻ നോക്കിയെങ്കിലും രാജസ്ഥാന്റെ ബൗളിങ്‌ മിടുക്ക്‌ തടഞ്ഞു. പടിദാർ അഞ്ച്‌ റണ്ണെടുത്തുനിൽക്കെ അശ്വിന്റെ പന്തിൽ ധ്രുവ്‌ ജുറേൽ വിട്ടുകളയുകയായിരുന്നു. അടുത്ത ഓവറിൽ ഗ്രീനിനെയും ഗ്ലെൻ മാക്‌സ്‌വെലിനെയും (0) തുടർച്ചയായ പന്തുകളിൽ പുറത്താക്കി അശ്വിൻ ആ നഷ്ടം നികത്തി.

പടിദാറിനെ ആവേശാണ്‌ കൂടാരത്തിലേക്ക്‌ മടക്കിയത്‌. അവസാന ഓവറുകളിൽ മഹിപാൽ ലോംററാണ്‌ (17 പന്തിൽ 32) സ്‌കോർ 150 കടത്തിയത്‌. പക്ഷേ, പിന്തുണ കിട്ടിയില്ല. രാജസ്ഥാൻ ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു. പത്തൊമ്പതാം ഓവർ എറിഞ്ഞ ആവേശ്‌ അഞ്ച്‌ റൺ മാത്രം വിട്ടുനൽകി രണ്ട്‌ വിക്കറ്റെടുത്തു. ദിനേശ്‌ കാർത്തികിന്‌ 13 പന്തിൽ 11 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ.

ഐപിഎല്ലിലെ മോശം റെക്കോഡുകളിലൊന്നിൽ ഗ്ലെൻ മാക്-സ്-വെല്ലിന്റെ പേരും. കൂടുതൽ തവണ പൂജ്യത്തിന് പുറത്തായതിന്റെ റെക്കോഡിൽ ബംഗളൂരു ടീമിലെ സഹതാരം ദിനേശ് കാർത്തികിനൊപ്പമെത്തി. ഇരുവരും 18 തവണയാണ് റണ്ണെടുക്കാതെ പുറത്തായത്. രാജസ്ഥാനെതിരെ നേരിട്ട ആദ്യ പന്തിലാണ് ഓസീസുകാരൻ പുറത്തായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments