സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ ക്ലാസികോ പോരാട്ടം. റയല്‍ മാഡ്രിഡ്, ബാഴ്‌സലോണയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് റയലിന്റെ തട്ടകത്തിലാണ് മത്സരം. കൊണ്ടും കൊടുത്തും കൊമ്പുകോര്‍ത്തും ചോരവീഴ്ത്തിയും മത്സരിക്കുന്ന സ്പാനിഷ് വമ്പന്മാരുടെ പെരുംപോരാട്ടത്തിന് ഫുട്‌ബോള്‍ ലോകം ചാര്‍ത്തിക്കൊടുത്ത പേരാണ് എല്‍ ക്ലാസികോ. ലാലീഗ ജേതാക്കളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായതിനാല്‍ ഇന്നത്തെ പോരാട്ടത്തിലും തീപാറും. 31 റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ റയല്‍ മാഡ്രിഡിന് 78ഉം ബാഴ്‌സലോണയ്ക്ക് 70ഉം പോയിന്റാണ് ലഭിച്ചിരിക്കുന്നത്.
ജയിച്ചാല്‍ റയലിന് കിരീടത്തിലേക്കുള്ള ദൂരം കുറയ്ക്കാം. ജയം ബാഴ്‌സയ്‌ക്കെങ്കില്‍ കിരീടപ്പോരാട്ടം ഒന്നുകൂടെ മുറുകും. ഒക്ടോബറില്‍ ലാലീഗയിലും ജനുവരിയില്‍ സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലിലും ബാഴ്‌സയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് റയല്‍. മത്സരം നടക്കുന്നത് സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലെന്നതും കരുത്താകും.
ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതോടെ ബാഴ്‌സയുടെ പ്രതീക്ഷകളെല്ലാം ഇനി ലാലീഗയിലാണ്. സീസണിനൊടുവില്‍ ക്ലബ് വിടുമെന്ന് പ്രഖ്യാപിച്ച ഇതിഹാസ താരവും പരിശീലകനുമായ സാവിക്ക് അര്‍ഹമായ യാത്രയയപ്പ് നല്‍കാന്‍ ജയിച്ചേ തീരൂ നിലവിലെ ചാമ്പ്യന്മാര്‍ക്ക്.