Wednesday, December 18, 2024
Homeകായികംബാഴ്‌സ കൗമാര താരം ലമിന്‍ യമാല്‍ പുറത്ത്; കണങ്കാലിന് പരിക്കേറ്റതിനാല്‍ ഒരു മാസം വിശ്രമം.

ബാഴ്‌സ കൗമാര താരം ലമിന്‍ യമാല്‍ പുറത്ത്; കണങ്കാലിന് പരിക്കേറ്റതിനാല്‍ ഒരു മാസം വിശ്രമം.

ഇക്കഴിഞ്ഞ ഞായറാഴ്ച ലെഗാനെസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെ ബാഴ്സലോണയുടെ യുവ വിംഗര്‍ ലമിന്‍ യമല്‍ പരിക്ക് മൂലം ചികിത്സ തേടിയതായി റിപ്പോര്‍ട്ട്. താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റിരിക്കുന്നത്. മൂന്നോ നാലോ ആഴ്ചത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നും വിവരമുണ്ട്. ടീം ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയില്‍ കണങ്കാലിലെ ലിഗമെന്റിന് ഗ്രേഡ്-1 പരിക്കാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ബാഴ്‌സ മാനേജ്‌മെന്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ യമല്‍ സുഖം പ്രാപിക്കാന്‍ നാലാഴ്ച വരെ സമയം എടുക്കും.

പരിക്കേറ്റ് പിന്‍മാറേണ്ടി വന്നതോടെ ഈ വരുന്ന ശനിയാഴ്ച അത്ലറ്റിക്കോ മാഡ്രിഡുമായി നടക്കാനിരിക്കുന്ന 2024-ലെ അവസാന മത്സരം താരത്തിന് നഷ്ടമാകും. ജനുവരി നാലിന് നടക്കുന്ന കോപ്പ ഡെല്‍ റേ കപ്പില്‍ ബാര്‍ബാസ്ട്രോയ്ക്കെതിരായ മത്സരമാണ് 2025-ല്‍ ആദ്യത്തേത്. തുടര്‍ന്ന് നാല് ടീമുകള്‍ പങ്കെടുക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പിനായുള്ള മത്സരങ്ങള്‍ക്കായി ജിദ്ദയിലേക്ക് പോകും. ഈ മത്സരങ്ങളിലെല്ലാം ലമീന്‍ യമാലിന് കളിക്കാനാകുമെന്ന് പ്രതീക്ഷയാണ് ബാഴ്‌സലോണ മാനേജ്‌മെന്റുള്ളത്.

ലെഗാനെസിനെതിരെയുള്ള മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ പരിക്കേറ്റ പതിനേഴുകാരനായ താരം വേദന അനുഭവപ്പെട്ടിട്ടും 75-ാം മിനിറ്റ് വരെ മൈതാനത്തുണ്ടായിരുന്നു. സ്പാനിഷ് താരം പാബ്‌ളോ മാര്‍ട്ടിന്‍ ഗാവിറ പകരക്കാരനായി വരുന്നതുവരെ യമാല്‍ കളത്തില്‍ തുടരുകയായിരുന്നു. നിലവില്‍ ലാലിഗയില്‍ ബാഴ്സലോണ മുന്നിലാണ്. കഴിഞ്ഞ ആറ് ലീഗ് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് അവര്‍ക്ക് നേടാനായിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments