Friday, December 27, 2024
Homeകായികംരാജസ്ഥാൻ റോയൽസ്‌ 20 റണ്ണിന്‌ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ചു.

രാജസ്ഥാൻ റോയൽസ്‌ 20 റണ്ണിന്‌ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തോൽപ്പിച്ചു.

ജയ്‌പുർ; സഞ്‌ജു സാംസൺ ബാറ്റിലും നായകത്തൊപ്പിയിലും തിളങ്ങിയ കളിയിൽ രാജസ്ഥാൻ റോയൽസിന്‌ ജയം. ഐപിഎൽ ക്രിക്കറ്റിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 20 റണ്ണിന്‌ കീഴടക്കി. 52 പന്തിൽ 82 റണ്ണുമായി തകർത്തടിച്ച സഞ്‌ജുവാണ്‌ കളിയിലെ താരം. 18 ഓവർ ക്രീസിൽനിന്ന്‌ ആറ്‌ സിക്‌സറും മൂന്ന്‌ ഫോറും പറത്തിയ മലയാളി വിക്കറ്റ്‌കീപ്പർ ബാറ്റർ പുറത്തായില്ല.

സ്‌കോർ: രാജസ്ഥാൻ 193/4, ലഖ്‌നൗ 173/6.

ടോസ്‌ നേടി ബാറ്റെടുത്ത രാജസ്ഥാൻ സഞ്‌ജുവിന്റെ മികവിലാണ്‌ മികച്ച സ്‌കോർ നേടിയത്‌. വിജയത്തിന്‌ അടുത്തെത്തിയശേഷമാണ്‌ ലഖ്‌നൗ കീഴടങ്ങിയത്‌. അവസാന ഓവറിൽ ജയിക്കാൻ 27 റൺ വേണ്ടിയിരുന്നു. നിക്കോളാസ്‌ പുരാനും ക്രുണാൽ പാണ്ഡ്യയുമായിരുന്നു ക്രീസിൽ. ആവേശ്‌ഖാൻ എറിഞ്ഞ ഓവറിൽ ലഖ്‌നൗവിന്‌ ആറ്‌ റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. പുരാൻ 41 പന്തിൽ 64 റണ്ണുമായി പുറത്തായില്ല. ക്രുണാൽ പാണ്ഡ്യ മൂന്ന്‌ റണ്ണുമായി കാഴ്‌ചക്കാരനായി. ക്യാപ്‌റ്റൻ കെ എൽ രാഹുലിന്റെ അർധസെഞ്ചുറിയാണ്‌ (44 പന്തിൽ 58) ലഖ്‌നൗവിന്‌ വിജയപ്രതീക്ഷ നൽകിയത്‌. രാഹുലും പുരാനും ചേർന്ന്‌ അഞ്ചാം വിക്കറ്റിൽ 85 റണ്ണെടുത്തു. സന്ദീപ്‌ ശർമ എറിഞ്ഞ പതിനേഴാം ഓവറിൽ രാഹുൽ പുറത്തായത്‌ നിർണായകമായി. രണ്ട്‌ സിക്‌സറും നാല്‌ ഫോറും നേടിയ രാഹുലിനെ ധ്രുവ്‌ ജുറേൽ പിടികൂടി. 11 റണ്ണെടുക്കുന്നതിനിടെ മൂന്ന്‌ വിക്കറ്റ്‌ നഷ്ടമായശേഷമാണ്‌ ലഖ്‌നൗ തിരിച്ചുവരവിന്‌ ശ്രമിച്ചത്‌.

ക്വിന്റൺ ഡി കോക്കിനെയും (4) ദേവ്‌ദത്ത്‌ പടിക്കലിനെയും (0) ട്രെന്റ്‌ ബോൾട്ട്‌ മടക്കി. ആയുഷ്‌ ബദനി ഒരു റണ്ണിന്‌ പുറത്തായി. ദീപക്‌ ഹൂഡ (26) രാഹുലിനൊപ്പം ചേർന്നതോടെ സ്‌കോർ ഉയർന്നു. ഹൂഡയെ യുശ്‌വേന്ദ്ര ചഹാൽ വീഴ്‌ത്തിയത്‌ വഴിത്തിരിവായി. വിൻഡീസ്‌ താരം പുരാൻ നാലുവീതം സിക്‌സറും ഫോറും അടിച്ചെങ്കിലും അവസാന ഓവറിൽ ലക്ഷ്യം നേടാനായില്ല.

ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ നിരയിൽ ഓപ്പണർ ജോസ്‌ ബട്‌ലറാണ്‌ (11) ആദ്യം വീണത്‌. യശസ്വി ജെയ്‌സ്വാൾ 12 പന്തിൽ 24 റണ്ണുമായി മിന്നലായി. മൂന്ന്‌ ഫോറും ഒരു സിക്‌സറും നേടിയാണ്‌ മടക്കം. സഞ്‌ജുവിനൊപ്പം റിയാൻ പരാഗും ചേർന്നതോടെ സ്‌കോർ ഉയർന്നു. പരാഗ്‌ 29 പന്തിൽ 43 റണ്ണെടുത്തു. മൂന്ന്‌ സിക്‌സറും ഒരു ഫോറും നേടിയ പരാഗ്‌ സഞ്‌ജുവിനൊപ്പം മൂന്നാം വിക്കറ്റിൽ നേടിയത്‌ 93 റൺ. ഷിമോൺ ഹെറ്റ്‌മയറിന്‌ (5) കാര്യമായൊന്നും ചെയ്യാനായില്ല. ധ്രുവ്‌ ജുറേൽ ക്യാപ്‌റ്റന്‌ കൂട്ടായി. 12 പന്തിൽ 20 റണ്ണെടുത്ത്‌ പുറത്തായില്ല. ഈ കൂട്ടുകെട്ട്‌ അവസാന അഞ്ച്‌ ഓവറിൽ 50 റണ്ണടിച്ച്‌ സ്‌കോർ 200ന്‌ അടുത്തെത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments