Sunday, November 24, 2024
Homeകായികം"ഇതാ... ആവേശകോപ ; അർജന്റീന നാളെ ക്യാനഡയോട്‌.

“ഇതാ… ആവേശകോപ ; അർജന്റീന നാളെ ക്യാനഡയോട്‌.

അറ്റ്‌ലാന്റ ; യൂറോ കപ്പ്‌ ആരവങ്ങൾക്കൊപ്പം ഇനി കോപ അമേരിക്കയും. ലാറ്റിനമേരിക്കയുടെ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്‌ നാളെ തുടക്കമാകും. ലാറ്റിനമേരിക്കൻ പോര്‌ ഇക്കുറി അമേരിക്കയിലാണ്‌. ആദ്യമത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ക്യാനഡയെ നേരിടും. നാളെ രാവിലെ 5.30നാണ്‌ കളി. അമേരിക്ക വേദിയാകുമ്പോൾ ക്യാനഡ, മെക്‌സിക്കോ, ജമൈക്ക, പാനമ, കോസ്‌റ്ററിക്ക തുടങ്ങിയ കോൺകാകാഫ്‌ ടീമുകളും ടൂർണമെന്റിന്റെ ഭാഗമാകും. 16 ടീമുകളാണ്‌ മാറ്റുരയ്‌ക്കുന്നത്‌. നാല്‌ ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട്‌ സ്ഥാനക്കാർ ക്വാർട്ടറിലേക്ക്‌ മുന്നേറും. ജൂലൈ 15നാണ്‌ ഫൈനൽ.

ലയണൽ മെസി നയിക്കുന്ന അർജന്റീനയാണ്‌ സാധ്യതയിൽ മുന്നിൽ. യുവതാരങ്ങളുമായി എത്തുന്ന ബ്രസീൽ ഏറെ പ്രതീക്ഷിക്കുന്നു. മാഴ്‌സെലോ ബിയെൽസ എന്ന തന്ത്രശാലിയായ പരിശീലകനുകീഴിൽ ഇറങ്ങുന്ന ഉറുഗ്വേ  ഇക്കുറി കടുത്ത വെല്ലുവിളി ഉയർത്തും. മെസിയാണ്‌ ശ്രദ്ധാകേന്ദ്രം. ക്ലബ് ഫുട്‌ബോളിലെ യൂറോപ്യൻ തട്ടകംവിട്ട മെസി അമേരിക്കൻ ലീഗിലാണ്‌ ഇപ്പോൾ. ഇന്റർ മയാമിക്കുവേണ്ടി പന്ത്‌ തട്ടുന്നു. ഒരുപക്ഷേ, അർജന്റീനയ്‌ക്കായുള്ള മെസിയുടെ അവസാന പ്രധാന ടൂർണമെന്റുമായേക്കാം ഇത്‌. ലോകകപ്പ്‌ കളിക്കുന്ന കാര്യത്തിൽ അർജന്റീന ക്യാപ്റ്റൻ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കഴിഞ്ഞതവണ ബ്രസീലിനെ കീഴടക്കിയായിരുന്നു അർജന്റീന കോപ നേടിയത്‌. മെസിയുടെ ആദ്യ പ്രധാന നേട്ടം. അതിനുശേഷം ഫൈനലിസിമയും പിന്നാലെ ലോകകപ്പും നേടി. ഏഞ്ചൽ ഡി മരിയ, ജൂലിയൻ അൽവാരെസ്‌, ലൗതാരോ മാർട്ടിനെസ്‌, അലെക്‌സിസ്‌ മക്‌ അല്ലിസ്‌റ്റർ, എമിലിയാനോ മാർട്ടിനെസ്‌ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം മെസിക്കൊപ്പമുണ്ട്‌.അൽഫോൺസോ ഡേവിസാണ്‌ ക്യാനഡയുടെ മുഖ്യതാരം.”

“നെയ്‌മർ ഇല്ലെങ്കിലും ബ്രസീലിന്റേത്‌ കരുത്തുറ്റ നിരയാണ്‌. വിനീഷ്യസ്‌ ജൂനിയറിന്റെ പ്രകടനം നിർണായകമാകും. റോഡ്രിഗോയും യുവതാരം എൻഡ്രിക്കുമാണ്‌ മറ്റു താരങ്ങൾ. എൻഡ്രിക് ആറ്‌ കളിയിൽ മൂന്ന്‌ ഗോളടിച്ചു. ആദ്യ പ്രധാന ടൂർണമെന്റാണ്‌ പതിനേഴുകാരന്‌. റിച്ചാർലിസൺ, തിയാഗോ സിൽവ, കാസെമിറോ എന്നിവർ ഡൊറിവാൾ ജൂനിയർ പരിശീലിപ്പിക്കുന്ന ടീമിൽ ഇല്ല.

ഉറുഗ്വേ വ്യക്തിഗത പ്രകടനങ്ങളെയല്ല ആശ്രയിക്കുന്നത്‌. ഫെഡറികോ വാൽവെർദെ, ഡാർവിൻ ന്യൂനെസ്‌, റൊണാൾഡോ അറൗഹോ എന്നിവർക്കൊപ്പം ലൂയിസ്‌ സുവാരസുമുണ്ട്‌. കൊളംബിയ, ചിലി ടീമുകളും പ്രതീക്ഷയിലാണ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments