മ്യൂണിക് റുമാനിയ വരവറിയിച്ചു. 24 വർഷത്തിനുശേഷം യൂറോ കപ്പിൽ ആദ്യജയം. കരുത്തരായ ഉക്രയ്‌നെ മൂന്ന് ഗോളിന് തകർത്തുവിട്ടായിരുന്നു ആഘോഷം. മ്യൂണിക്കിൽ മഞ്ഞ മതിലായിരുന്നു. ജയത്തിൽ മതിമറന്നു റുമാനിയൻ ആരാധകർ. ക്യാപ്‌റ്റൻ നിക്കോളീ സ്‌റ്റാൻകിയു, റസ്വാൻ മരിൻ, ഡെനിസ് ഡ്രാഗുസ് എന്നിവരാണ് റുമാനിയയുടെ തകർപ്പൻ ജയത്തിൽ ഗോളുമായി നിറഞ്ഞത്. റാങ്കിങ് പട്ടികയിൽ ഉക്രയ്‌നെക്കാൾ 24 പടി പിന്നിലാണ് റുമാനിയ. 2016ലാണ് അവസാനമായി യൂറോ കപ്പ് കളിക്കുന്നത്. അവസാനമായി ഒരുകളി ജയിച്ചത് 2000ലും. മറുവശത്ത് കഴിഞ്ഞ യൂറോയിലെ ക്വാർട്ടർ ഫൈനലിസ്‌റ്റുകളായിരുന്നു ഉക്രയ്‌ൻ. മൈക്കേലിയോ മുദ്രിക്കും ആൻഡ്രി ലുനിനും ഒലെക്‌സാണ്ടർ സിഞ്ചെങ്കോയും ഉൾപ്പെടെയുള്ള താരങ്ങൾ
റുമാനിയ കരുത്തോടെ തുടങ്ങി. അരമണിക്കൂർ പൂർത്തിയാകുംമുമ്പ് ഗോൾ. ഗോൾ കീപ്പർ ലുനിന്റെ പിഴവാണ് ഗോളിൽ കലാശിച്ചത്. പന്ത് നേരെ ഡെനിസ് മാനന്റെ കാലിലേക്കാണ് അടിച്ചുകൊടുത്തത്. ബോക്‌സിന് തൊട്ടുമുമ്പിലുള്ള സ്‌റ്റാൻകിയുവിനെ മാൻ ലക്ഷ്യംവച്ചു. ഇരുപതുവാര അകലെവച്ച് ക്യാപ്‌റ്റൻ തൊടുത്ത ഷോട്ടിൽ ഉക്രയ്‌ൻ വല തകർന്നു. റുമാനിയ ചുവടുറപ്പിച്ചു. സ്‌റ്റാൻകിയുവിന്റെ അടുത്തൊരു നീക്കവും ഉക്രയ്‌നെ വിറപ്പിച്ചു. ലുനിനെ മറികടന്നെങ്കിലും പന്ത് ബാറിൽ തട്ടി തെറിക്കുകയായിരുന്നു.
റയൽ മാഡ്രിഡിന്റെ കാവൽക്കാരനായ ലുനിന് തൊട്ടതെല്ലാം പിഴച്ചു. അടുത്ത ഗോളും ഗോൾ കീപ്പറുടെ പിഴവിൽനിന്നായിരുന്നു. മരിന്റെ ഷോട്ട് തടയാൻ ചാടിയെങ്കിലും സമയം തെറ്റി. പന്ത് വലയിലേക്ക് കയറി. മൂന്നാമത്തേത് മാന്റെ ഒന്നാന്തരം ക്രോസിൽനിന്നായിരുന്നു. ലുനിനെ കാഴ്‌ചക്കാരനാക്കി ഡ്രാഗസ് അനായാസം ലക്ഷ്യം കണ്ടു.മത്സരത്തിൽ
ഒരുതവണമാത്രമാണ് ഉക്രയ്‌ന് ലക്ഷ്യത്തിലേക്ക് ഷോട്ട് തൊടുക്കാൻ കഴിഞ്ഞത്.