ഈ ഭൂമിയിൽ മൂന്നുതരത്തിലുള്ള ആൾക്കാരുണ്ട്. ആദ്യത്തെ കൂട്ടർ എപ്പോഴും പരാതിയുമായി നടക്കുന്നവർ. വിലവർദ്ധനവിനെപ്പറ്റി, ജനസംഖ്യാവർദ്ധവിനെപ്പറ്റി, തൊഴിലില്ലായ്മയെപ്പറ്റി, ഭരണവൈകല്യങ്ങളെപ്പറ്റി …. അങ്ങനെ പോകുന്നു അവരുടെ പരാതികൾ.
രണ്ടാമത്തെ കൂട്ടർക്ക് ഒന്നിലും പ്രശ്നമില്ല. ഓസോൺ പാളികൾക്ക് ഓട്ടവീണാലും, അഗോളതാപം വർദ്ധിച്ചാലും, ആറ്റംബോംബിട്ടാൽപ്പോലും അവർക്ക് പരാതിയൊന്നും തന്നെ ഉണ്ടാവുകയില്ല. തൻ്റെ കാര്യങ്ങളെല്ലാം മുറപോലെ ഭംഗിയായി നടക്കണം. ആഹാരം മുട്ടരുത്. തനിക്കും തൻ്റെ കുടുംബത്തിനും സുഖസൗകര്യങ്ങളുള്ളിടത്തോളം ലോകത്തിന് എന്തു സംഭവിച്ചാലും പ്രശ്നമില്ല.
മൂന്നാംതരക്കാരുടെ ലക്ഷ്യംതന്നെ അന്യരുടെ നന്മയാണ്.സമൂഹ സേവനം തൻ്റെ കടമായാണെന്ന് അവർ കരുതുന്നു. ദൈവത്തിനു നേരിട്ടു ചെയ്യാനാവാത്തത് ദൈവം എന്നെപ്പോലുള്ളവരിലൂടെ അത് ചെയ്യിപ്പിക്കുന്നു എന്ന് വിശ്വസിക്കുന്നു. അത്തരക്കാർക്ക് ആരെക്കുറിച്ചും ഒരു പരാതിയും ഉണ്ടാവുകയില്ല.തൻ്റെ കഴിവനുസരിച്ചു ചെയ്യാവുന്നത് ചെയ്യുക എന്ന് അവർ ചിന്തിക്കുന്നു. ഗാന്ധിജി, എബ്രഹാം ലിങ്കൺ, മദർ തെരേസ, സ്വാമി വിവേകാനന്ദൻ എന്നിവരെ പോലെ ചിന്തിക്കുന്ന ഇക്കൂട്ടർ സമൂഹത്തിൽ വളരെ അപൂർവ്വമായിട്ടേ കാണാൻ കഴിയൂ. പക്ഷെ അവരാണ് ഈ കൂരിരുട്ടിലെ മിന്നാമിനുങ്ങുകൾ – കാർമേഘത്തിൽ മിന്നി മറയുന്ന കൊള്ളിമീനുകൾ
ഗാന്ധിജി ബ്രിട്ടീഷുകാരെപ്പറ്റി പരാതി പറഞ്ഞുനടന്നില്ല. അവരിൽ നിന്നും ഭാരതത്തെ സ്വതന്ത്രമാക്കുക തൻ്റെ ചുമതലയാണെന്ന് അദ്ദേഹം വിശ്വസിച്ചു. തൻ്റെ സ്വന്തം ജീവിതത്തിൽ മാറ്റം കൊണ്ടു വന്നാൽ തനിക്കും ലോകത്തിനും ദിശാബോധം കൊടുക്കാമെന്ന് അദ്ദേഹം വിശ്വസിച്ചു. ഒന്നു മനസ്സിലാക്കുക! കാലിൽ ചെളിപുരളാതിരിക്കാൻ വഴിയിലെ ചെളി മുഴുവനായി നീക്കേണ്ടതില്ല. ചെരിപ്പിട്ടാൽ മതിയാകും. ഇങ്ങനെ ചിന്തിക്കുന്നവർക്ക് ജീവിതത്തിൻ്റെ ആത്യന്തികലക്ഷ്യത്തെപ്പറ്റി ബോധമുണ്ടാകും.മറ്റുള്ളവർ ചെയ്യട്ടെ എന്നല്ല, താൻ ചെയ്തു തുടങ്ങണം എന്നു വിശ്വസിക്കുന്നവരാണവർ.അഞ്ചാം വയസ്സിൽ ഹരിശ്ചന്ദ്ര നാടകം കണ്ടപ്പോൾ ഗാന്ധിജി ഒരു തീരുമാനമെടുത്തു.” ഞാൻ ഒരിക്കലും കള്ളം പറയില്ല.” ഒന്നു മനസ്സിലാക്കൂ! സത്യത്തിൻ്റെ വഴിയിലൂടെ പോകുന്നവർക്ക് ടെൻഷനില്ല. കള്ളം പറയാൻ ദുർബുദ്ധി നമ്മെ ഉപദേശിക്കുന്നു. പക്ഷെ, ജീവിതാനുഭവം സത്യത്തിൻ്റെ ഗുണം മനസ്സിലാക്കും. മാനവരാശിയുടെ ഭാവി വ്യക്തികളിൽ അധിഷ്ഠിതമാണ്. നാം ഓരോരുത്തരും നന്നാവുകയും അന്യരെ ആ വഴിക്കു കൊണ്ടുവരുവാൻ ശ്രമിക്കുകയും ചെയ്യണം എങ്ങനെ ജീവിക്കണം എന്ന് സ്വജീവിതത്തിലൂടെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുക.”” എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് ഗാന്ധിജി എപ്പോഴും പറയാറുണ്ടായിരുന്നു.
സേവനവും സ്നേഹവും തിരിച്ചുകിട്ടാൻ വേണ്ടിയാവരുത്. അത് തികച്ചും നിരൂപാധികമാകണം. അല്ലെങ്കിൽ തിരിച്ചു കിട്ടാതെ വരുമ്പോൾ ദുഃഖവും നഷ്ടബോധവും തോന്നും. വേദനയനുഭവിച്ച് പ്രസവിച്ച്, കഷ്ടപ്പെട്ടു വളർത്തി, പഠിപ്പിച്ചു, ജോലികിട്ടി, നല്ല ഒരു വധുവിനെ തേടിപ്പിടിച്ചുകെടുത്തു. സ്വന്തമായി വരുമാനവും കുടുംബവുമായപ്പോൾ മകൻ നമ്മളെ തള്ളിപ്പറഞ്ഞാൽ വിഷമം തോന്നരുത്. തൻ്റെ കടമകൾ ഭംഗിയായി ചെയ്തുതീർക്കാനായതിൽ സന്തോഷിക്കുകയാണ് നാം ചെയ്യണ്ടത്. കർമ്മഫലമാണ് നാം അനുഭവിക്കുന്നതെന്നു സമാധാനിക്കുക.
ഗർഭിണിയായ സീതയെ ആരുടേയോ വാക്ക് കേട്ട് ശ്രീരാമൻ വനത്തിൽ ഉപേക്ഷിച്ചു. അപ്പോൾ അവർ തികച്ചും ഏകാകിനിയായി. തുടർന്ന് വാല്മീകി മഹർഷി തൻ്റെ ആശ്രമത്തിൽ അഭയം നൽകി.പ്രസവവേദനായാൽ വാവിട്ടുകരയുന്ന ദേവിയെ കണ്ടിട്ട് മഹർഷിക്കു സഹിക്കാനായില്ല.ധർമ്മത്തിൻ്റെ രക്ഷകനായ ശ്രീരാമനാണോ ഈ സാദ്ധ്വിയോട് ഇങ്ങനെ ചെയ്തത് എന്ന് മഹർഷിയും ഒരു നിമിഷം ആലോചിച്ചു.- വിഷമിച്ചു.രാമനെ ശപിക്കാതിരിക്കാൻ സീതാദേവി മഹർഷിയോട് അപേക്ഷിച്ചു.തുടർന്ന് പറഞ്ഞു “മഹാമുനേ! എൻ്റെ ഭർത്താവ് മര്യാദ പുരുഷനാണ്.- പുരുഷോത്തമനാണ്.അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹത്തെ കുറ്റപ്പെടുത്തരുതേ! ഞാൻ അനുഭവിക്കുന്നത് എൻ്റെ കർമ്മഫലമാണ്. “ഒന്ന് ആലോചിച്ചു നോക്കൂ എത്ര ഉദാത്തമായ ചിന്ത !! ഇത് ഭാരതസ്ത്രീയുടെ ഭാവ ശുദ്ധിയാണിവിടെ വെളിവാക്കുന്നത്. ഇതാണ് യഥാർത്ഥ സ്നേഹം. ചരടുകളില്ലാത്ത, തിരിച്ചുകിട്ടാനല്ലാത്ത, സ്നേഹിക്കാൻ മാത്രമുള്ള സ്നേഹം.. സേവനവും ത്യാഗം തന്നെയാണ്. പ്രതിഫലം ഇച്ഛിക്കുന്നതും പാപമാണ്. ഒന്നു ആലോചിച്ചു നോക്കൂ! ഭാരതത്തിൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വരെത്ര!വർഷങ്ങളോളം മരിച്ചു ജീവിച്ചവർ അതിലുമേറെ.അവർക്കൊന്നും ആരോടും പരിഭവമില്ല – പരാതിയില്ല. ചെയ്ത ത്യാഗത്തിനു വേണ്ടി പ്രതിഫലം ചോദിച്ചു നടന്നതുമില്ല.എന്നാൽ ഇന്ന് നാം എന്തു ദു:ഖം വന്നാലും അതിനു കാരണക്കാരെ കണ്ടുപിടിക്കാനാണ് ആവേശം മുഴുവനും. എപ്പോഴും താൻ ക്ലീനാണെന്ന തോന്നൽ. അതുപോലെത്തന്നെ എന്തെങ്കിലും കാരണത്താൽ പിണങ്ങിയ വ്യക്തികൾ പരസ്പരം മിണ്ടാതായാൽ അത് വർഷങ്ങളോളമോ ജീവിതാവസാനംവരെയോ തുടരുന്നു.എന്നാൽ നമ്മുടെ ടെലിഫോൺ മിണ്ടാതായാൽ പിറ്റേ ദിവസം തന്നെ അത് ശരിയാക്കിയെടുക്കുന്നു.
ഒരു ഉത്സവ പറമ്പിൽവെച്ച് ഒരു ചെറിയ കുട്ടി ബലൂൺകാരനോടു ചോദിച്ചു: “”അതെന്താ ആ നിലബലൂൺമാത്രം മുകളിൽ ഉയരത്തിൽ പറക്കുന്നത് ?മറ്റു ബലൂണുകളൊക്കെ താഴെ മാത്രം പറക്കുന്നു.” അപ്പോൾ ബലൂൺകാരൻ പറഞ്ഞു “മോനേ, ആ ബലൂണിൻ്റെ നിറമോ ഭംഗിയോ വലിപ്പമോ അല്ല അതിനെ ഉയർത്തുന്നത്. അതേ ഭംഗിയും വലുപ്പവുമൊക്കെയുള്ളവതന്നെ താഴെ തന്നെയാണ്. നീല ബലൂണിനെ ഉയർത്തുന്നത് അതിനുള്ളിലെ വായുവാണ്. അതിൽ മാത്രം ഹൈഡ്രിജനും ബാക്കിയുള്ളവയിൽ സാധാരണ വായുവുമാണ്.അതുപോലെ തന്നെയാണ് മനുഷ്യമനസ്സിലെ വായു നന്നായാൽ മാത്രമേ മനുഷ്യന് ഉയുവാൻ കഴിയുകയുള്ളൂ. ഭൗതികതയുടെ ഭാരം താഴോട്ടുവലിച്ചാൽ ആത്മീയമായി ഉയരാൻ കഴിയില്ല.
ഒന്നു മനസ്സിലാക്കുക! ദു:ഖമില്ലാത്ത ജീവിതമില്ല. അലകളില്ലാത്ത കടലില്ല, അതിൽ ഒരു നല്ല നാവികൻ ഒരിക്കലും തളരില്ല.