Thursday, January 9, 2025
Homeസ്പെഷ്യൽകതിരും പതിരും: പംക്തി (45) ആംഗ്യങ്ങളിലൂടെ ലൈംഗിക ചേഷ്ടകൾ ✍ജസിയഷാജഹാൻ

കതിരും പതിരും: പംക്തി (45) ആംഗ്യങ്ങളിലൂടെ ലൈംഗിക ചേഷ്ടകൾ ✍ജസിയഷാജഹാൻ

✍ജസിയഷാജഹാൻ

ആംഗ്യങ്ങളിലൂടെ ലൈംഗിക ചേഷ്ടകൾ

എന്താ ! കഥ അല്ലേ? കാലം പോയ പോക്കേ… ആംഗ്യങ്ങളിലൂടെ ലൈംഗിക ചേഷ്ടകൾ കാണിച്ച് സ്ത്രീകളെ പ്രകോപിതരാക്കുക. മനസ്സിൽ തോന്നിയ ലൈംഗിക വികാരത്തെ ആരും കാണാതെ തൻ്റെ കഴിവിന് അനുസരിച്ച് ആംഗ്യങ്ങളിലൂടെ പ്രതിഫലിപ്പിച്ച് സ്ത്രീകളോട് തൻ്റെ ഇംഗിതം അറിയിക്കുക. എന്തൊരു നാറ്റ കേസ് അല്ലേ ? ഒറ്റയടിക്ക് തെളിയിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള തൊന്തരവുപിടിച്ച ഒരു കേസ് ആണിത്. കാരണം ഈ ആംഗ്യഭാഷ സ്ത്രീകൾ മാത്രം നോക്കുമ്പോഴോ അല്ലെങ്കിൽ അവർ മാത്രമേ കാണാവൂ എന്ന് ശഠിച്ചു കൊണ്ടുമാത്രമാണ് ഇവർ അരങ്ങേറുക.

ഈയവസരങ്ങളിൽ അപമാനിതരായ സ്ത്രീകൾ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ അവരുടെ ഭാഗത്ത് നിൽക്കാൻ ഒരു പാട് ആൾക്കാർ മുന്നോട്ടു വരാറുണ്ട്. അതിലുപരി എത്രയും വലിയ ആൾക്കൂട്ടത്തിനിടയിലും ഇങ്ങനെയുള്ള ചേഷ്ടകൾ കാണിക്കാൻ ഈ വിരുതൻ മാർക്ക് ഒരു പ്രത്യേക കഴിവുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് ഒറ്റ നിമിഷം കൊണ്ട് അവർക്ക് ഈ അശ്ലീലച്ചുവയുള്ള ചിത്രങ്ങൾ ചേഷ്ടകളിലൂടെ രചിക്കാനും, അത് രുചിക്കാൻ പ്രേരിപ്പിക്കാനും ലൈംഗിക താൽപര്യങ്ങൾക്ക് ക്ഷണിക്കാനും നിഷ്പ്രയാസം സാധിക്കുന്നു.

ഇവിടെ സ്ത്രീകളുടെ വാക്കുകളെ വിശ്വസിക്കുക മാത്രമേ തരമുള്ളൂ.അപ്പോഴും മറുഭാഗത്തും കുറച്ചു അനുകൂലികൾ ഉണ്ടാകും. ഒറ്റനോട്ടത്തിൽ ഈ വില്ലനെ ഒന്നു വിലയിരുത്തി അന്നേരമുള്ള അയാളുടെ ശരീരഭാഷയും സ്വഭാവവും പെരുമാറ്റവും നേർക്കുനേർ നിന്ന് മനസ്സിലാക്കി പൊതുജനം മനസ്സിന്റെ പ്രതിക്കൂട്ടിൽ ഇട്ട് തൽക്ഷണം തന്നെ അയാളെ ഒന്ന് വിസ്തരിക്കും. അതിനുള്ള അവകാശം അവർക്കുണ്ട്. സ്വാതന്ത്ര്യം അവർക്കുണ്ട്. അതിനെ ചോദ്യം ചെയ്യാൻ ഒട്ട് ആർക്കും അവകാശവുമില്ല. അവരുടെ ഈ വിസ്താര വിധിയെഴുത്ത് ചിലപ്പോൾ വലിയ വഴക്കിലും വാക്കേറ്റത്തിലും, കയ്യേറ്റത്തിലും അവസാനിച്ചേക്കാം . അയാൾ ഈ ചേഷ്ടകൾ കാണിച്ചിട്ടില്ല എന്ന് ഒരുപക്ഷേ.. നിഷേധിച്ചേക്കാം . അനുഭവസ്ഥയായ സ്ത്രീ അതിനെ എതിർത്തേക്കാം… ഇവിടെയാണ് പ്രസക്തമായ ഒരു ചോദ്യം ഉദിക്കുന്നത് ? ഇത് മറ്റാരെങ്കിലും കണ്ടവരുണ്ടോ? ഈയൊരു ചോദ്യത്തിനെ മറികടക്കുക ഒരു ഉദ്യമം തന്നെയാണ്.

ഇനിയാണ് ശ്രദ്ധിക്കേണ്ടത്!ഈ ലൈംഗിക ചേഷ്ടകൾ ഏതു തലത്തിൽ ഉള്ളതാണ് .ഇതിൽ കട്ടി കുറഞ്ഞ ഇനവും കട്ടി കൂടിയ ഇനവും ഉണ്ട്. അർത്ഥതലത്തിൽ മികച്ചു നിൽക്കുന്നവയും അല്ലാത്തവയും. ആംഗ്യങ്ങളുടെ ചലനഭാവങ്ങളും ദിശയും ദിക്കും വരയും ഘടനയും ഒക്കെ ഉപയോഗിച്ച് അർത്ഥ തലങ്ങളെ കണ്ടുപിടിക്കാം . കണ്ണുകൾ കൊണ്ടും ശാരീരിക ചലനങ്ങൾ കൊണ്ടും കൈവിരലുകളിലെ ആംഗ്യങ്ങൾ കൊണ്ടും സ്വയം ശരീരഭാഗങ്ങളിൽ സ്പർശിച്ചു കാട്ടിയും ചുണ്ടുകൾ കൊണ്ടും നാവുകൊണ്ടും എതിരാളിയെ ഉന്നം വച്ച് അശ്ലീലച്ചുവയുള്ള ചിത്രങ്ങൾ രചിച്ചു കാട്ടുന്നു. ഈ രചനകളിലെ സിമ്പലുകൾക്ക് ഓരോ സിഗ്നലുകൾ ഉണ്ട്.ഈ സിഗ്നലുകൾ പിടിച്ചെടുത്ത് മനസ്സിലാക്കിയാണ് അർത്ഥം ഗ്രഹിക്കുക.

അടുത്തത് എന്തുതരം ചേഷ്ടയാണ് കാട്ടിയത് എന്നുള്ളതാണ്.? സ്ത്രീ ശരീരത്തെ അപമാനിക്കുന്ന തരത്തിലുള്ള ചേഷ്ടകളാകാം.. ലൈംഗിക ബന്ധത്തിനു ക്ഷണിച്ചു കൊണ്ടുള്ളതാകാം… ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൻ്റെ സൂചനകൾ നൽകുന്ന തരത്തിലുള്ളതുമാകാം… അവരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചേഷ്ടകളാകാം… ഏതിനും ഒരു സാധാരണ സ്ത്രീയെ സംബന്ധിച്ച് മറ്റൊരാൾ കാണിക്കുന്ന ലൈംഗിക ചേഷ്ടകൾ അഭിമുഖീകരിക്കേണ്ടി വരുക എന്നത് ആത്മഹത്യാപരമാണ് .

അശ്ലീല ചുവയുള്ള നോട്ടങ്ങളിലൂടെ ,കാടത്തം നിറഞ്ഞ കണ്ണുകളിലൂടെ സ്ത്രീകളുടെ ശരീരഭാഗങ്ങൾ ഉഴിയുക കുറേ വിരുതന്മാർക്ക് രസം. മറ്റു ചിലർക്ക് മുഖ ചലനങ്ങൾ കൊണ്ട് സ്ത്രീകളിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കാൻ രസം. ചുരുക്കിപ്പറഞ്ഞാൽ കണ്ണിറുക്കി കാണിക്കുന്നതു മുതൽ ചുണ്ടുകൾ നനച്ചു കാണിക്കുന്നതുവരെ ചേഷ്ടകളിൽ പെടും. രസങ്ങളിൽ പെടും. ഈ ചേഷ്ടകളെ ശരിയായ വിധത്തിൽ കണ്ടു തെളിയിക്കാൻ സ്ത്രീകളുടെ വാക്കുകളെ വിശ്വസിക്കുക എന്നതിനു മേലെ ക്യാമറ കണ്ണുകൾ തന്നെ നോക്കേണ്ടി വരും

പണ്ടുകാലത്ത് ശത്രു രാജ്യങ്ങളെ ആക്രമിക്കുമ്പോൾ യുദ്ധമുഖത്ത് തനതായ ആംഗ്യ മുറകൾ കാട്ടി എതിരാളിയെ തോൽപ്പിക്കാനും വെട്ടി വീഴ്ത്താനും തലയറുത്തിടാനുമൊക്കെ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അല്ലെങ്കിൽ ഈ ആംഗ്യചേഷ്ടകളിലൂടെ കഴിഞ്ഞിരുന്നു. അതൊക്കെ വിട്ട് ഇന്നീ കമ്പ്യൂട്ടർ യുഗത്തിൽ ചേഷ്ടകൾ മാറി ശാരീരികമായും ലൈംഗിക പരമായും സ്ത്രീകളിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ ചരിത്രവും ചിത്രവും മാറ്റി കുറിക്കപ്പെടുന്നു . തീരെ തരം താണ നിലവാരത്തിൽ ആംഗ്യങ്ങളുടെ ചലനഭാവങ്ങൾ നിലകൊള്ളുന്നു.

ഓർക്കുക! ലോകം കീഴടക്കാൻ ഇറങ്ങിയ ഏകാധിപതികളായ ഹിറ്റ്ലറിനും മുസ്സോളിനിക്കും ചേഷ്ടകൾ ഉണ്ടായിരുന്നു.

കരുതിയിരിക്കുക! ആർക്കും എളുപ്പത്തിൽ ആരോപിക്കാം… ചൂണ്ടിക്കാട്ടി ആരോപണവിധേയനാക്കാം.. ആംഗ്യചേഷ്ടകൾക്ക് തെളിവുകളില്ല. കണ്ടവൻ്റെ കണ്ണടഞ്ഞാൽ .. ക്യാമറ കണ്ണടഞ്ഞാൽ പിന്നെ ഊരാക്കുടുക്ക് തന്നെ.

“അവനവൻ കുരുക്കുന്ന
കുരുക്കഴിച്ചെടുക്കുമ്പം
ഗുലുമാൽ
പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പം
ഗുലുമാൽ ” എന്ന ഹിറ്റ് ഗാനം കൂടി ഈയവസരത്തിൽ ഓർമ്മപ്പെടുത്തി കൊണ്ട്..

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണും വരെ… നന്ദി, സ്നേഹം .

✍ജസിയഷാജഹാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments