Friday, November 22, 2024
Homeസ്പെഷ്യൽകതിരും പതിരും (57) 'മദ്യാസക്തിയും മരണരേഖകളും' ✍ ജസിയ ഷാജഹാൻ.

കതിരും പതിരും (57) ‘മദ്യാസക്തിയും മരണരേഖകളും’ ✍ ജസിയ ഷാജഹാൻ.

ജസിയ ഷാജഹാൻ

മദ്യാസക്തിയും മരണരേഖകളും

റോഡ് അപകടങ്ങളിലെ മരണനിരക്കുകൾ വർഷംതോറും കുതിച്ചുയരുന്ന നമ്മുടെ കൊച്ചു കേരളത്തിൽ ഗുരുതര പരിക്കുകളേറ്റ് കഷ്ടതകൾ അനുഭവിക്കുന്നവരും കുറവല്ല. ഇതിൽ ഏകദേശം നാൽപ്പതു ശതമാനമെങ്കിലും മദ്യപാനം മൂലം ഉണ്ടാകുന്ന
വാഹനാപകടങ്ങളായി കണക്കാക്കപ്പെടുന്നു. ഇരു ചക്ര വാഹനക്കാരാണ് ഈ അപകടങ്ങളിൽ ഏറെയും പെടുക.

മദ്യപിച്ച് വാഹനമോടിക്കുന്ന ഒരാൾ സ്വയം അപകടത്തിൽ പെടുന്നതിനോടൊപ്പം നിരപരാധികളായ ഒരുപാട് പേരെ അപകടത്തിൽ പെടുത്തുകയും ചെയ്യുന്നു.
ബാറുകളിൽ പോയി കഴിച്ചു മടങ്ങുന്നവർ, പാർട്ടികളിൽ പോയി കഴിച്ചു മടങ്ങുന്നവർ, ഒരു രസത്തിന് കൂട്ടുകാരുമൊത്ത് കഴിച്ചു മടങ്ങുന്നവർ, മീറ്റിംങുകളിൽ പങ്കെടുത്ത് മടങ്ങുന്നവർ, വണ്ടികളിലിരുന്ന് മദ്യപിച്ച് രസിച്ച് യാത്രചെയ്യുന്നവർ, അങ്ങനെ തുടങ്ങി ഏതു വഴിയിൽ കൂടിയും ഈ മദ്യപാന വാഹന യാത്ര തുടരാം. മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണെന്നും അത് വലിയ അപകടങ്ങൾക്ക്
കാരണമാകുമെന്നും അറിയാവുന്നവർ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത് എന്നതു തന്നെയാണ് നാം എടുത്തു പറയേണ്ട, അത്ഭുതപ്പെടേണ്ട കാര്യം?.

മദ്യപിച്ച് ആറു മണിക്കൂറിനുള്ളിലാണ് അപകടങ്ങൾ നടക്കുക എന്നുള്ളതും രാത്രികാലങ്ങളിൽ ആണ് മദ്യപാനം മൂലമുള്ള വാഹനാപകടങ്ങൾ കൂടുതലും സംഭവിക്കുക എന്നുള്ളതും ശ്രദ്ധേയമാണ്.

മദ്യപാനം കേന്ദ്രനാഡീവ്യൂഹത്തെ തളർത്തുകയും ആലോചിച്ച് തീരുമാനമെടുക്കാനുള്ള മനുഷ്യന്റെ ശേഷിയെ നശിപ്പിക്കുകയും ചെയ്യുന്നു. അതോടൊപ്പം അയാൾ ചെയ്യുന്ന കാര്യത്തെക്കുറിച്ചുള്ള തിരിച്ചറിവ് കൂടി നഷ്ടപ്പെടുന്നതോടെ മദ്യപിക്കുന്നയാൾ അപകടകരമായ പ്രവൃർത്തികളിൽ ഏർപ്പെടാനുള്ള സാധ്യതകൾ വർദ്ധിക്കുന്നു. അമിതമായ ഒരു ആത്മവിശ്വാസം അയാളിൽ ഉടലെടുക്കുന്നു . ഇത് അമിത വേഗത്തിനും റിസ്ക് എടുത്തുള്ള ഓവർടേക്കിംഗിനും വഴിയൊരുക്കുന്നു. അതേസമയം തന്നെ മദ്യപാനം മൂലം നഷ്ടപ്പെടുന്ന ശാരീരിക മാനസിക വിവേചന ക്ഷമതകൾ ആ വ്യക്തിയെ അപകടങ്ങളിൽ കൊണ്ടു ചെന്നെത്തിക്കുന്നു. കാഴ്ചശക്തിയെയും ശ്രവണശക്തിയെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. അഥവാ അപകടസാധ്യത തിരിച്ചറിഞ്ഞു കഴിഞ്ഞാലും ആലോചിച്ച് സ്വന്തം വാഹനത്തിൻ്റെ ദിശ മാറ്റുവാനുള്ള തീരുമാനം എടുക്കുന്നതിന് മദ്യപാനി വൈകുന്നു . അങ്ങനെ ഒരു തീരുമാനം തലച്ചോറ് എടുത്തു കഴിഞ്ഞാൽ പോലും ആ സന്ദേശം ഒരു മദ്യപാനിക്ക് കൈകാലു
കളിലെ പേശികളിലേക്ക് എത്തിക്കാൻ കാലതാമസം നേരിടുന്നു. ഈ ന്യൂനത എളുപ്പത്തിൽ അപകടം ക്ഷണിച്ചുവരുത്തുന്നു എന്നതാണ് വസ്തുത.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ വാഹനം അബദ്ധവശാൽ എതിർ ദിശയിലേക്ക് സഞ്ചരിച്ചാലും !എതിരേ വരുന്ന വാഹനം നമ്മുടെ മുന്നിലേക്ക് വരുന്ന ഒരു സാഹചര്യം ഉണ്ടായാലും! അത് കണ്ട് തിരിച്ചറിയുന്നതിന് മദ്യ ലഹരിയിൽ ഇരിക്കുന്ന ഡ്രൈവർക്ക് കഴിയുന്നില്ല. സ്വാഭാവിക റിഫ്ലക്സുകളെ മന്ദഗതിയിലാക്കുന്നതുമൂലം പെട്ടെന്ന് ഗിയർ മാറ്റാനോ ബ്രേക്ക് ചവിട്ടാനോ മദ്യപാനിക്ക് ആകുന്നില്ല.

സമൂഹത്തിന് വഴികാട്ടിയാകേണ്ടവരും ഉന്നത തലങ്ങളിൽ ,ഉന്നത പോസ്റ്റുകളിൽ ഇരുന്ന് സാധാരണക്കാർക്ക് വേണ്ട മാതൃക കാട്ടി, ഉപദേശങ്ങൾ നൽകേണ്ടവരും തന്നെ മദ്യാസക്തിയിൽപ്പെട്ട് വാഹനങ്ങളോടിച്ച് പാവം പൊതുജനങ്ങൾക്ക് മരണവരകൾ തലങ്ങനെയും വിലങ്ങനെയും നീട്ടി വരയ്ക്കുമ്പോൾ നിയമ പുസ്തകങ്ങളിലെ ലിപികൾ തിരുത്താതെ തൂക്കിലേറ്റപ്പെടട്ടെ! എന്ന് നമുക്ക് പ്രാർത്ഥിക്കാം.

പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും മദ്യത്തിനും മയക്കുമരുന്നി നും അടിമപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തിന്റെ ഈ പോക്ക് എവിടെ ചെന്ന് അവസാനിക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നതിനാൽ ഏറെ ഭയാശങ്കകളോടെ വിട്ടുമാറാത്ത അമ്പരപ്പോടെ വരും തലമുറക്ക് വെളിച്ചം പകരാനായി നമുക്കും കൈകോർക്കാം.

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി,സ്നേഹം.

ജസിയ ഷാജഹാൻ ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments