(കോട്ടയം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി)
കോട്ടയം ചെറിയപ്പള്ളി കോട്ടയത്തെ താഴത്തങ്ങാടിയിൽ സ്ഥിതിചെയ്യുന്നു.
🌻താഴത്തങ്ങാടി
തെക്കുംകൂർ രാജവാഴ്ചയുടെ ഭരണതലസ്ഥാനം എന്ന നിലയിൽ പഴയ കോട്ടയം പട്ടണത്തിന്റെ ചരിത്രശേഷിപ്പുകളുള്ള സ്ഥലമാണിത് . കോട്ടയം പട്ടണത്തിന്റെ വികാസപരിണാമത്തിന് സാക്ഷ്യംവഹിച്ച മീനച്ചിലാറിന്റെ ഓരത്തുള്ള ഒരിടമാണ് താഴത്തങ്ങാടി. കച്ചവടം നിയന്ത്രിക്കാനായി രാജാവ് ചെങ്ങന്നൂരിൽനിന്ന് കൊണ്ടുവന്നവരാണ് താഴത്ത് തരകൻമാർ. താഴത്തങ്ങാടിയിലെ തരകുകാര്യക്കാരനായിരുന്ന ചാണ്ടപ്പിള്ളത്തരകനും മാർത്തോമ യറുശലേം പള്ളി, എം.ടി.സെമിനാരി എന്നിവ സ്ഥാപിക്കാൻ മുന്നിൽനിന്ന താഴത്ത് ചാണ്ടപ്പിള്ള കത്തനാരുമുൾപ്പെടെ നിരവധി പ്രമുഖർ ജന്മംകൊണ്ട വീട്.
വള്ളംകളിയുടെ വേദിയായ മീനച്ചിലാറിന്റെ ഓരത്തുള്ള തെരുവാണ് താഴത്തങ്ങാടി . രണ്ടര നൂറ്റാണ്ടുമുമ്പുവരെ ഇവിടം കചവടക്കാരാൽ നിറഞ്ഞിരുന്നു. കിഴക്കൻ മലയോരമേഖലയിലെ മലഞ്ചരക്കുകൾ മീനച്ചിലാറ്റിലൂടെ താഴത്തങ്ങാടിയിലെത്തിക്കുകയും ഇവിടുത്തെ പണ്ടികശാലയിൽ സൂക്ഷിച്ച്, പുറക്കാട് തുറമുഖത്തത്തേയ്ക്ക് വിദേശകപ്പലുകൾ വരുമ്പോൾ കൊണ്ടുപോകുകയുമാണ് ചെയ്തിരുന്നത്
🌻കോട്ടയം ചെറിയ പള്ളി
മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പുരാതനമായ ഒരു ദേവാലയമാണ് കോട്ടയം ചെറിയപള്ളി എന്നറിയപ്പെടുന്ന കോട്ടയം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി. കോട്ടയം-കുമരകം റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം 1579-ൽ സ്ഥാപിതമായതാണ്. 1967-മുതൽ വിശുദ്ധ മറിയാമിന്റെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
🌻സ്ഥാപന ചരിത്രം :
പന്ത്രണ്ടാം നൂറ്റാണ്ടിനു ശേഷം കോട്ടയത്ത് താഴത്തങ്ങാടിയിലെ വ്യാപാരകാര്യങ്ങൾക്കായി പുന്നത്തുറ, പൂഞ്ഞാർ, കുറവിലങ്ങാട്, കടുത്തുരുത്തി, വെള്ളൂർ എന്നിവിടങ്ങളിൽനിന്ന് തെക്കുംകൂർ രാജാക്കന്മാരുടെ ക്ഷണം സ്വീകരിച്ച് ഏതാനും മാർത്തോമാ സുറിയാനി നസ്രാണികൾ കുടിയേറി പാർത്തു.
AD 1547നോടടുത്ത് പട്ടണത്തിൽ ക്രൈസ്തവരുടെ അംഗസംഖ്യ വർദ്ധിച്ചു. വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരും ഒരുമിച്ച് തെക്കുംകൂർ രാജാവായ ആദിച്ചവർമ്മയോട് ആവശ്യപ്പെട്ടതിന്റെ ഫലമായി AD 1550 (കൊല്ലവർഷം 725 മീനം) കോട്ടയം വലിയ പള്ളി സ്ഥാപിതമാകുകയുണ്ടായി.
കാൽ നൂറ്റാണ്ടുകൾക്ക് ശേഷം ഇരുകൂട്ടർക്കിടയിലും ഭിന്നതകൾ ഉടലെടുത്തതിനെ തുടർന്ന് വടക്കുംഭാഗക്കാർക്ക് മറ്റൊരു ദേവാലയം ആവശ്യമായി വരികയാൽ അമയന്നൂർ സ്വദേശിയായ പുറങ്കാവിൽ ഔസേഫ് കത്തനാരുടെ നേതൃത്വത്തിൽ അവർ അന്നത്തെ തെക്കുംകൂർ രാജാവായ കോതവർമ്മയെ മുഖം കാണിച്ച് കിഴിപ്പണം നടയ്ക്കു വച്ച് പുതിയ പള്ളിക്കായുള്ള ആഗ്രഹം അറിയിച്ചു. രാജാവിന്റെ ആശീർവാദത്തോടെ ചെറിയ ഒരു പള്ളി പണിയാൻ തീരുമാനമായി. അക്കാലത്ത് ഒരു കരയിൽ ഒരു പള്ളിയേ പാടുള്ളൂ എന്നൊരു വ്യവസ്ഥ ഉണ്ടായിരുന്നു. വലിയ പള്ളി കോട്ടയകം കരയിലായിരുന്നതുകൊണ്ട് പുതിയ പള്ളി വേളൂർ കരയുടെ ഭാഗമായ നരിക്കുന്നിന് (വലിയ കുന്നുംപുറം) തെക്കുഭാഗത്തായി പണിയാനാണ് അനുമതി കിട്ടിയത്. എന്നാൽ ആ സ്ഥലം അനുയോജ്യമല്ല എന്നും പട്ടണത്തിൽ തന്നെ പള്ളി വേണമെന്നും വടക്കുംഭാഗക്കാരിൽ പൊതുവായ അഭിപ്രായമുണ്ടാകുകയും അക്കാര്യം രാജസമക്ഷത്ത് അറിയിക്കുകയും ചെയ്തു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി രാജാവ് വേളൂർ കരയുടെ അതിർത്തി വടക്കോട്ട് നീട്ടി ഇന്ന് ചെറിയപള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം വരെയാക്കി കല്പിക്കുകയും 82 സെൻറ് സ്ഥലം കരമൊഴിവായി നൽകുകയും ചെയ്തു.
പോർച്ചുഗീസ് വാസ്തുശില്പിയായ അന്തോണി മേസ്തിരിയുടെ നേതൃത്വത്തിൽ നാട്ടുകാരായ തച്ചന്മാരും കൽപ്പണിക്കാരും ചേർന്ന് പള്ളി നിർമ്മിച്ച് AD 1579 ജനുവരി 19 (കൊല്ലവർഷം 754 മകരം 6) ന് കൂദാശ ചെയ്തു. ആദ്യകുർബാനയ്ക്ക് കാർമ്മികത്വം വഹിച്ചത് മലങ്കര സുറിയാനി സഭയുടെ മേലധ്യക്ഷനായി ബാബിലോണിയയിൽ നിന്നെത്തി ഉദയംപേരൂർ സുന്നഹദോസിന് തൊട്ടുമുമ്പുവരെയും സഭയെ നയിച്ച മാർ അബ്രഹാം എന്ന മെത്രാനായിരുന്നു. പരിശുദ്ധ കന്യമറിയമിന്റെ നാമധേയത്തിലാണ് പള്ളി സമർപ്പിക്കപ്പെട്ടത്.
“ഭാഗ്യവതി കോതവർമ്മൻ തിരുമുമ്പിൽ
കണിവച്ചടയാളവും വാങ്ങി
പരദേശി സുറിയാനിയാം മാർ അവറാഹം തന്നൊടനുവാദവും കേട്ടു ….. ”
എന്നാണ് പള്ളിപ്പാട്ടിന്റെ തുടക്കം . AD 1653 ലെ പ്രശസ്തമായ കൂനൻകുരിശ് സത്യപ്രതിജ്ഞയിൽ ചെറിയപള്ളിയിൽ നിന്നും മലങ്കര നസ്രാണികൾ പങ്കെടുത്തതായി കരുതപ്പെടുന്നു.
🌻ചെറിയ പള്ളിയുടെ സ്ഥാപനം ഒരു വാമൊഴിക്കഥ
തമ്പുരാനെ കാളയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച കഥ.
ചെറിയപള്ളിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഒരു വാമൊഴികഥയുമുണ്ട്. തെക്കുംകൂർ രാജ്യത്തെ നാവികസൈന്യത്തിന് വേണ്ടി തോക്കുകൾ ഘടിപ്പിച്ച വടക്കനോടിവള്ളങ്ങൾ നിർമ്മിക്കുകയും വള്ളങ്ങൾക്ക് മീൻനെയ് തേച്ച് സംരക്ഷിക്കുകയും ചെയ്യുന്നതിനായുള്ള വള്ളപ്പുരകൾ താഴത്തിടത്തിലെ കോട്ടയത്തുകടവിൻ്റെ തെക്കുഭാഗത്ത് പള്ളിക്കോണം തോടിനോടു ചേർന്നുണ്ടായിരുന്നു. കോക്കിയിൽ എന്നു പേരായ ഒരു നസ്രാണികുടുംബക്കാരായിരുന്നു പരമ്പരാഗതമായി ഇക്കാര്യങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത്. വർഷകാലത്ത് പള്ളിക്കോണം പാടത്ത് വെള്ളം കയറിക്കിടക്കുന്ന കാലത്ത് നാവികസൈന്യമായ ജോനകപ്പടയുടെ വള്ളത്തിലുള്ള അഭ്യാസപ്രകടനങ്ങളും ഇവിടെ അരങ്ങേറിയിരുന്നുവത്രേ!
തെക്കുംകൂർ രാജാക്കന്മാർ മിക്കവാറും ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് തളിക്കോട്ടയുടെ തെക്കേ കോട്ടവാതിലിലൂടെ പുറത്തിറങ്ങി താഴത്തിടത്തിൽ വരികയും തുടർന്ന് വള്ളപ്പുരയിലെ പണികളും പള്ളിക്കോണം വയലിലെ കൃഷിയുമൊക്കെ കാണുകയും വൈകുന്നേരത്തെ കാറ്റുകൊണ്ടിരിക്കുകയും പതിവായിരുന്നു.
ചെറിയപള്ളി സ്ഥാപനകാലത്തെ തെക്കുംകൂർ രാജാവായ ആദിത്യവർമ്മ ഒരിക്കൽ പള്ളിക്കോണത്ത് ചിറയിൽ കാറ്റുകൊണ്ടിരിക്കുകയായിരുന്നു. അക്കാലത്ത് പള്ളിക്കോണത്തെയും വേളൂരിലെയും പണ്ടാരപ്പാട്ടനിലങ്ങളിലെ കൃഷിക്ക് നിലമുഴുന്നതിനായി ഉഴവുമാടുകളെ സംരക്ഷിക്കുന്ന ഒരു എരുത്ത് പള്ളിക്കോണം വയലിൻ്റെ തെക്കുകിഴക്കേ ഭാഗത്തെ മലഞ്ചെരുവിലുണ്ടായിരുന്നു. കൊയ്ത്തു കഴിഞ്ഞ കാലമായതിനാൽ ഈ ഉഴവുമാടുകൾ വയലിൽ മേഞ്ഞുനടന്നിരുന്നു. ഇക്കൂട്ടത്തിലെ ഒരു കൂറ്റൻകാള എന്തോ കാരണത്താൽ പെട്ടെന്ന് പ്രകോപിതനാവുകയും രാജാവിൻ്റെ നേരേ പാഞ്ഞടുക്കുകയും ചെയ്തു. അസാമാന്യ കായികശേഷിയുള്ള ഒരു നസ്രാണിയായിരുന്നു അകമ്പടിനായകനായി രാജാവിനെ അനുഗമിച്ചിരുന്നത്. കാളയുടെ വരവു കണ്ട് ഏവരും പരിഭ്രമിച്ചപ്പോൾ ഈ അകമ്പടിക്കാരൻ തൻ്റെ ജീവൻ പണയം വച്ച് കൊമ്പുകുലുക്കി പാഞ്ഞുവരുന്ന കാളയുടെ നേരേ അടുത്തു. കാള രാജാവിനെ സമീപിക്കുന്നതിന് തൊട്ടുമുമ്പു തന്നെ ഈ നസ്രാണി കാളയുടെ കൊമ്പുകളിൽ പിടിത്തമിടുകയും അതുമായി അല്പനേരം ഏറ്റുമുട്ടിയ ശേഷം കാളയുടെ ശിരസ്സ് നിലത്തിടിപ്പിച്ച് അതിനെ വീഴ്ത്തുകയും ചെയ്തു. തൻ്റെ ജീവൻ രക്ഷപ്പെടുത്തിയതിൽ അകമ്പടിനായകനിൽ സംപ്രീതനായ തമ്പുരാൻ: “എൻ്റെ ജീവൻ്റെ വിലയായി ഞാൻ എന്താണ് നിനക്ക് തരേണ്ടുന്നത്?” എന്ന് ആവശ്യപ്പെട്ടു.
വലിയപള്ളിയിൽ തെക്കുംഭാഗരും വടക്കുംഭാഗരും തമ്മിലുള്ള ഭിന്നതകൾ മൂർച്ഛിക്കുകയും വടക്കുംഭാഗർക്ക് സ്വന്തമായി മറ്റൊരു പള്ളി വേണമെന്ന ആഗ്രഹം അവരിൽ വളരുകയും ചെയ്ത കാലമായിരുന്നു അത്. അതുകൊണ്ടു തന്നെ ഈ അകമ്പടിനായകനാകട്ടെ ആവശ്യപ്പെട്ടത് ഇങ്ങനെയാണ്: “അടിയങ്ങളുടെ ആൾക്കാർ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടതകൾ തിരുവുളളത്തിലേക്ക് അറിവുള്ളതാണല്ലോ. അതിനാൽ എനിക്കായി മാത്രം ഒരു സമ്മാനവും ഈയുള്ളവൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ആർക്കാർക്കായി പുതിയൊരു പള്ളി പണിഞ്ഞുതരാൻ കനിവുണ്ടാകണമേന്നേ ഉണർത്താനുള്ളൂ.”
ഈ വാക്കുകൾ കേട്ട് രാജാവിനോട് നസ്രാണിനായകനോട് വളരെ മതിപ്പുണ്ടായെന്നും പുറങ്കാവിൽ ഔസേപ്പ് കത്തനാരും നസ്രാണിപ്രമുഖരും രാജാവിനെ മുഖം കാണിച്ച് പള്ളിക്കായി അപേക്ഷിച്ചപ്പോൾ അതു നടപ്പിലാക്കിക്കൊടുക്കുന്നതിന് ഇതൊരു നിമിത്തമായി തീർന്നുവെന്നുമാണ് വിശ്വാസം
🌻കോട്ടയം ചെറിയ പള്ളി സവിശേഷത
കൊച്ചിയിൽ നിന്നെത്തിയ പോർച്ചുഗീസ് വാസ്തുവിദ്യാവിദഗ്ധരെ കൂടാതെ തെക്കുംകൂറിലെ സ്ഥപതിമുഖ്യൻമാരും ശില്പികളുംപള്ളിയുടെ നിർമ്മാണ പ്രവർത്തനത്തിൽ ഒത്തുചേർന്നു. താഴത്തങ്ങാടിയിലും സമീപപ്രദേശങ്ങളിലും മാത്രം കാണപ്പെടുന്ന സവിശേഷമായ പറങ്കി – സുറിയാനി – കേരള മിശ്ര വാസ്തുവിദ്യാരീതി ഇവിടെ കാണാം.ബറാക് – നിയോ ഗോഥിക് ശൈലിയുടെയും കേരളീയ വാസ്തുവിദ്യയുടെയും മികച്ച സമന്വയമാണ് പള്ളിയുടെ പ്രാകാരം.
പള്ളിയുടെ മദ്ബഹയിൽ മൂന്നു വശത്തും മേൽഭാഗത്തുമായി പ്രകൃതിജന്യമായ ചായക്കൂട്ടുകൾ കൊണ്ട് രചിച്ചിരിക്കുന്ന ചിത്രങ്ങളുണ്ട്. ക്രിസ്തുവിൻ്റെ അന്ത്യനാളുകളിലെ സംഭവങ്ങളും കുരിശാരോഹണവും ചുവരുകളിൽ ചിത്രീകരിച്ചിരിക്കുന്നു.യൂറോപ്യൻ രീതിയിലുള്ള വേഷവിധാനങ്ങളാണ് ചിത്രത്തിലെ രൂപങ്ങളിലുള്ളത്.
AD 1795 ൽ പുന്നത്ര തിരുമേനിയുടെ പിതാവായ കൊച്ചാക്കോ തരകന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ചതാണ് ഗജപൃഷ്ട(ആനപ്പള്ള) ആകാരത്തിൽ വെട്ടുകല്ലിൽ കൊത്തിയുണ്ടാക്കിയ പള്ളിയുടെ ചുറ്റുമതിൽ. പള്ളിയുടെ മുൻഭാഗത്തെ ശില്പങ്ങളും വിശേഷപ്പെട്ടതാണ്. പഴയ കോട്ടയം പട്ടണത്തിൽ തളിയിൽ കോട്ടയിലേയ്ക്കുള്ള രാജവീഥിയുടെ വടക്കുഭാഗത്തായി AD 1579 ൽ സ്ഥാപിതമായ ചെറിയ പള്ളി കോട്ടയത്തെ മലങ്കര നസ്രാണികളുടെ (വടക്കുംഭാഗക്കാർ) മാതൃദേവാലയം എന്നതിലുപരി വാസ്തുവിദ്യാമേന്മ കൊണ്ടും മദ്ബഹയിലെ പുരാതനമായ ചുവർചിത്രങ്ങളെ കൊണ്ടും ലോകശ്രദ്ധ ആകർഷിച്ച ക്രൈസ്തവ ആരാധനാലയമാണ്.
🌻മാർ ഗബ്രിയേലും ചെറിയ പള്ളിയും
AD 1708 മുതൽ 1730 വരെ നിനവേ സ്വദേശിയായ മാർ ഗബ്രിയേൽ എന്ന നെസ്തോറിയൻ മെത്രാൻ പള്ളിയിലെ മേൽപ്പട്ടക്കാരനായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് പ്രശസ്ത ഡച്ച് ചാപ്ലയിനും ചരിത്രകാരനുമായ ജേക്കബ്സ് കാൻറർ വിഷർ പള്ളി സന്ദർശിച്ചതായി വിഷറുടെ “ഹിസ്റ്ററി ഓഫ് മലബാർ” എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. കോട്ടയത്തെ ഉയർന്ന കുന്നിൻപുറത്തെ പള്ളിയിൽ ബിഷപ്പ് ഗബ്രിയേലിനെ കണ്ടു സംസാരിച്ചു എന്നും തെക്കുംകൂർ രാജാവ് തനിക്ക് രണ്ടു വീരശൃംഖലകൾ സമ്മാനിച്ചു എന്നും വിഷർ അറിയിക്കുന്നു. നെസ്തോറിയൻ – യാക്കോബായ വൈരുദ്ധ്യങ്ങളുടെ ഭാഗമായി മലങ്കര സുറിയാനി സഭയുടെ മേലധ്യക്ഷനായ മാർത്തോമാ നാലാമൻമാർക്ക് ഗബ്രിയേലിനോട് അനിഷ്ടമുണ്ടാകയാൽ ഇദ്ദേഹത്തെ തിരിച്ചുവിളിക്കുന്നതിന് അന്തോഖ്യൻ പാത്രിയർക്കീസിന് മേൽ സമ്മർദ്ദമുണ്ടായിട്ടും നടപ്പായില്ല. മാർ ഗബ്രിയേൽ പശ്ചിമേഷ്യയിൽ വളരെ ആരാധ്യനും പോപ്പിനും പാത്രിയർക്കീസിനും മതിപ്പുള്ള വ്യക്തി ആയിരുന്നു. ചെറിയപള്ളിയിൽ തന്നെ തുടർന്ന മാർ ഗബ്രിയേൽ AD1730 ൽ കാലം ചെയ്തപ്പോൾ ചെറിയപള്ളിയുടെ മദ്ബഹയിൽ കബറടക്കി. നെസ്തോറിയൻ വിശ്വാസധാരയോട് കടുത്ത എതിർപ്പ് പിൽക്കാലത്ത് ഉണ്ടാകയാൽ മാർ ഗബ്രിയേലിൻ്റെ കല്ലറ മദ്ബഹയിൽ നിന്ന് നീക്കം ചെയ്തു. ശവകുടീരത്തിൻ്റെ ഭാഗമായിരുന്ന കൊത്തിയെടുത്ത ലിഖിതങ്ങളോടു കൂടിയ ഫലകം പള്ളിമേടയുടെ കോവണിപ്പടിയോടു ചേർന്ന് സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ മാർ ഗബ്രിയേലിൻ്റെ ഛായാചിത്രവും പള്ളിമേടയിൽ സൂക്ഷിച്ചിരിക്കുന്നു. തൻ്റെ ആത്മീയ പ്രഭാവം കൊണ്ടും ജനങ്ങൾക്കിടയിലുള്ള കാരുണ്യപ്രവർത്തനങ്ങൾ കൊണ്ടും തെക്കുംകൂർ രാജാവിനും പട്ടണവാസികൾക്കും പ്രിയങ്കരനും ആരാധ്യനുമായിരുന്നു എന്നത് വാമൊഴിയായി നിലനിന്നു വരുന്നു. മാർ ഗബ്രിയേലിൻ്റെ ആണ്ടുശ്രാദ്ധം രണ്ടു നൂറ്റാണ്ട് മുമ്പുവരെ ചെറിയപള്ളിയിൽ ആചരിച്ചിരുന്നതായും പിൽക്കാലത്ത് നിലച്ചുപോയതായും അറിയാൻ കഴിയുന്നു.
🌻ചെറിയ പള്ളിയെ നയിച്ച വികാരിമാർ
പുന്നത്ര, വേങ്കടത്ത്, എരുത്തിക്കൽ, ഉപ്പൂട്ടിൽ, കാരയ്ക്കാട്ട് എന്നീ കുടുംബങ്ങളിൽ നിന്നുള്ള വൈദികരായിരുന്നു മുൻകാലങ്ങളിൽ പള്ളിയുടെ വികാരി സ്ഥാനം വഹിച്ചിരുന്നത്. ആദരണീയരായ പുലിക്കോട്ടിൽ മാർ ദീവന്യാന്യോസ് ഒന്നാമൻ, ചേപ്പാട് മാർ ദീവന്യാസ്യോസ്, പുന്നത്ര ഗീവർഗീസ് മാർ ദിവന്യാസ്യോസ്, പുലിക്കോട്ടിൽ മാർ ദിവന്യാസ്യോസ് രണ്ടാമൻ, നവീകരണപക്ഷത്തേക്ക് പോയ പാലക്കുന്നത്ത് മാർ അത്താനാസിയോസ് എന്നീ മെത്രാപ്പോലീത്ത മാർ ചെറിയപള്ളി ആസ്ഥാനമാക്കിയാണ് സഭയെ നയിച്ചത്. കോട്ടയത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച് പഴയ സെമിനാരിയിൽ പഠിത്തവീടിന് തുടക്കം കുറിച്ച് പുലിക്കോട്ടിൽ ദിവന്യാസ്യോസ് ഒന്നാമൻ തീരുമാനമെടുത്തത് ചെറിയപളളിയിലിരുന്നാണ്. അതിനുമുമ്പ് ചെറിയപള്ളി കേന്ദ്രീകരിച്ച് വൈദിക വിദ്യാലയം നിലവിലിരുന്നു. പിൽക്കാലത്ത് പുന്നത്ര മാർ ദിവന്യാസോസ് മിഷണറിമാരുമായി ചേർന്ന് അത് പ്രാവർത്തികമാക്കിയപ്പോൾ പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതും ചെറിയപള്ളിയിൽ വച്ചാണ്. പുന്നത്ര തിരുമേനി 1825 ൽ കാലം ചെയ്തപ്പോൾ പള്ളിയുടെ മദ്ബഹയിൽ കബറടക്കി. എം.ഡി സെമിനാരി സ്ഥാപകനായ പുലിക്കോട്ടിൽ മാർ ദിവന്യാസ്യോസ് രണ്ടാമൻ താമസിച്ചിരുന്നതും കാലം ചെയ്തതും പള്ളിമേടയിലാണ്. നവീകരണ പക്ഷവാദിയായ താഴത്തു ചാണ്ടപ്പിള്ള കത്തനാർ ചെറിയപള്ളിയിൽ വികാരിയായിരുന്ന കാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്റോയി ലോർഡ് ഇർവിൻ പള്ളി സന്ദർശിച്ചിട്ടുണ്ട്. പുന്നത്ര തിരുമേനിയെ കൂടാതെ യൂഹാനോൻ മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, ഡോ. ഫിലിപ്പോസ് മാർ തിയോഫിലോസ് മെത്രാപ്പോലിത്ത എന്നീ സഭാപിതാക്കന്മാരും ചെറിയപള്ളി മഹായിടവകയിൽ പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു.
🌻ചെറിയ പള്ളി ഇടവകയുടെ കീഴിലെ മറ്റു പള്ളികൾ
കേരളത്തിലെ മലങ്കര സുറിയാനി സഭയിലെ സുപ്രധാന ചരിത്രസംഭവങ്ങൾക്ക് കോട്ടയം ചെറിയപള്ളി വേദിയായിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അന്ത്യദശയിൽ അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനിയാസ്യോസും പള്ളി വികാരിയായിരുന്ന താഴത്ത് ചാണ്ടപ്പിള്ള കത്തനാരും നവീകരണപക്ഷത്ത് നിലകൊണ്ടപ്പോൾ ഭൂരിപക്ഷം വരുന്ന യാക്കോബായ ഓർത്തഡോക്സ് പക്ഷക്കാർ അല്പം തെക്കു മാറി പുത്തൻപള്ളി സ്ഥാപിച്ച് ആരാധന തുടങ്ങി. പിൽക്കാലത്ത് കോടതി വിധിയുടെ ഫലമായി ചെറിയപള്ളി ഇക്കൂട്ടർക്ക് തിരികെ ലഭിച്ചപ്പോൾ പുത്തൻപള്ളി സെമിത്തേരിപ്പള്ളിയാക്കി നിലനിർത്തി. AD 1650 നോടടുത്ത് കൂടുതൽ നസ്രാണി കുടുംബങ്ങൾ വ്യാപാരകാര്യങ്ങൾക്കായി കോട്ടയം പട്ടണത്തിൽ എത്തിച്ചേർന്നപ്പോൾ അവർക്കായി തെക്കുഭാഗത്ത് ഒരു അങ്ങാടി സ്ഥാപിക്കുകയും അതിനടുത്ത് വീടുവയ്ക്കാൻ സ്ഥലങ്ങളും നൽകി അന്നത്തെ രാജാവായിരുന്ന മറ്റൊരു കോതവർമ്മ. അവരും ചെറിയപള്ളിയിൽ തന്നെ ആരാധന നടത്തി. എന്നാൽ അങ്ങാടിയിൽ സ്ഥാപിച്ച ഒരു മരക്കുരിശിനെ കേന്ദ്രീകരിച്ച് അവിടെ ആരാധന തുടങ്ങുകയും കാലക്രമേണ പള്ളിയായി മാറുകയും ചെയ്തു. പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ആശീർവദിച്ച് മദ്ബഹയിൽ സ്ഥാപിച്ച കുരിശാണ് ഇന്ന് പുത്തനങ്ങാടി കുരിശുപള്ളിയിൽ വിശ്വാസികളുടെ അഭയസ്ഥാനം. കുരിശുപള്ളിയും ചെറിയപള്ളി ഇടവകയുടെ കീഴിലാണ്. ചെറിയപള്ളി മഹായിടവകയിൽ പെട്ട താഴത്തങ്ങാടിയിലെ ക്രൈസ്തവവിശ്വാസികൾക്കായി താഴത്തങ്ങാടിയിൽ മീനച്ചിലാറിൻ്റെ തീരത്തായി ഒരു കരിങ്കൽകുരിശ് സ്ഥാപിക്കുകയും അതിനു പിന്നിലായി ഓല കെട്ടിമേഞ്ഞ ഒരു പ്രാർത്ഥനാലയം തുടങ്ങുകയും ചെയ്തിരുന്നു. താഴത്തങ്ങാടിയിലെ നസ്രാണികൾക്ക് ആരാധനയ്ക്കായി ഈ ചാപ്പൽ ഉപയോഗിച്ചതു കൂടാതെ 1816 മുതൽ പഴയ സെമിനാരിയിലെത്തുന്ന ഇംഗ്ലീഷ് മിഷണറിമാർ സുവിശേഷപ്രഘോഷണവും നടത്തിവന്നു.1836ൽ മിഷണറിമാരോട് വിയോജിപ്പ് ഉണ്ടായതോടെ അവരെ ഒഴിവാക്കുകയും പ്രാർത്ഥനാലയം പൊളിച്ചുനീക്കുകയും ചെയ്തു. എങ്കിലും കുരിശിങ്കലുള്ള ആരാധന തുടർന്നു. പിന്നീട് 1895 ൽ ഇതിനു തെക്കുഭാഗത്തായി അങ്ങാടിയോട് ചേർന്ന് ചാപ്പൽ പുനസ്ഥാപിച്ച് ആരാധന തുടങ്ങി. 1955 ൽ ബഹനാൻ സഹദയുടെ നാമധേയത്തിൽ മാർ ബസേലിയോസ് പള്ളിയായി ഇത് നവീകരിക്കപ്പെട്ടു.
🌻മാർ അബ്രഹാം, ചെറിയപള്ളി സ്ഥാപിച്ച് ആരാധന തുടങ്ങിയ പരദേശി മെത്രാൻ:
സുറിയാനി ക്രൈസ്തവസഭയുടെ ഇന്ത്യയിലെ കാവൽപിതാവായി അറിയപ്പെട്ട
മാർ അബ്രഹാം എന്ന കിഴക്കൻ സുറിയാനി മെത്രാനാണ് ചെറിയപള്ളി ആദ്യകൂദാശ ചെയ്തപ്പോൾ മുഖ്യകാർമ്മികത്വം വഹിച്ചത്. ചെറിയപള്ളിയുടെ പള്ളിപ്പാട്ടിൽ അതു പറയുന്നുമുണ്ട് . കേരളത്തിലെ സുറിയാനി നസ്രാണിജനതയെ ആത്മീയമായി നയിക്കുന്നതിന് ബാബിലോണിയയിലെ പാത്രിയർക്കീസ് AD 1565 ൽ അയച്ച കൽദ്ദായ മെത്രാനായിരുന്നു മാർ അബ്രഹാം. അങ്കമാലിയിലെ ജാതിക്കുകർത്തവ്യൻ അഥവാ അർക്കദിയാക്കോൻ എന്ന തദ്ദേശീയ സഭാപുരോഹിതന് പിന്തുണയും നിർദ്ദേശവും നൽകിയിരുന്ന് മാർ അബ്രഹാം ആയിരുന്നു. അങ്കമാലി കേന്ദ്രീകരിച്ച് സഭാപ്രവർത്തനങ്ങൾ നടത്തിയ മാർ അബ്രഹാം വൈകാതെ പോർച്ചുഗീസുകാരുടെ കണ്ണിലെ കരടായി. കേരളത്തിലെ സുറിയാനി ക്രൈസ്തവരെ ലത്തീൻ പാതയിലേയ്ക്ക് കൊണ്ടുവരാൻ ഈശോസഭയും പറങ്കി ഭരണാധികാരികളും നടത്തിവന്ന ശ്രമങ്ങളെ ബൗദ്ധികമായി ചെറുത്തു തോൽപ്പിച്ചുകൊണ്ടിരുന്നത് ഇദ്ദേഹമായിരുന്നു. പറങ്കികൾ ഒരിക്കൽ പിടികൂടി വിചാരണ ചെയ്യാൻ ലിസ്ബണിലേയ്ക്ക് അയയ്ക്കും വഴി മൊസാംബിക്കിൽ വച്ച് കപ്പലിൽനിന്ന് ചാടി രക്ഷപ്പെട്ടു. മറ്റൊരു ചരക്കുകപ്പലിൽ കടന്നുകൂടി ഗോവയിലെത്തിയ അദ്ദേഹം വീണ്ടും പറങ്കികളുടെ പിടിയിലായി. തടവു ചാടി രക്ഷപെട്ട അദ്ദേഹം തെക്കേ മലബാറിലെ ഒരു കുന്നിൻ പ്രദേശത്ത് അഭയം തേടിയതായി സഭാചരിത്രകാരനായ തിസ്സറാങ് എഴുതുന്നു. മാർ അബ്രഹാമിന്റെ പിൽക്കാല പ്രവർത്തനങ്ങൾ പലപ്പോഴും പഴയ കോട്ടയം പട്ടണം കേന്ദ്രീകരിച്ചായിരുന്നതിനാൽ തെക്കേ മലബാറിലെ കുന്നിൻപുറം തളിക്കോട്ടയാണെന്ന് വ്യക്തമാകുന്നു. കേരളത്തെയാകെ മലബാർ എന്നാണ് വിദേശികൾ അക്കാലത്ത് വിളിച്ചിരുന്നത്. ദക്ഷിണേന്ത്യയിൽ എക്കാലത്തും അഭയാർത്ഥികൾക്ക് ആതിഥ്യമരുളിയിരുന്ന തെക്കുംകൂർ നാടുവാഴികൾ ഭരിച്ചിരുന്നത് കോട്ടയം ആസ്ഥാനമാക്കിയായിരുന്നു. പുറംനാട്ടുകാർക്ക് അക്കാലത്ത് കോട്ടയത്ത് എത്തിപ്പെടാൻ ദുഷ്കരമായിരുന്നു. അതുകൊണ്ടു തന്നെ സുരക്ഷിതവും.
കോട്ടയത്ത് തളീക്കോട്ടയിൽ തെക്കുംകൂർ രാജാവിന്റെ മുന്നിലെത്തി അഭയം തേടിയ മാർ അബ്രഹാമിനെ രാജാവ് തെക്കുംകൂറിലെ പതിനെട്ടര കളരികളിൽ ഒന്നായ അയ്മനത്തെ കുറുപ്പംവീട്ടിൽ കൈമളുടെ കളരിയിലെ സുരക്ഷിതസ്ഥാനത്തേയ്ക്ക് സകല ബഹുമാനങ്ങളും നൽകി അയച്ചു. കൈമളുടെ വസതിയിൽ കുറേകാലം തിരുമേനി വസിച്ചിട്ടുണ്ടാകണം. ചെമ്പകശ്ശേരി സൈന്യത്തിലെ നസ്രാണി സൈനികരെ അഭ്യസിച്ചിരുന്നത് ഈ കളരിയിൽ ആയിരുന്നു. AD 1570ൽ കോട്ടയം വലിയപള്ളി പുതുക്കിപ്പണിത് കൂദാശ ചെയ്തതും മാർ അബ്രഹാം മെത്രാനാണ്. പറങ്കി സ്വാധീനത്തിനെതിരെ സധൈര്യം പോരാട്ടിയ മാർ അബ്രഹാം AD 1597ൽ അങ്കമാലിയിൽ വച്ച് കാലം ചെയ്തു. അങ്കമാലിയിലെ ഹൊർമീസ് പള്ളിയിൽ അദ്ദേഹത്തെ കബറടക്കി. രണ്ടു വർഷങ്ങൾക്ക് ശേഷം AD 1599ൽ മാത്രമാണ് മാർ അബ്രഹാം മെത്രാൻ്റെ അസാന്നിധ്യം മുതലെടുത്ത് ഉദയംപേരൂർ സുന്നഹദോസിൽ വച്ച് നസ്രാണികളെ പോപ്പിന്റെ കീഴിൽ ലത്തീൻ ആരാധനാക്രമത്തിൽ കൊണ്ടുവരാൻ പറങ്കികൾക്ക് സാധിച്ചുള്ളൂ.
🌻ചെറിയ പള്ളി നിർമ്മാണവും മൂത്താശാരിയുടെ ആത്മാഹൂതിയും
മറ്റൊരു വാമൊഴികഥ:
ചെറിയപള്ളി തുടങ്ങിയ കാലത്ത് മറുഭാഗത്തു നിന്ന് കടുത്ത എതിർപ്പുകളും ഉണ്ടായി. പള്ളിയുടെ പണി തടയുന്നതിന് ചിലർ ശ്രമിച്ചുകൊണ്ടിരുന്നു. അവരിലൊരാൾ തടിപ്പണി നടക്കുന്ന പണിശാലയിലെത്തി മൂത്താശാരിയുമായി സൗഹൃദത്തിലായി. പണിക്കിടയിൽ മുറുക്കും വെടിവട്ടവുമായി അയാൾ അവിടെ കൂടി. മേൽക്കൂട്ടിൻ്റെ കഴുക്കോലിൻ്റെയും ഉത്തരത്തിൻ്റെയും പണിയിലായിരുന്നു മൂത്താശാരി. മൂത്താശാരി പുറത്തേക്ക് മാറുന്ന അവസരങ്ങളിലൊക്കെ അദ്ദേഹത്തിൻ്റെ മുഴക്കോൽ ഇയാൾ ചാണക്കല്ലിൽ തുടർച്ചയായി ഉരച്ച് നീളം കുറച്ചു കൊണ്ടിരുന്നു. ഈ നീളവ്യത്യാസം മൂത്താശാരിയുടെ ശ്രദ്ധയിൽ പെട്ടതുമില്ല. കഴുക്കോലുകൾ പണിതു തീർക്കുന്നതു വരെ ഓരോ ദിവസവും ഇതു തുടർന്നു കൊണ്ടേയിരുന്നു. മൂത്താശരി ഈ മുഴക്കോൽ കൊണ്ട് അളവെടുത്താണ് കഴുക്കോലുകൾ നിർമ്മിച്ചിരുന്നത്. പണിതീർന്ന് മേൽകൂട്ട് ഉറപ്പിക്കേണ്ട ദിവസം വന്നെത്തി. കഴുക്കോലുകൾ ഒന്നൊന്നായി കയറ്റി കൂട്ട് ഉറപ്പിക്കാൻ ശ്രമിച്ചപ്പോൾ ചേരാതെ വന്നു. കിഴക്കുഭാഗത്തെ കഴുക്കോലുകൾ പൊഴിയിലെത്താത്തെ നീളം കുറഞ്ഞിരിക്കുന്നു. എങ്ങനെ സംഭവിച്ചു എന്നത് മൂത്താശാരിക്ക് മനസിലായില്ല. അപമാനിതനായ മൂത്താശാരി രാജകോപം കൂടി ഭയന്ന് മാനസികമായി തകർന്നുപോയി. അന്നു തന്നെ അദ്ദേഹം സ്വയം ജീവൻ വെടിഞ്ഞുവത്രേ.പിന്നീട് ഭിത്തിക്കെട്ടിൽ ഉള്ളിലായി കിഴക്കോട്ട് ക്രമമായി ഒരു തള്ളൽ വരുത്തി പണി തീർത്ത ഉത്തരവും കഴുക്കോലും ബന്ധിപ്പിക്കും വിധം പരിഷ്കരിച്ച് പ്രശ്നം പരിഹരിച്ചു. ഇന്നും വടക്കേ ഭിത്തിയുടെ ഉൾഭാഗത്ത് മുകളിലായി ഭിത്തിയിലെ ഈ കൂട്ടിച്ചേർപ്പ് കാണാവുന്നതാണ്.
🌻പെരുന്നാൾ
പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാ രോപണ തിരുന്നാൾ വാങ്ങിപ്പ് തിരുന്നാൾ എന്നപേരിൽ ഓഗസ്റ്റ് 1മുതൽ 15 വരെ ഭക്തി നിർഭരമായി ആഘോഷിക്കുന്നു.കൂടാതെ പള്ളിയുടെ വാർഷിക തിരുന്നാൾ ജനുവരി 15നു വിത്തുകളുടെ തിരുന്നാൾ എന്ന പേരിൽ ആഘോഷിക്കപ്പെടുന്നു.
വി. ദൈവമാതാവിന്റെ നാമത്തിൽ 418 വർഷങ്ങൾക്ക് മുമ്പ് സ്‌ഥാപിതമായ ഈ പുരാതന ദേവാലയത്തിന് സഭാ ചരിത്രത്തിൽ സുവ്യക്തമായൊരു സ്ഥാനമുണ്ട്. 1958 ലെ സഭാസമാധാനത്തിനു ശേഷം, 1964ൽ പരിശുദ്ധ ഇഗ്‌നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവാ, പ. ഔഗൻ മാർ തിമോത്തിയോസ് കാതോലിക്കാ ബാവാ മുഖേന ലഭ്യമാക്കിയ വി. ദൈവമാതാവിൻറ ഇടക്കെട്ട് ഈ പളളിയിൽ ഭക്തിപുരസ്സരം സ്ഥാപിച്ചിരിക്കുന്നു
മഹനീയ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഈ പള്ളി സന്ദർശിച്ച് ദൈവാനുഗ്രഹം നേടാൻ വായനക്കാർക്ക് കഴിയട്ടെ എന്നാശംസിക്കുന്നു
ലൗലി ബാബു തെക്കെത്തല ✍️
(കടപ്പാട്- ഗൂഗിൾ, പള്ളിക്കോണം രാജീവിന്റെ വിവരണം )