കോട്ടയ്ക്കൽ.–മലബാറിലെ തന്നെ ഏറെ പഴക്കമുള്ള പള്ളികളിലൊന്നാണ് കോട്ടയ്ക്കൽ പാലപ്പുറ ജുമാമസ്ജിദ്. സമ്പന്നമായ ചരിത്രമഹിമ ശിരസ്സിലേറ്റി നിൽക്കുന്ന ആരാധനാലയം. കാക്കാത്തോട് മുതൽ പള്ളിമാട് വരെയുള്ള ഭാഗം കരുവായൂർ മൂസ്സ് പള്ളി പണിയാനായി വിട്ടുനൽകുകയായിരുന്നുവെന്നാണ് പറയുന്നത്. വില്ലൂർ ഭാഗത്തേക്കു പോകാനായി ഉപയോഗിച്ചിരുന്ന “പാലത്തിന് അപ്പുറത്തെ പള്ളി” പാലപ്പുറ പള്ളിയായി മാറി എന്നാണ് അനുമാനം.
ഓലമേഞ്ഞ ചെറുപ്പള്ളിയായാണ് തുടക്കം. പിന്നീട്, പല ഘട്ടങ്ങളിലായി നവീകരിച്ചു. ആദ്യകാലത്ത് പാങ്ങ്, കോൽക്കളം, തലകാപ്പ്, ചൂനൂർ, പുലിക്കോട്, ഇന്ത്യനൂർ, പുത്തൂർ, വില്ലൂർ, കാവതികളം, കോട്ടൂർ, പത്തായക്കല്ല്, ചെറുശോല, ചാപ്പനങ്ങാടി, പറപ്പൂർ, ആട്ടീരി, കോഡൂർ, പുതുപ്പറമ്പ്, ചെമ്മങ്കടവ് തുടങ്ങിയ പ്രദേശങ്ങളെല്ലാം പാലപ്പുറ പള്ളിക്കു കീഴിലായിരുന്നു. പൊന്നാനിയിൽ നിന്നായിരുന്നു പള്ളിയിലേക്കു ജീവനക്കാരെ അയച്ചിരുന്നത്.
വെളിച്ചെണ്ണയിൽ തിരിയിട്ടു കത്തിച്ചായിരുന്നു ആദ്യകാലത്ത് പള്ളിയിൽ വെളിച്ചം ഒരുക്കിയിരുന്നത്. ചാപ്പനങ്ങാടി ബാപ്പു മുസല്യാർ പ്രസിഡന്റ് സ്ഥാനം വഹിച്ച സമയത്താണ് ആദ്യമായി വൈദ്യുതി കടന്നുവന്നത്. പാണക്കാട് പൂക്കോയ തങ്ങൾ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഹൈദരലി തങ്ങൾ തുടങ്ങിയവരെല്ലാം പള്ളിയുടെ ഖാളി സ്ഥാനവും പള്ളിക്കമ്മിറ്റി പ്രസിഡന്റ് സ്ഥാനവും ഒരേസമയം വഹിച്ചിട്ടുണ്ട്. പാണക്കാട് അബ്ബാസലി തങ്ങളാണ് നിലവിൽ ആ സ്ഥാനങ്ങളിലുള്ളത്. ഒറ്റകത്ത് ചേക്കു മുസല്യാർ, ഒറ്റകത്ത് കുഞ്ഞഹമ്മദ് മുസല്യാർ, ഒറ്റകത്ത് സൈനുദ്ദീൻ മുസല്യാർ തുടങ്ങിയ പ്രമുഖരെല്ലാം ഖത്തീബുമാരായി ഇരുന്നിട്ടുണ്ട്. സി.കെ.മൊയ്തീൻ ഫൈസിയാണ് നിലവിൽ ഇമാം. തുടക്കംമുതലേ സാമുദായിക സൗഹാർദം വിളിച്ചോതിയാണ് ആര്യവൈദ്യശാലാ വിശ്വംഭരക്ഷേത്രത്തിനും കൈലാസമന്ദിരത്തിനും വിളിപ്പാടകലെയായി മസ്ജിദ് നിലനിൽക്കുന്നത്.
ആര്യവൈദ്യശാലാ സ്ഥാപകനായ വൈദ്യരത്നം പി.എസ്.വാരിയരാണ് പള്ളിയിലെ മിമ്പറ (പ്രസംഗ പീഠം) നിർമിച്ചത് എന്നത് അക്കാലത്തു തന്നെ നാട്ടുകാർക്കിടയിലുണ്ടായിരുന്ന സൗഹാർദത്തിന് അടിവരയിടുന്നു. പൊന്നാനി പള്ളിയിലേക്കു ജോലിക്കാരെ പറഞ്ഞയച്ചു കൂടുതൽ മനസ്സിലാക്കിയ ശേഷമാണു വാരിയർ ഇവിടെ മിമ്പർ ഒരുക്കിയത്. പള്ളിയിൽ പതിറ്റാണ്ടുകളായി നടക്കുന്ന കുറ്റിക്കാട്ടിൽ ആണ്ടുനേർച്ചയുടെ ഭാഗമായ അന്നദാനത്തിന് ഭക്ഷണം തയാറാക്കാനുള്ള 12 ചെമ്പുപാത്രങ്ങൾ 66 വർഷത്തിലധികമായി സൗജന്യമായി നൽകുന്നത് കൈലാസമന്ദിരത്തിൽ നിന്നാണ്. ആദ്യത്തെ മാനേജിങ് ട്രസ്റ്റിയായിരുന്ന പി.മാധവവാരിയരാണ് തുടക്കമിട്ടത്. പിന്നീട്, പതിവുചടങ്ങായി മാറുകയായിരുന്നു.
പള്ളിയിലേക്കാവശ്യമായ ജനറേറ്റർ കഴിഞ്ഞവർഷം ആര്യവൈദ്യശാല സൗജന്യമായി നൽകിയിരുന്നു. തോപ്പിൽ കുഞ്ഞിപ്പ ഹാജി (ജന.സെക്ര.), മമ്മുകുട്ടി ഹാജി, സി.പി.എം.തങ്ങൾ (വൈസ് പ്രസി.), പരവക്കൽ മുസ്തഫ, ചാലമ്പാടൻ മുഹമ്മദ്കുട്ടി (ജോ.സെക്ര.), പഞ്ചിളി മൊയ്തുപ്പ ഹാജി (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. കോട്ടയ്ക്കൽ ടൗണിൽ നിന്നും കോട്ടപ്പടിയിൽ നിന്നും പുത്തൂരിൽ നിന്നും പള്ളിയിലേക്കു സഞ്ചാരമാർഗമുണ്ട്.
ഊരാളി ജയപ്രകാശ്✍