ഹിന്ദു കലണ്ടർ അനുസരിച്ച് വ്യത്യസ്തമായ ഉദ്ദേശ്യങ്ങൾ ഉൾക്കൊള്ളുന്ന 24 മുതൽ 26 ഏകാദശികൾ ഉണ്ട്. അതിൽ ഒന്നാണ് നാളെ ആഘോഷിക്കപ്പെടുന്ന ഹിന്ദുക്കളുടെ പ്രധാന ഏകാദശിയായ അപാര ഏകാദശി.
ഹിന്ദിയിൽ അപർ എന്ന വാക്കിനർത്ഥം പരിധിയില്ലാത്തത്. ഒരു വ്യക്തിക്ക് പരിധിയില്ലാത്ത സമ്പത്തും ഐശ്വര്യവും ലഭിക്കുമെന്നതാണ് ഈ വ്രതം ആചരിക്കുന്നതിലെ വിശ്വാസം. അതിനാലാണ് ഈ ഏകാദശി അപാര ഏകാദശി എന്നറിയപ്പെടുന്നത്.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വ്യത്യസ്ത പേരുകളാൽ അറിയപ്പെടുന്ന ഒരു ഏകാദശിയാണ് അപാര ഏകാദശി. ജലക്രീഡ ഏകാദശി എന്നറിയപ്പെടുന്ന ഒറീസയിൽ ഇത് ജഗന്നാഥന്റെ ബഹുമാനാർത്ഥം ആഘോഷിക്കുന്നു. അതേസമയം ജമ്മു കാശ്മീർ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഭദ്രകാളി ഏകാദശിയായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ഇന്നേ ദിവസം ഭദ്രകാളിയെ ആരാധിക്കപ്പെടുന്നത് ശുഭകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. തിന്മയുടെ മേൽ നന്മയുടെ വിജയപ്രതീകമായി ഭദ്രകാളി ദേവിയെ ബഹുമാനിക്കുന്നു. അപാര ഏകാദശി ജ്യേഷ്ഠ ഏകാദശിയെന്നുമറിയപ്പെടുന്നുണ്ട്.
പുലരും മുമ്പ് എഴുന്നേറ്റ് കുളികഴിഞ്ഞ് പൂജാമുറി പൂജാ കർമ്മങ്ങൾക്കായി അലങ്കരിക്കണം. മഹാവിഷ്ണു ഭക്തർ ഉപവസിക്കുകയും പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്യുന്നു. വിഷ്ണു വിഗ്രഹം മഞ്ഞ തുണിയിൽ സ്ഥാപിച്ച് ധൂപവും ദിയയും കത്തിച്ച് പൂജയ്ക്ക് തുടക്കം കുറിക്കുന്നു . ചന്ദനം വെറ്റില, പഴം, ഗംഗാ ജലം, തുളസിയില സമർപ്പിച്ചു വിഷ്ണുവിന്റെ പ്രതിമയെ അലങ്കരിച്ചു കൊണ്ട് ഭഗവാനെ ആരാധിക്കുന്നു. പ്രസാദം തയ്യാറാക്കി ഭഗവാന് സമർപ്പിച്ച ശേഷം ഭക്തർക്ക് വിതരണം ചെയ്യുന്നു.
പുണ്യ യജ്ഞങ്ങൾ നടത്തുന്നതിനും ഗോക്കളെ ദാനം ചെയ്യുന്നതിനും തുല്യമാണ് അപാര ഏകാദശിയിലെ വ്രതാനുഷ്ടാനത്തിന്റെ ഫലം. ഇന്നേദിവസം ഭക്തർ മഹാവിഷ്ണു സഹസ്രനാമം ജപിച്ചുകൊണ്ട് രാത്രി മുഴുവൻ ഉറക്കമിളച്ച് ഭഗവാനെ ആരാധിക്കുന്നു.
അപാര ഏകാദശിയ്ക്ക് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ദയാശീലനായ ഒരു ഭരണാധികാരിയായിരുന്നു മഹിധ്വജ്. എന്നാൽ ഇദ്ദേഹത്തിന്റെ ഇളയ സഹോദരനായ വജ്രധ്വജിന് സഹോദരനെ എത്രയും വേഗം ഇല്ലാതാക്കി അധികാരവും രാജ്യവും സ്വന്തമാക്കാനുള്ള ദുരുദ്ദേശമായിരുന്നു. തുടർന്ന് വജ്രധ്വജ് സഹോദരനെ വധിക്കുകയും വനത്തിലെ പീപ്പിൾ മരത്തിൻ ചുവട്ടിൽ സംസ്കരിക്കുകയും ചെയ്തു.
ദൗർഭാഗ്യകരമായ വിയോഗം മൂലം ആത്മാവിന് മോചനം ലഭിക്കാത്ത മഹിധ്വജ് ആ മരത്തിൽ പ്രേതത്തെ പോലെ തുടരുകയും വഴിയേപോകുന്ന യാത്രക്കാരെ ശല്യപ്പെടുത്താനും തുടങ്ങി. ഒരു ദിവസം അതുവഴി കടന്നുപോയ ഋഷി തന്റെ അമാനുഷികമായ കഴിവിലൂടെ എല്ലാം തിരിച്ചറിഞ്ഞു.
രാജാവിന്റെ ആത്മാവ് അലഞ്ഞു തിരിയുന്നതിനുള്ള കാരണം അറിഞ്ഞ ഋഷി രാജാവിന്റെ മോക്ഷത്തിനായി അപാര ഏകാദശി വ്രതം അനുഷ്ഠിക്കുകയും വ്രതാനുഷ്ഠാനുത്തിലൂടെ പ്രേതാത്മാവിൽ നിന്നും രാജാവ് മുക്തി നേടുകയും ചെയ്തു. വ്രതത്തിലൂടെ നേടിയ പുണ്യം ഋഷി രാജാവിൽ സമർപ്പിക്കുകയും മരണാനന്തര ജീവിതത്തെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്തു. ഇതേതുടർന്ന് രാജാവിന്റെ ആത്മാവ് മോക്ഷം പ്രാപിക്കുകയും മരണാനന്തര യാത്ര തുടരുകയും ചെയ്തു.
അപാര ഏകാദശി ദിനത്തിൽ കർമ്മങ്ങൾ ഭക്തിയോടെ അനുഷ്ഠിക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങളിൽ നിന്ന് ഭക്തർ വിമുക്തമാക്കപ്പെടുന്നു.
ജലപാനം പോലും ഇല്ലാതെ അപാര ഏകാദശി വ്രതമനുഷ്ഠിക്കുന്നു ഭക്തർ. അതിനാൽ ഈ വ്രതം അചല ഏകാദശി വ്രതം എന്നുമറിയപ്പെടുന്നു. വ്രതമ നുഷ്ഠിക്കാൻ സാധിക്കാത്തവർ കഴിയുന്നത്ര ഭഗവൽ നാമങ്ങൾ ഭക്തിയോടെ ജപിക്കുന്നത് സവിശേഷമായ ഫലം നൽകുന്നു.
ഏകാദശിയിലെ സൂര്യോദയത്തോടെ ആരംഭിക്കുന്ന അപാര ഏകാദശി വ്രതം ദ്വാദശിയിലെ (12-ാം ദിവസം) സൂര്യോദയത്തോടെ അവസാനിക്കുന്നു.
ഏവർക്കും അപാര ഏകാദശി ആശംസകൾ 🙏
ശുഭം
ജിഷ ദിലീപ്✍