കോട്ടയ്ക്കൽ.–ഓണ സീസണിൽ ചെണ്ടുമല്ലിക്കൃഷിയിൽ സ്വയം പര്യാപ്തത നേടുക. ആര്യവൈദ്യശാലാ ധർമാശുപത്രി വളപ്പിൽ അത്യുൽപാദന ശേഷിയുള്ള വിത്തിറക്കുമ്പോൾ അധികൃതരുടെ ലക്ഷ്യം ഇതായിരുന്നു. 3 മാസത്തെ പരിചരണത്തിൽ ഒരുക്കിയത് വർണാഭമായ ചെണ്ടുമല്ലി തോട്ടമാണ്.
ആശുപത്രി സൂപ്രണ്ട് ഡോ. ലേഖ, സീനിയർ മാനേജർ പി.പി.രാജൻ എന്നിവരാണ് മുൻകയ്യെടുത്തത്. മറ്റു ജീവനക്കാരായ ബാലകുമാർ, കെ.പി.ബിനോയ്, മനോജ് തുടങ്ങിയവർ നേതൃത്വം നൽകി. 10 സെന്റിലേറെ വരുന്ന സ്ഥലത്താണ് തോട്ടം തയാറാക്കിയത്. ആശുപത്രി ജീവനക്കാരുടെ ആവശ്യങ്ങൾക്കായാണ് പൂക്കൾ ഉപയോഗിക്കുന്നത്. അതോടൊപ്പം, ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന ഒട്ടേറെ പേർക്കു കണ്ണിനു കുളിർമ നൽകുന്ന കാഴ്ചയുമാണ്.
ചെണ്ടുമല്ലിക്കൊപ്പം തന്നെ ചേമ്പ്, ചേന, പയർ തുടങ്ങിയ ഇനങ്ങളും കൃഷി ചെയ്യുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന രോഗികൾക്കു നൽകുന്ന ഭക്ഷണത്തിൽ ഇവ ഉപയോഗിച്ചു തയാറാക്കിയ വിഭവങ്ങളും ഇടംനേടുന്നു. അടുത്ത തവണ കൃഷി കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിക്കാനാണ് തീരുമാനം.
പൂ പറിക്കാൻ പോരുമോ പോരുമോ! ഓണത്തിനു മറുനാടൻ പൂക്കളെ ആശ്രയിക്കുന്ന ശീലം മലയാളികൾ സ്വന്തമാക്കിയെങ്കിലും കുട്ടികൾ കാടും മേടും താണ്ടി പൂക്കൾ പറിക്കുന്നത് അപൂർവമായെങ്കിലും കാണാം. കോട്ടയ്ക്കൽ കോട്ടൂരിൽ നിന്നുള്ള കാഴ്ച.