കോട്ടയ്ക്കൽ.–കണ്ണൂർ കൊട്ടിയൂർ ശിവക്ഷേത്രത്തിലെ പാത്രങ്ങൾ വെട്ടിത്തിളങ്ങുന്നതിന് കാരണക്കാരൻ മലപ്പുറത്തുകാരനാണ്. ക്ഷേത്രത്തിൽ നടക്കുന്ന വൈശാഖ
ഉത്സവത്തിന്റെ ഭാഗമായ അഭിഷേകത്തിനും അന്നദാനത്തിനുമുള്ള പാത്രങ്ങൾക്കു 20 വർഷമായി ഈയംപൂശുന്നത് കണ്ണമംഗലം പണ്ടാരപ്പെട്ടി ബീരാൻകുട്ടി എന്ന എഴുപതുകാരനാണ്.
ഉത്സവത്തിനു ഒരു മാസം മുൻപുതന്നെ ബീരാൻകുട്ടി ക്ഷേത്രത്തിലെത്തും. അവിടെ താമസിച്ചാണ് പാത്രങ്ങൾക്കു ഈയംപൂശുന്നത്. സഹായിയും കൂടെയുണ്ടാകും. പാത്രങ്ങൾ കഴുകി വൃത്തിയാക്കി വെളുത്തീയവും നവസാരവും ചേർത്താണ് ഈയംപൂശൽ.
വർഷങ്ങൾക്കുമുൻപ് ജോലി തേടിയാണ് ബീരാൻകുട്ടി തളിപ്പറമ്പിലെത്തിയത്. സി.കുഞ്ഞികൃഷ്ണൻ നായർ, സി.എച്ച്. ഗോപാലൻ നായർ, പി.ഗോപാലൻ നായർ തുടങ്ങിയവർക്കായിരുന്നു അക്കാലത്ത് ക്ഷേത്രത്തിലെ പാത്രങ്ങൾ വൃത്തിയാക്കാനുള്ള ചുമതല. ഇവർക്കൊപ്പം ചേർന്നാണ് ബീരാൻകുട്ടിയും ജോലി പഠിച്ചത്. കൊട്ടിയൂരിനുപുറമേ ഉത്തര മലബാറിലെ പല ക്ഷേത്രങ്ങളിലും പാത്രങ്ങൾ പുതുപുത്തൻ പോലെ ഇരിക്കുന്നതിനു കാരണം ബീരാൻകുട്ടിയുടെ കൈകളാണ്.
മാനന്തവാടി വള്ളിയൂർ ക്ഷേത്രം, തിരുനെല്ലി വിഷ്ണു ക്ഷേത്രം, തലശേരി ജഗന്നാഥ ക്ഷേത്രം, കാസർകോഡ് മല്ലികാർജുന ക്ഷേത്രം തുടങ്ങിയവ കൂട്ടത്തിൽപെടും. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ക്വട്ടേഷൻ വഴിയാണ് കരാർ ഏറ്റെടുക്കുന്നത്. ഓണ സീസണിൽ പൂക്കൃഷിയും ചെയ്യാറുണ്ട് ബീരാൻകുട്ടി.
27 ദിവസം നീളുന്ന വൈശാഖ ഉത്സവം ജൂൺ17ന് സമാപിക്കും.
— – – – – – – –