പാലക്കാട്: യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസിൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടി ഇന്ത്യൻ റെയിൽവേ. 16527 യശ്വന്ത്പുർ കണ്ണൂർ സർവീസിലും 16528 കണ്ണൂർ യശ്വന്ത്പുർ സർവീസിലും രണ്ട് ജനറൽ കോച്ചുകൾ വീതമാണ് കൂടുക.
രാവിലെ കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക് യാത്ര ചെയ്യാൻ യശ്വന്ത്‌പുർ എക്സ്പ്രസിനെ ആശ്രയിക്കുന്നവർക്ക് നേരിയ ആശ്വാസം ലഭിക്കുന്നതാണ് പുതിയ തീരുമാനം. അടുത്തവർഷം ആദ്യമാണ് പുതിയ കോച്ചുകൾ പ്രാബല്യത്തിൽ വരികയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
രണ്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ ഒഴിവാക്കിയാണ് രണ്ട് ജനറൽ കോച്ചുകൾ യശ്വന്ത്‌പുർ എക്സ്പ്രസിൽ അധികമായി ചേർക്കുന്നത്. കണ്ണൂർ യശ്വന്ത്പുർ എക്സ്പ്രസിൽ 2025 ജനുവരി 24 മുതലും, യശ്വന്ത്പുർ കണ്ണൂർ എക്സ്പ്രസിൽ 2025 ജനുവരി 25 മുതലുമാണ് രണ്ട് ജനറൽ കോച്ചുകൾ കൂടി വരിക. ഇതോടെ ട്രെയിനിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലായി ഉയരും.
ജനറൽ കോച്ചുകൾ കൂടുന്നതോടെ യശ്വന്ത്പുർ എക്സ്പ്രസിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം ഒമ്പതായി കുറയും. ഇതിന് പുറമെ നാല് എസി കോച്ചും ഒരു ഭിന്നശേഷി കോച്ചുമാണ് ട്രെയിനിൽ ഉണ്ടാവുക. യശ്വന്ത്പുരിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസ് രാവിലെ കണ്ണൂർ ഭാഗത്തേക്ക് ജോലിയ്ക്ക് പോകുന്നവർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ്.
യശ്വന്ത്പുർ – കണ്ണൂർ (YPR – CAN) എക്സ്പ്രസ് (16527)
പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ നിന്നുള്ളവർ രാവിലെ യാത്രയ്ക്ക് ആശ്രയിക്കുന്ന സർവീസാണ് യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ്. ദിവസവും രാത്രി 8:00 മണിയ്ക്ക് യശ്വന്ത്പുരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 04:50 നാണ് പാലക്കാട് ജങ്ഷനിലെത്തുക. തുടർന്ന് ഷൊർണൂർ ജങ്ഷൻ 05:55, കുറ്റിപ്പുറം 06:29, തിരൂർ 06:48, പരപ്പനങ്ങാടി 07:09, കോഴിക്കോട് 07:37, കൊയിലാണ്ടി 07:59, വടകര 08:19, തലശേരി 08:43 സ്റ്റേഷനുകൾ പിന്നിട്ട് 9:30 ഓടെ കണ്ണൂരിൽ എത്തിച്ചേരും.
കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസ് (16527)
വൈകീട്ട് 06:05ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന യശ്വന്ത്പുർ എക്സ്പ്രസ് തലശേരി 06:24, വടകര 06:39, കൊയിലാണ്ടി 06:59, കോഴിക്കോട് 07:27, പരപ്പനങ്ങാടി 07:52, തിരൂർ 08:03, കുറ്റിപ്പുറം 08:19, ഷൊർണൂർ ജങ്ഷൻ 09:00, പാലക്കാട് ജങ്ഷൻ 09:57 എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയം.