ശുചിത്വ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീനാ പ്രഭ 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്‍റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി.
129,57,16,151 രൂപ ആകെ വരവും, 124,36,06,721 രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 5,21,09,430 രൂപ നീക്കിയിരിപ്പുണ്ട്.
ശുചിത്വമേഖലയ്ക്ക് 10 കോടി 30 ലക്ഷം രൂപയും കാര്‍ഷിക മേഖലയ്ക്ക് ഏഴ് കോടി 16 ലക്ഷം രൂപയും വകയിരുത്തി. മൃഗസംരക്ഷണത്തിനും തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് രണ്ട് കോടി 45 ലക്ഷം രൂപയും മാറ്റിവച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് രണ്ട് കോടി രൂപയും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ഉപജീവനപദ്ധതികള്‍, ഷെല്‍റ്റര്‍ ഹോമുകള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള പെര്‍ഫോമിംഗ് ഗ്രൂപ്പുകള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് രണ്ട് കോടി 12 ലക്ഷം രൂപയും വകയിരുത്തി. വനിതാ വികസനത്തിന് മൂന്ന് കോടി 53 ലക്ഷം രൂപയും യുവജന ക്ഷേമത്തിന് ഒരു കോടി 96 ലക്ഷം രൂപയും മാറ്റിവച്ചു.
കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് ഏഴ് കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് നാല് കോടി 87 ലക്ഷം രൂപയും വകയിരുത്തി. ഭവനനിര്‍മ്മാണത്തിന് 10 കോടി 87 ലക്ഷം രൂപയും പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമത്തിനായി 13 കോടി 69 ലക്ഷം രൂപയും 58 ലക്ഷം രൂപയും വകയിരുത്തി. പൊതുമരാമത്ത് പ്രവര്‍ത്തനത്തിന് 17 കോടി 37 ലക്ഷം രൂപയും ഊര്‍ജമേഖലയ്ക്ക് ഒരു കോടി 36 ലക്ഷം രൂപയും മാറ്റിവച്ചു. വയോജന ക്ഷേമത്തിന് ഒരു കോടി 72 ലക്ഷം രൂപയും വകയിരുത്തി.
സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി കെ ലതാകുമാരി , ലേഖാ സുരേഷ്, ആര്‍. അജയകുമാര്‍, ജിജി മാത്യൂ, അംഗങ്ങളായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, മായാ അനില്‍ കുമാര്‍, ജെസി അലക്സ്, ജിജോ മോഡി,. കൃഷ്ണകുമാര്‍, റോബിന്‍ പീറ്റര്‍, സാറാ തോമസ്, വി.റ്റി. അജോമോന്‍, സെക്രട്ടറി ഷെര്‍ലാബീഗം, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.