പത്തനംതിട്ട–പത്തനംതിട്ട ജില്ലയില്‍ 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്കുള്ള മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറില്‍ 115 മില്ലി മീറ്റര്‍ മുതല്‍ 204 മില്ലി മീറ്റീര്‍ വരെ) പെയ്യുന്ന സാഹചര്യത്തില്‍ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ധിക്കും. അതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കരുത്. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്.
ജലാശയങ്ങളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണം.
തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി
തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി / മിന്നല്‍ / കാറ്റ് എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 23 ന് ഒറ്റപെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും, തുടര്‍ന്ന് മെയ് 25 വരെ ശക്തമായ മഴക്കും സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം മെയ് 24 ന് രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.