പത്തനംതിട്ട —പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെന്നീര്‍ക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു.
മൂന്നിനു രാവിലെ 9.30ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് മായ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ അഞ്ചു വയസുവരെയുള്ള ഇരുപത്തിമൂന്ന് ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ലക്ഷ്യമിടുന്നത്.
തലേദിവസം വരെയും പ്രതിരോധ കുത്തിവെപ്പിനോടൊപ്പം പോളിയോ തുള്ളിമരുന്ന് കിട്ടിയിട്ടുള്ളവര്‍ക്കും നവജാതശിശുക്കള്‍ക്കും ഈ ദിവസം തുള്ളിമരുന്ന് കൊടുക്കാം.ജില്ലയിലെ 59673 കുട്ടികള്‍ക്ക് 980 ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. രാവിലെ എട്ടു മുതല്‍ അഞ്ചു വരെയാണ് ബൂത്തുകളുടെ പ്രവര്‍ത്തനസമയം. ആവശ്യമായ വാക്‌സിനുകള്‍, മറ്റ് സാമഗ്രികള്‍ തുടങ്ങിയവ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും എത്തിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.