ഇടുക്കി: മൂന്നാറിൽ സീരിയൽ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങൾക്കിടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്.ആനയുടെ പരാക്രമത്തിൽ രണ്ട് കാറുകൾക്കും ഒരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചു. സൈലന്റ് വാലിയിൽ നടക്കുന്ന സീരിയൽ ഷൂട്ടംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന 20 തിലധികം വാഹനങ്ങൾക്കിടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്.
സൈലന്റ് വാലി റോഡിൽ കുറ്റിയാർവാലിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് ദുരന്തം ഒഴിവായത്. സംഭവത്തെ തുടര്ന്ന് വനംവകുപ്പ് ആര്ആര്റ്റി ഡെപ്യൂട്ടി റേയിഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തിയോടിച്ചു.
മൂന്നാറിലെ ജനവാസ മേഖലയിൽ ദിവസങ്ങൾക്ക് മുമ്പാണ് വീണ്ടും പടയപ്പയെത്തിയത്. ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.