Friday, November 22, 2024
Homeകേരളംമഴക്കാലപൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം : മന്ത്രി വീണാ ജോര്‍ജ്

മഴക്കാലപൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം : മന്ത്രി വീണാ ജോര്‍ജ്

മഴക്കാലപൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എല്ലാ വകുപ്പുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണുമായി ബന്ധപ്പെട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനത്തിനുമായി നിലവിലെ സ്ഥിതിയും മുന്നൊരുക്കങ്ങളും പരിശോധിക്കുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി

നിലവില്‍ വെള്ളം ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് പുഴയില്‍ ഇറങ്ങുന്നതും ഒഴുക്കുള്ള സ്ഥലങ്ങളില്‍ മീന്‍ പിടിക്കുന്നതും ഉള്‍പ്പെടെ കാര്യങ്ങള്‍ ഒഴിവാക്കണം. നീന്തലറിയാത്തവര്‍ ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. ഇതു സംബന്ധിച്ച് ബസപ്പെട്ട വകുപ്പുകള്‍ മുന്നറിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും, സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കയും വേണം. മാലിന്യ സംസ്‌കരണത്തില്‍ വ്യക്തിപരമായ ഇടപെടല്‍ ഉണ്ടാകണം. നമ്മുടെ ചുറ്റുപാടും വെള്ളം കെട്ടി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.

മഴക്കാലത്ത് വ്യാപകമാകുന്ന സാംക്രമിക രോഗങ്ങള്‍, ഡെങ്കിപനി, എലിപ്പനി മുതലായ പകര്‍ച്ച വ്യാധികള്‍ എന്നിവ പ്രതിരോധിക്കുന്നതിന് ഗൗരവപരമായ ഇടപെടല്‍ നടത്തണം. എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി കെട്ടി കിടക്കുന്ന വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം.
ജില്ലയില്‍ സ്‌നേക്ക് ആന്റിവെനം ലഭ്യമായിട്ടുള്ള ആശുപത്രികളുടെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.

വെള്ളം ഉയരുമ്പോള്‍ ഒറ്റപ്പെട്ട് പോകാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പുവരത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളല്‍ യോഗം ചേര്‍ന്ന് മഴക്കാലപ്രശ്‌നങ്ങള്‍ കണ്ടെത്തി പ്രാദേശികമായി പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈ കൊള്ളണം. പഞ്ചായത്തുകള്‍ സുരക്ഷ ബോട്ടുകള്‍, സുരക്ഷ ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും മോക്ഡ്രിലുകള്‍ സംഘടിപ്പിക്കുകയും ചെയ്യണം. പ്രീ സ്‌കൂള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവയുടെ സുരക്ഷ സ്ഥാപനമേധാവികളുടെ നേതൃത്വത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. സ്‌കൂളിനോട് ചേര്‍ന്ന് നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം.

വിവിധ താലൂക്കുകളിലായി 236 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ ആവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണം. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന കിണറുകള്‍, കുളങ്ങള്‍, എന്നിവിടങ്ങളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തണം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പാലങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തണം. കെഎസ്ഇബി ലൈനുകളുടെ മുകളില്‍ അപകരമായി നില്‍കുന്ന മരങ്ങള്‍ മുറിച്ച് മാറ്റണം. സിവില്‍ ഡിഫന്‍സ് വാളന്റിയര്‍മാരും സന്നദ്ധസേന പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനായി സജ്ജരാകണം. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സുരക്ഷാ മുന്നൊരുക്കങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡാം മാനേജ്‌മെന്റ് കൃത്യമായി നടപ്പാക്കാന്‍ കോട്ടയം, ഇടുക്കി ജില്ലകളുമായി ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.മഴക്കാല പൂര്‍വ ശുചീകരണം താഴെ തട്ടു മുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഉണ്ടാകണം. മഴക്കാലത്ത് ഒറ്റപ്പെട്ടുപോകുന്ന റാന്നിയിലെ അരയാഞ്ഞിലിമണ്‍, ആങ്ങമൂഴി തുടങ്ങിയ ആദിവാസി ഊരുകളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം. കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍, ജില്ലാ പോലീസ് മേധാവി വി. അജിത്ത്, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, അടൂര്‍ ആര്‍ഡിഒ വി. ജയമോഹന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments