പട്ടാമ്പി ; സംസ്ഥാനത്ത് കഴിഞ്ഞവട്ടം തിരഞ്ഞെടുക്കപ്പെട്ട 18 യു.ഡി.എഫ് .എം.പി.മാരും ബി.ജെ.പി.ക്കൊപ്പമാണെന്ന് അവരുടെ പ്രവർത്തനം തെളിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എ.വിജയരാഘവൻ്റെ പട്ടാമ്പി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം മേലേപട്ടാമ്പിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിനുവേണ്ടി കഴിഞ്ഞ അഞ്ചു വർഷക്കാലം ഒരക്ഷരം പാർലമെൻ്റിൽ ഉരിയാടാൻ യു.ഡി.എഫ് എം.പിമാർ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഒന്നിച്ചുപോയി കേന്ദ്ര ധനമന്ത്രിയെ കാണാമെന്ന് എം.പി.മാർ സമ്മതിച്ചു. അതിനായി സംസ്ഥാന സർക്കാർ നിവേദനവും തയ്യാറാക്കി. എന്നാൽ ആ നിവേദനത്തിൻ്റെ തുടക്കത്തിൽ കേരള സർക്കാരിൻ്റെ കെടുകാര്യസ്ഥത മൂലമാണ് ഇത്തരമൊരു അവസ്ഥയുണ്ടായതെന്ന് എഴുതിവെക്കണമെന്ന് ഈ 18 അംഗ സംഘം ആവശ്യപ്പെട്ടു. ഇവരുടെ ഇത്തരത്തിലുള്ള പ്രവർത്തനം കേരളത്തിൻ്റെ താത്പര്യം സംരക്ഷിക്കാനായിരുന്നോ? -മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനം ഏറ്റവും കടുത്ത പ്രതിസന്ധിയിലായിരുന്ന പ്രളയകാലത്ത് ലഭിക്കുമായിരുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഹായം പോലും തടസ്സപ്പെടുത്തിയത് കേന്ദ്ര സർക്കാരാണ്. ആ സർക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രിയാണ് ഇപ്പോൾ കേരളത്തിൽവന്ന് സഹായങ്ങളുടെ വാഗ്ദാനപ്പെരുമഴ പെയ്യിക്കുന്നത്. ഇത് സംസ്ഥാനത്തെ ജനങ്ങൾ മുഖവിലയ്ക്കെടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഹമ്മദ് മുഹ്സിൻ എം.എൽ.എ.അധ്യക്ഷനായി. സ്ഥാനാർഥി എ.വിജയരാഘവൻ, സി.പി.എം.കേന്ദ്രക്കമ്മിറ്റിയംഗം എ.കെ.ബാലൻ, മന്ത്രി എം.ബി.രാജേഷ്, സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് , എൻ.എൻ.കൃഷ്ണദാസ്, സുബൈദ ഇസ്ഹാക്ക് തുടങ്ങിയവർ സംസാരിച്ചു.