തൃശ്ശൂർ: ഇത്തവണയും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിനിടെ മൈക്ക് പണിമുടക്കി. മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങുമ്പോഴായിരുന്നു മൈക്കിൽ നിന്ന് ഉച്ചത്തിൽ ശബ്ദം ഉയരുകയും നിലക്കുകയും ചെയ്തത്. രസരമായ രീതിയിൽ മുഖ്യമന്ത്രി സാഹചര്യം കൈകാര്യം ചെയ്തു. ‘എല്ലായിടത്തും ഞാൻ വന്ന് ഇരുന്നാലാണ് ഇതിന്റെ ഓപ്പറേഷൻ നടക്കുന്നത്. നിങ്ങൾക്ക് ഒരു വാർത്തയായി’ എന്ന് തമാശരൂപേണ ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
നേരത്തെ കോട്ടയത്ത് വെച്ച് നടന്ന പരിപാടിയിലും മൈക്ക് പണിമുടക്കിയിരുന്നു. കോട്ടയം ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിടെയായിരുന്നു സംഭവം. പിണറായി വിജയൻ പ്രസംഗം ആരംഭിച്ചയുടനെയാണ് മൈക്ക് ഒടിഞ്ഞു വീണത്. പ്രശ്നം പരിഹരിച്ച് പ്രസംഗം തുടരുന്നതിനിടെ സദസ്സിലെ ആംപ്ലിഫയറിൽനിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതും പരിഭ്രാന്തിപരത്തിയിരുന്നു. ഇതോടെ മുഖ്യമന്ത്രി വീണ്ടും പ്രസംഗം നിർത്തി. പ്രശ്നം പരിഹരിച്ചയുടൻ പ്രസംഗം തുടരുകയായിരുന്നു.