കൊച്ചി; മലയാളം ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമെല്ലാം സോഷ്യല്‍ മീഡിയാ റീലുകളിലൂടെ കേരളത്തിന് സുപരിചിതനാണ് കിലി പോള്‍. ടാന്‍സാനിയക്കാരനായ കിലി പോളിനെ ഉണ്ണിയേട്ടനെന്നാണ് മലയാളികള്‍ സ്‌നേഹപൂര്‍വം വിളിക്കുന്നത്. ‘ഇന്നസെന്റ്’ എന്ന സിനിമയില്‍ അഭിനയിക്കാനായി ഇപ്പോള്‍ കേരളത്തിലാണ് കിലി പോള്‍ ഉള്ളത്. കിലി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് ഇന്നസെന്റ്.
ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞദിവസം കൊച്ചി ലുലു മാളില്‍ നടന്നിരുന്നു. പരിപാടിയില്‍ കിലി പോള്‍ സംസാരിച്ചതിലെ രസകരമായ ചില ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹിതനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, താന്‍ വിവാഹിതനല്ലെന്നും ഇപ്പോഴും സിംഗിളാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കുമെന്നും മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടന്‍’ പറഞ്ഞു.
ശോഭനയാണ് മലയാളത്തിലെ ഇഷ്ടനടിയെന്നും കിലി പറഞ്ഞു. നടന്മാരില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെയുമാണ് കിലിക്കിഷ്ടം. മലയാളികള്‍ നല്‍കുന്ന സ്‌നേഹത്തിന് കിലി പോള്‍ നന്ദി പറഞ്ഞു. പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ ‘ആരുപറഞ്ഞു ആരുപറഞ്ഞു’ എന്ന ഗാനം പ്രേക്ഷകര്‍ക്കായി അദ്ദേഹം ആലപിച്ചു.
പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫും അനാര്‍ക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഇന്നസെന്റ്’. ജോമോന്‍ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം ഒരു ടോട്ടല്‍ ഫണ്‍ റൈഡ് ആയിരിക്കുമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റര്‍ സോഷ്യല്‍മീഡിയ ഇതിനകം ഏറ്റെടുത്തു. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറില്‍ എം. ശ്രീരാജ് എ.കെ.ഡി നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തന്‍വിയാണ്.