കോഴിക്കോട്: ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും പണവും മൊബൈല്‍ ഫോണും കവർന്നതിനും പറമ്പില്‍ ബസാർ ഹയറൂ മൻസിലില്‍ താമസിക്കുന്ന റംഷാദ് (28) കസബ പൊലീസിന്റെ പിടിയിലായി.
പെരുമണ്ണ-കോഴിക്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന ‘സാഹിർ’ ബസിന്റെ പിൻസീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന വ്യക്തിയെയാണ് പ്രതി ആക്രമിച്ചത്. കിണാശ്ശേരിയില്‍ എത്തിയപ്പോള്‍ തൊട്ടടുത്തിരുന്ന റംഷാദ്, യാത്രക്കാരനെ അനങ്ങാൻ അനുവദിക്കാതെ കഴുത്തില്‍ പിടിച്ച് മുറുക്കി, മുഖത്ത് അടിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്തു. തുടർന്ന്, ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണും 4500 രൂപയും ബലപ്രയോഗത്തില്‍ കവർന്ന് കടന്നുകളഞ്ഞു.
ഇതിനു പുറമേ, രണ്ടാം ഗേറ്റിന് സമീപമുള്ള മൊബൈല്‍ ഷോപ്പിന് മുന്നില്‍ മക്കട സ്വദേശി നിസാമുദ്ദീനെ തടഞ്ഞുനിർത്തി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് റംഷാദിനെതിരെ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.