തൃശ്ശൂർ : തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. തൃശ്ശൂർ നഗരത്തിൽ വൻ ജനാവലിയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയ സുരേഷ് ഗോപിയെ സ്വീകരിക്കാനായി എത്തിയിരുന്നത്. രാവിലെ പാറമേക്കാവ് ക്ഷേത്ര ദർശനത്തിനുശേഷം അയ്യന്തോൾ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സുരേഷ് ഗോപി പത്രിക സമർപ്പിക്കാനെത്തിയത്. തുടർന്ന് സുരേഷ് ഗോപിയുടെ ആസ്തി രേഖകൾ അടക്കം വ്യക്തമാക്കുന്ന നാമനിർദ്ദേശപത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു.
നാൽപതിനായിരം രൂപയാണ് ഇപ്പോൾ സുരേഷ് ഗോപിയുടെ കയ്യിൽ പണമായി ഉള്ളത്. വിവിധ ഭാഗങ്ങളിൽ ആയി 24 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. 61 ലക്ഷം രൂപ വിവിധ ഭാഗങ്ങളിൽ ആയി ലോണും ഉണ്ട്. 7 ലക്ഷം രൂപയുടെ മ്യൂച്ചൽ ഫണ്ടും 51 ലക്ഷം രൂപ വില വരുന്ന 1025 ഗ്രാം സ്വർണവും സുരേഷ് ഗോപിയ്ക്ക് സ്വന്തമായി ഉണ്ട്
എട്ട് വാഹനങ്ങൾ ആണ് സുരേഷ് ഗോപിക്ക് സ്വന്തമായി ഉള്ളത്. കൂടാതെ തിരുനെൽവേലിയിൽ 82.4 ഏക്കർ സ്ഥലവും സ്വന്തമായുണ്ട്. ഭാര്യയുടെ പേരിൽ 54 ലക്ഷം രൂപ വില വരുന്ന സ്വർണവും രണ്ടു മക്കളുടെ പേരിൽ 36 ലക്ഷം രൂപ വില വരുന്ന സ്വർണവും ഉണ്ട്. 2023-24 വർഷത്തെ ആദായനികുതി റിട്ടേൺ അടിസ്ഥാനമാക്കിയാണ് സുരേഷ് ഗോപി ആസ്തി വിവരങ്ങൾ സമർപ്പിച്ചിട്ടുള്ളത്. ആദായനികുതി റിട്ടേൺ വിവരങ്ങൾ പ്രകാരം നാലു കോടി 68 ലക്ഷം രൂപയാണ് സുരേഷ് ഗോപിയുടെ ആകെ വരുമാനം.
തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ മുരളീധരനും വ്യാഴാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വിവിധ ബാങ്കുകളിൽ ആയി രണ്ടുകോടിയിലധികം രൂപയുടെ നിക്ഷേപവും മൂന്നു വാഹനങ്ങളും 2.61 കോടിയുടെ സ്ഥാവര ആസ്തിയും 2.65 കോടിയുടെ ജംഗമ ആസ്തിയും ആണ് കെ മുരളീധരന് ഉള്ളത്.