കൊച്ചി: കളമശ്ശേരിയിലെ കഞ്ചാവ് കേസിൽ എസ്എഫ്ഐ വാദം തള്ളി പൊലീസ്. സംഭവത്തില്‍ അറസ്റ്റിലായ എല്ലാവർക്കും ഇതില്‍ പങ്കുണ്ടെന്ന് തൃക്കാക്കര എസിപി മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
പരിശോധനയ്ക്ക് എത്തുമ്പോൾ പിടിയിലായ പ്രതികള്‍ മുറിയിലുണ്ടായിരുന്നു. എസ്എഫ്ഐ നേതാവായ അഭിരാജ് കഞ്ചാവ് പിടിച്ചെടുത്തശേഷമാണ് വന്നത് എന്ന് പറയുന്നത് ശരിയല്ല. വീഡിയോ തെളിവുകൾ ഉൾപ്പെടെ കൈവശമുണ്ടെന്നും പൊലീസ് പറഞ്ഞു.
‘പൂർവ വിദ്യാർഥികൾക്ക് ഉൾപ്പെടെ കഞ്ചാവ് എത്തിക്കുന്നതിൽ പങ്കുണ്ട്. ഹോസ്റ്റലിലെ രണ്ട് മുറിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രണ്ടു മുറിയിലും വിദ്യാര്‍ഥികളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍ക്കാനും ഉപയോഗിക്കാനും എത്തിച്ചതാണ് കഞ്ചാവ്. ഇന്ന് നടക്കുന്ന ഹോളി ആഘോഷം കൊഴുപ്പിക്കുന്നതിന് വേണ്ടിയാണ് ഇത് എത്തിച്ചത്. വിദ്യാര്‍ഥികളുടെ രാഷ്ട്രീയത്തെ കുറിച്ച് പൊലീസ് പരിശോധിച്ചിട്ടില്ല’. തൃക്കാക്കര എസിപി പറഞ്ഞു.
എന്നാല്‍ ഹോസ്റ്റൽ മുറിയിൽ റെയ്‌ഡ് നടക്കുമ്പോൾ താൻ കോളേജിന് പുറത്തായിരുന്നുവെന്നാണ് കേസിലെ പ്രതിയും യൂണിറ്റ് സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ അഭിരാജ് പറഞ്ഞത്. തന്റെ മുറിയിൽ പരിശോധന നടത്തിയത് അറിയില്ല.
ഹോസ്റ്റലിലേക് എത്തിയപ്പോൾ പൊലീസ് കഞ്ചാവുമായി നിൽക്കുകയായിരുന്നുവെന്നും തന്റെ മുറിയിൽ നിന്ന് ലഭിച്ചതാണെന്ന് പറഞ്ഞുവെന്നും അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു.