കോഡൂര്‍: മോഷ്ടിച്ച സ്‌കൂട്ടറില്‍ ഫുള്‍ ടാങ്ക് പെട്രോളടിച്ച് പുറകില്‍ പുതിയ ടയറുമിട്ട് രണ്ട് മാസം മുന്‍പ് മോഷ്ടിച്ചയിടത്ത് വീണ്ടും കൊണ്ടുവെച്ച് കള്ളന്‍. വടക്കേമണ്ണയിലാണ് സംഭവം.
വടക്കേമണ്ണയിലെ എച്ച്എംസി ഡെക്കറേഷനിലെ ജീവനക്കാരായ കെ പി ഷാഫിയും ബാബുവും ഉപയോഗിച്ചിരുന്ന സ്‌കൂട്ടറാണ് രണ്ട് മാസം മുന്‍പാണ് നമസ്‌കാരത്തിനായി ടൗണ്‍ മസ്ജിദിലേക്കെത്തിയ സമയത്താണ് സ്‌കൂട്ടര്‍ മോഷണം പോയത്. സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്ന കടയ്ക്ക് മുന്നിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. തൊട്ടടുത്ത സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ സ്‌കൂട്ടറുമായി കടന്നുകളയുന്നതാണ് കണ്ടത്. തുടര്‍ന്ന് പൊലീസിന് പരാതി നല്‍കിയിരുന്നു.
രണ്ട് മാസത്തിന് ശേഷം ഇന്നലെ രാവിലെ ഇവര്‍ കട തുറക്കാന്‍ വന്നപ്പോഴാണ് നഷ്ടപ്പെട്ട സ്‌കൂട്ടര്‍ കടയ്ക്ക് മുമ്പില്‍ ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ചു. തലേന്ന് ഇവര്‍ കടയടച്ചുപോയതിന് ശേഷം രാത്രി 10 മണി കഴിഞ്ഞ് മോഷ്ടാവ് തന്നെ സ്‌കൂട്ടര്‍ കൊണ്ടുവന്ന് കടയ്ക്ക് മുമ്പില്‍ നിര്‍ത്തിയിട്ട് ഓടിപോവുന്നതായാണ് സിസിടിവിയില്‍ കണ്ടത്. സ്‌കൂട്ടറിന് ചെറിയ കേടുപാടുകളുണ്ടെങ്കിലും തിരിച്ചു കിട്ടിയല്ലോ എന്ന സന്തോഷത്തിലും ആശ്വാസത്തിലുമാണിവര്‍.