‘പ്രീമിയം കാർ വില കുറച്ച് തരുമോ.?.’; പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യത്തെ പരിഹസിച്ച് പിഷാരടി.
താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന സിനിമാനിർമാതാക്കളുടെ ആവശ്യത്തെ പരിഹസിച്ച് രമേഷ് പിഷാരടിയും അജു വർഗീസും. സേവനമേഖലയിൽ ജോലിചെയ്യുന്ന ഡോക്ടർക്കോ അഭിഭാഷകനോ നടനോ സ്വയം പ്രതിഫലം നിശ്ചയിക്കാമെന്നും പ്രീമിയം കാർ വാങ്ങാൻ ചെന്നിട്ട് വിലകുറച്ച് വേണമെന്ന് പറഞ്ഞാൽ ആര് തരുമെന്നും രമേഷ് പിഷാരടി മനോരമ ന്യൂസിനോട് പറഞ്ഞു.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സിനിമയിൽ ഉണ്ടായെ മതിയാകൂവെന്നും താരങ്ങളെന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോൾ അവരിൽ പലരും പണം വാങ്ങാതെ അഭിനയിച്ചിട്ടുണ്ടെന്നുകൂടി നിർമാതാക്കൾ പറയണ്ടേയെന്നും അജു വർഗീസും മനോരമ ന്യൂസിനോട് പറഞ്ഞു. ആപ് കൈസേ ഹോ എന്ന ചിത്രത്തിന്റെ പ്രചാരണാർഥം മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പരാമർശം
സിനിമയുടെ നഷ്ടക്കണക്ക് പുറത്തുവിട്ട് ജൂൺ ഒന്നുമുതൽ നിർമാതാക്കൾ സമരം പ്രഖ്യാപിച്ചതിനേയും അജുവർഗീസ് വിമര്‍ശിച്ചു. വിനോദ നികുതി കുറയ്ക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നത് മനസിലാക്കാം. എന്നാൽ സ്വയം ഓഡിറ്റ് നടത്തി നഷ്ടത്തിലാണെന്ന് നിർമാതാക്കൾ വിളിച്ചുപറഞ്ഞത് കേട്ടപ്പോൾ സങ്കടം തോന്നി .നിങ്ങളോട് സിനിമയെടുക്കാൻ പറഞ്ഞോ എന്നാണ് പ്രേക്ഷകർ നിർമാതാക്കളോട് ചോദിക്കുന്നതെന്നും അജു അഭിമുഖത്തില്‍ പറഞ്ഞു.