തേഞ്ഞിപ്പലം ചെലേമ്പ്രയിൽ ആഴക്കുളത്തിൽ കുളിക്കുന്നിതിനിടെ മുങ്ങി ബോധംമറഞ്ഞ് ശ്വാസം നിലച്ച വിദ്യാർഥിയെ മുങ്ങിയെടുത്ത് രക്ഷിച്ച നീന്തൽ പരിശീലകൻ ഹാഷിർ ചേലൂപ്പാടത്തിന് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്.
വയനാട് ബത്തേരി ചിരാൽ സ്വദേശി പരേതനായ കെ.ടി.പ്രശാന്തിന്റെയും സീനയുടെയും ഏക മകൻ ഹരിനന്ദന്റെ ജീവൻ രക്ഷിച്ചതിനാണ് എൻ.കെ.മുഹമ്മദ് ഹാഷിർ എന്ന ഹാഷിർ ചേലൂപ്പാടത്തിനുള്ള രാഷ്ട്രത്തിന്റെ അംഗീകാരം.
ചേലേമ്പ്ര പഞ്ചായത്തിന്റെ പള്ളിക്കുളത്തിൽ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകിക്കഴിഞ്ഞ് സന്ധ്യയ്ക്ക് ഹാഷിറും സുഹൃത്തുക്കളും തൊട്ടടുത്ത ഹോട്ടലിൽ ഇരിക്കുമ്പോൾ കുളക്കരയിൽനിന്ന് കരച്ചിൽ കേട്ട് അവിടേക്ക് ഓടുകയായിരുന്നു.
കരയിലുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി മിൻഹജ്, ഹരിനന്ദൻ കുളത്തിൽ മുങ്ങിയ വിവരം അറിയിച്ചപ്പോൾ ആംബുലൻസ് വിളിക്കാൻ നിർദേശിച്ച് ഹാഷിർ കുളത്തിലേക്കു ചാടുകയായിരുന്നു. രണ്ടാൾ ആഴത്തിൽ വെള്ളമുളള കുളത്തിൽനിന്ന് ഹരിനന്ദനെ പുറത്തെത്തിച്ചെങ്കിലും ശ്വാസം ഏതാണ്ടു നിലച്ച സ്ഥിതിയായിരുന്നു.
പെട്ടെന്നുതന്നെ കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയതോടെയാണ് ശ്വാസം വീണത്. 4 തവണ കൃത്രിമശ്വാസവും 30 തവണ സിപിആറും നൽകി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിൽ ബോധം തെളിഞ്ഞു. 5 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ഹരിനന്ദൻ ആശുപത്രി വിട്ടത്. 2023 ജനുവരി 24ന് ആണ് സംഭവം.
വെള്ളത്തിൽനിന്നു പെട്ടെന്നുതന്നെ പുറത്തെത്തിച്ചതും ശാസ്ത്രീയമായിത്തന്നെ സിപിആർ നൽകിയതുമാണ് ഹരിനന്ദന്റെ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അപകടം നടക്കുമ്പോൾ രാമനാട്ടുകര ഭവൻസ് ലോ കോളജിൽ വിദ്യാർഥിയായിരുന്ന ഹരിനന്ദൻ ഇപ്പോൾ നാട്ടിലാണ് പഠനം.