കൊച്ചി : സൈബർ തട്ടിപ്പ് ലോകത്തെ ‘പിഗ് ബുച്ചറിംഗ് സ്‌കാം’ (പന്നി കശാപ്പ് തട്ടിപ്പ്) വഴി ജില്ലയിൽ മൂന്ന് കേസുകളിൽ മാത്രം നഷ്ടപ്പെട്ടത് 7.3 കോടി രൂപ. ഇരയിൽനിന്ന് പണം തട്ടിയെടുക്ക്, അവരുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കുന്ന പന്നി കശാപ്പ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസും സൈബർ വിദഗ്ദരും മുന്നറിയിപ്പ് നൽകുന്നു. പന്നികൾക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നൽകി അവസാനം കശാപ്പ് ചെയ്യുന്ന രീതിക്ക് സമാനമായതാണ് ഇത്തരം തട്ടിപ്പുകൾ. അതുകൊണ്ടാണ് പന്നി കശാപ്പ് തട്ടിപ്പ് എന്ന പേര് ലഭിച്ചതെന്ന് സൈബർ വിദഗ്‌ധൻ ജിയാസ് ജമാൽ പറഞ്ഞു.
റൂറൽ പോലീസിന് ലഭിച്ച മൂന്ന് പരാതികളിലും അന്വേഷണം പുരോഗമിക്കുകയാണ്. 2024 ഡിസംബറിലും 2025 ജനുവരിയിലുമാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്‌തത്. പണം നിക്ഷേപിച്ച് ഓൺലൈൻ ട്രേഡിംഗ് വഴി വൻ ലാഭം വാഗ്‌ദാനം ചെയ്‌താണ് മൂന്നുപേരിൽനിന്ന് പണം തട്ടിയത്. 4.5 കോടി രൂപ, 1.6 കോടി രൂപ, 1.2 കോടി രൂപവീതം നഷ്ടമായി.
മലയാളിസ്ത്രീകളുടെ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ വഴിയാണ് മൂന്ന് കേസിലും സൈബർ തട്ടിപ്പുകാർ പരിചയപ്പെട്ടത്. തുടർന്ന് മലയാളത്തിൽ ചാറ്റിംഗ് ആരംഭിച്ചു. ദിവസവും ചാറ്റ് ചെയ്‌ത് നല്ല പരിചയത്തിലായി. രണ്ടുമുതൽ നാല് മാസം വരെ സമയമെടുത്താണ് പരിചയം ദൃഢമാക്കിയത്. തുടർന്ന് ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. പലരും തവണകളായാണ് തുക കൈമാറിയത്. ലാഭം കിട്ടിയതായി അറിയിപ്പ് വന്നെങ്കിലും പണം അക്കൗണ്ടിൽ വന്നില്ല. പണം കിട്ടാത്തതിനെ തുടർന്ന് മൂന്നുപേരും പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി വെഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.