റേഷൻ കാർഡിൽ പേരുള്ള കുടുംബാംഗം മരണപ്പെട്ടാൽ മൂന്നു മാസത്തിനുള്ളിൽ പേര് റേഷൻകാർഡിൽനിന്നു നീക്കം ചെയ്യേണ്ടതുണ്ട്. ജില്ലാ സപ്ലൈ ഓഫിസിൽ നേരിട്ടും അക്ഷയകേന്ദ്രങ്ങൾ മുഖേനയും അപേക്ഷ നൽകി റേഷൻ കാർഡിൽനിന്നു മരണപ്പെട്ട അംഗത്തിന്റെ പേര് നീക്കം ചെയ്യാൻ കഴിയും. അപേക്ഷയോടൊപ്പം മരണ സർട്ടിഫിക്കറ്റിൻ്റെ പകർപ്പും ഹാജരാക്കേണ്ടതുണ്ട്.
മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുള്ള മുൻഗണനാ വിഭാഗത്തിൽപെട്ടവർ മരണപ്പെട്ട അംഗങ്ങളു ടെ പേര് നീക്കം ചെയ്യാത്തതുകൊണ്ട് കാർഡ് ഉടമകളിൽനിന്നു പിഴ ഈടാക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും വ്യാപക പരാതി ഉയർന്നതോടെ പിഴ ഈടാക്കുന്ന നടപടി നിർത്തി വച്ചിട്ടുണ്ട്.
മരണപ്പെട്ടവരുടെ പേരിൽ വാങ്ങിയിട്ടുള്ള അരിക്ക് ഒരു കിലോഗ്രാം അരിയുടെ വിപണിവിലയായ ഏകദേശം 40 രൂപ വച്ച് തിരിച്ചടക്കേണ്ടിവരുന്ന അവസ്ഥ പലർക്കും ഉണ്ടായിരുന്നു. റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗം മരണപ്പെട്ടാൽ റേഷൻ കാർഡ് പുതുക്കുന്ന സമയത്തുമാത്രം അറിയിക്കാമെന്നുള്ള ധാരണ ഒഴിവാക്കേണ്ടതും മരണവിവരം മരണ സർട്ടിഫിക്കറ്റ് സഹിതം മേൽ വിവരിച്ച പ്രകാരം അറിയിപ്പു നൽകി ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.