സാമുഹിക നിരീക്ഷകൻ രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി ഹണി റോസ്. തന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചുകൊണ്ട് പൊതു ഇടങ്ങളില്‍ തന്നെ അപമാനിച്ചുവെന്നും ബോബി ചെമ്മണ്ണൂരിനെതിരെ താൻ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചേർത്തിക്കളഞ്ഞ്, ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാൻ മനഃപൂർവ്വം ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്.
രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടി സ്വീകരിക്കുന്നുവെന്ന് അറിയിച്ചുകൊണ്ട് ഹണി റോസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. തുടർച്ചയായി മാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെയും തന്റെ മൗലിക അവകാശങ്ങള്‍ക്കെതിരെയും നിയന്ത്രണം ഏർപ്പെടുത്തി, പൊതുബോധം സൃഷ്ടിച്ച് തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ഇതുകാരണം താനും കുടുംബവും കടുത്ത മാനസിക സംഘർഷത്തിലാണെന്നും ഹണി റോസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
തന്നെ കടുത്ത മാനസിക വ്യഥയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടാനാണ് രാഹുല്‍ ഈശ്വർ ശ്രമിക്കുന്നതെന്നും ഹണി റോസ് പറയുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തതിന് പിന്നാലെ വസ്ത്രധാരണത്തിന്റെ പേരില്‍ ഹണി റോസിനെ പരസ്യമായി രാഹുല്‍ ഈശ്വർ അധിക്ഷേപിച്ചിരുന്നു. ചാനല്‍ ചർച്ചകളിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും ഹണി റോസിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി ഹണി റോസ് രംഗത്തെത്തിയത്. രാഹുല്‍ ഈശ്വർ മാപ്പർഹിക്കുന്നില്ലെന്ന് പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.