തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. ഇന്ന് സമാധി സ്ഥലം പൊളിച്ച് മൃതദേഹം പുറത്തെടുത്തേക്കും. ഉച്ചയോടെ കലക്ടറുടെ ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഉത്തരവ് ലഭിച്ചശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും.
ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് മകന്‍റെയും ബന്ധുക്കളുടെയും മൊഴികളിൽ വൈരുധ്യമുണ്ട്. ഇതടക്കമുള്ള കാര്യങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ജീവനോടെയാണോ ഗോപൻ സ്വാമിയെ സമാധി ഇരുത്തിയതെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ഗോപൻ സ്വാമി മരിച്ചത്. മരണവിവരം ബന്ധുക്കളെയോ ജനപ്രതിനിധികളെയോ നാട്ടുകാരെയോ അറിയിച്ചില്ലെന്ന് അയൽവാസികൾ ആരോപിച്ചിരുന്നു. ഗോപൻ സ്വാമിയുടെ രണ്ടു മക്കൾ ചേർന്ന് മൃതദേഹം മറവുചെയ്തെന്നാണ് നാട്ടുകാരുടെ ആരോപണം. പൂജാരിയായ മക്കൾ സദാനന്ദനും രാജസേനനും ചേർന്നാണ് മൃതദേഹം മറവ് ചെയ്തത്. ഗോപൻ സ്വാമി സമാധിയായ എന്ന് പിന്നീട് പോസ്റ്റർ പതിക്കുകയും ചെയ്തു. പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന പൂജ ഉള്ളതിനാലാണ് സമാധിയായ വിവരം ആരെയും അറിയിക്കാതിരുന്നത് എന്നാണ് കുടുംബത്തിന്‍റെ വാദം. വീടിനു സമീപം പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തായിരുന്നു മൃതദേഹം സംസ്കരിച്ചത്. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം മറവ് ചെയ്ത സ്ഥലം പൊലീസ് സീൽ ചെയ്തിട്ടുണ്ട്.