കാഞ്ഞങ്ങാട്: പ്രതിഷേധത്തിന്‍റെ ഭാഗമായി ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ പ്രയോഗിച്ച ജലപീരങ്കി പൊലീസിനെ തന്നെ ചതിച്ചു.പ്രതിഷേധം അതിക്രമത്തിൽ കലാശിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്നാൽ ജലപീരങ്കി ആദ്യം വെള്ളം ചീറ്റിയത് ആകാശത്തേക്കും പിന്നീട് പൊലീസിനു നേരെയുമായിരുന്നു.
ജലപീരങ്കിയുടെ സാങ്കേതികത്തകരാറാണ് പൊലീസിനെ ചതിച്ചത്. അതുപരിഹരിച്ചാണ് ജലപീരങ്കി കൊണ്ടുവന്നതെങ്കിലും വെള്ളം ലക്ഷ്യസ്ഥാനത്തെത്തിയില്ല.ജലപീരങ്കി പാളിയത് കണ്ട ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിനെ നോക്കി ചിരിക്കുന്നതും കാഴ്ചക്കാർക്ക് കൗതുകമായി.കാഞ്ഞങ്ങാട് മൻസൂർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച കേസിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ഡിവൈഎസ്പി ഓഫീസ് പ്രതിഷേധ മാർച്ച് നടത്തിയത്.
ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് സംഭവം അക്രമത്തിലേക്കെത്തിയത്. മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ വിദ്യാർഥി ചൈതന്യയാണ് ശനിയാഴ്ച രാത്രി 10.30 ഓടെ തൂങ്ങിമരിക്കാൻ ശ്രമിച്ചത്.സംഭവം സഹപാഠികൾ കണ്ടതിനാലാണ് വിദ്യാർഥിനിയെ രക്ഷിക്കാനായത്. പെൺകുട്ടിയുടെ ആത്മഹത്യാശ്രമം ചൂണ്ടിക്കാട്ടി വ്യാപകമായ പ്രതിഷേധമാണ് മൻസൂർ ആശുപത്രിക്കുനേരെ ഉണ്ടാവുന്നത്.