ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചത്. പാലക്കാട് ഡോ. പി. സരിനും, ചേലക്കരയില്‍ മുൻ എംഎല്‍എ യു.ആർ. പ്രദീപും മത്സരിക്കും.
സീറ്റ് തർക്കത്തെ തുടർന്ന് കോണ്‍ഗ്രസുവിട്ട പി. സരിൻ, എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പാലക്കാട് മത്സരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ സ്ഥാനാർത്ഥിത്വം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
പാലക്കാട് എംഎല്‍എ ഷാഫി പറമ്ബില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വിജയം ഉറപ്പിച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് കോണ്‍ഗ്രസ് പാലാക്കാട്ടേക്ക് പരിഗണിച്ചത്. അതേസമയം, സരിനും രാഹുലും തമ്മിലുള്ള മത്സരത്തില്‍ തീപാറുമെന്നാണ് പ്രതീക്ഷ.
ആലക്കോട് ലോക്സഭാ മണ്ഡലത്തില്‍ കെ.രാധാകൃഷ്ണൻ വിജയിച്ചതോടെയാണ് ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാൻ സാധിച്ച രമ്യാ ഹരിദാസിനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. ചേലക്കര തിരിച്ചു പിടിക്കാമെന്ന് കോണ്‍ഗ്രസിന്റെ നീക്കത്തിനു കനത്ത വെല്ലുവിളിയാണ് മുൻ എംഎല്‍എകൂടിയായ യു.ആർ. പ്രദീപ്.
അതേസമയം, പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരി മത്സരിക്കുമെന്ന് സിപിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധനേടിയ ലോക്സഭാ മണ്ഡലമാണ് വയനാട്. റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെ രാഹുല്‍ ഗാന്ധി റായ്ബറേലി തിരഞ്ഞെടുത്ത് വയനാട് ഉപേക്ഷിച്ചിരുന്നു.