Thursday, November 21, 2024
HomeKeralaവയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; നെഞ്ചില്‍ ചവിട്ടേറ്റ കുറുവാ ദ്വീപ് ജീവനക്കാരന് ദാരുണാന്ത്യം; വയനാട്ടിൽ...

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; നെഞ്ചില്‍ ചവിട്ടേറ്റ കുറുവാ ദ്വീപ് ജീവനക്കാരന് ദാരുണാന്ത്യം; വയനാട്ടിൽ നാളെ ഹർത്താൽ.

മാനന്തവാടി (വയനാട്): പുൽപ്പള്ളി പാക്കത്ത് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായ പരുക്കേറ്റയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരണത്തിന് കീഴടങ്ങിയത്.

ഇന്ന് രാവിലെ 09.30ന് ചെറിയമല ജങ്ഷനിലാണ് കാട്ടാന ആക്രമിച്ചത്.
ഭാര്യ: സാനി.
മകൾ: സോന (പത്താം ക്ലാസ് വിദ്യാർഥിനി).

ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടി. പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നിരുന്നു.

സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവര്‍ ഒച്ചവെച്ച്‌ കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. മെഡിക്കൽ കോളേജിലെത്തിച്ച് അരമണിക്കൂറിനകം മരണം സംഭവിച്ചു.

പുൽപ്പള്ളി പോലീസ് എത്തി രാത്രി ഏഴുമണിയോടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കും. നാളെ രാവിലെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം 11 മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

വന്യജീവി അക്രമത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന നിസംഗതക്കെതിരെ നാളെ വയനാട് ജില്ലയിൽ യു ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചു. വിവിധ കർഷക സംഘടനകളും എൽ ഡി എഫും നാളെ ഹർത്താൽ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്.  കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്നു കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ പാഞ്ഞടുത്തതായും നാട്ടുകാര്‍ പറഞ്ഞു.

ഫെബ്രുവരി 10-ന് ബേലൂര്‍ മഗ്ന എന്ന കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയില്‍ അജീഷ് (47)  കൊല്ലപ്പെട്ടിരുന്നു. വീടിന്റെ മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലായിരുന്നു സംഭവം. രാവിലെ പണിക്കാരെ കൂട്ടാനായി പോയതായിരുന്ന അജീഷ്. ഇതിനിടെയാണ് ആക്രമണമുണ്ടായത്.

RELATED ARTICLES

Most Popular

Recent Comments