കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തോടെ പ്രതിസന്ധയിയിലായ മേഖലയാണ് വയനാട് ടൂറിസം. കേരളത്തിനകത്തെയും പുറത്തെയും സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നായ വയനാട്ടിലേക്ക് ഇപ്പോൾ സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞിരിക്കുകയാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയും, ദുരന്തത്തിന്‍റെ ഭയവുമാണ് ആളുകളെ പിന്നോട്ട് വലിക്കുന്നത്. ഇപ്പോഴിതാ ദുരന്തത്തിന് പിന്നാലെ പ്രതിസന്ധിയിലായ ടൂറിസം വ്യവസായത്തെ തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുവന്നിരിക്കുകയാണ് സർക്കാർ.
വയനാട് ജില്ലയുടെ ഒരു ഭാഗത്തെ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായതെങ്കിലും ജില്ല ആകെ തകർന്നുവെന്നും അപകട ഭീതിയിലാണെന്നുമുള്ള പ്രതീതിയാണ് സംസ്ഥാനത്തിനകത്തും പുറത്തും നിലനിൽക്കുന്നത്. ഇതോടെ സന്ദർശകരെ ആകർഷിക്കാൻ ‘വിസിറ്റ് വയനാട് ‘ ക്യാമ്പയിനുമായി ഡിടിപിസിയും ടൂറിസം സംഘടനകളും സംരംഭകരും രംഗത്തെത്തിയിരിക്കുകയാണ്.
ദുരന്തത്തെ തുടർന്ന് അടച്ചിട്ട ബാണാസുരസാഗർ കഴിഞ്ഞ ദിവസം തുറന്നു. ബാണാസുര ഡാമിന് പുറമെ ചുരം വ്യൂ പോയിന്‍റുകൾ, പൂക്കോട് തടാകം, ഹെറിറ്റേജ് മ്യുസിയം തുടങ്ങിയവയും സ്വകാര്യ മേഖലയിലെ ചെറുതും വലുതുമായ നൂറിൽപരം വാട്ടർ തീം/ അഡ്വഞ്ചർ പാർക്കുകളും സഞ്ചാരികൾക്കായി കാത്തിരിക്കുകയാണ്.
ജില്ലയിൽ അൻപതോളം വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടെങ്കിലും ഇക്കോ ടൂറിസം മേഖലയിൽപെട്ട കുറുവ ദ്വീപ്, എടക്കൽ ഗുഹ, ചെമ്പ്ര പീക്, എൻ ഊര്, മുത്തങ്ങ കേന്ദ്രങ്ങളൊന്നും ഇതുവരെ തുറന്നിട്ടില്ല. ഓണത്തോടനുബന്ധിച്ച് കൂടുതൽ കേന്ദ്രങ്ങൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ചാരികളും വ്യാപാരികളുമുള്ളത്. വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ സഞ്ചാരികളെത്തുന്ന ഓണം അവധിക്കാലത്തിന് മുന്നോടിയായി അടുത്ത ആഴ്ചയോടെ തന്നെ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നേക്കും.
എടയ്ക്കൽ ഗുഹയും പരിസരങ്ങളും ഇതിനോടകം വൃത്തിയാക്കിയിട്ടുണ്ട്. കേന്ദ്രത്തിലെ ജീവനക്കാർ ഗുഹയുടെ ഉൾഭാഗവും സന്ദർശകർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന പാതകളുമെല്ലാം ശുചിയാക്കി. എടയ്ക്കൽ ഗുഹയിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളും ബാക്കിയിടങ്ങളുമെല്ലാം വ്യാപാരികളും നാട്ടുകാരുമെല്ലാം ചേർന്ന് വൃത്തിയാക്കിയിട്ടുണ്ട്.
ബാക്കിയുള്ള ടൂറിസം കേന്ദ്രങ്ങൾ കൂടി തുറന്നാൽ മാത്രമേ കൂടുതൽ വിനോദ സഞ്ചാരികൾ ജില്ലയിലേക്ക് എത്തുകയുള്ളൂ. മുൻ വർഷങ്ങളിൽ ഓണാവധിക്കാലത്ത് റെക്കോഡ് സഞ്ചാരികൾ ചുരം കയറി എത്തിയിരുന്നു. വയനാട്ടിലെ ടൂറിസം വ്യവസായം പഴയനിലയിലാക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
അടുത്ത മാസം പ്രത്യേക മാസ് ക്യാമ്പയിൻ ആരംഭിക്കുമെന്നും വയനാട്ടിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിചേരുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക മാർക്കറ്റിങ് പ്രചാരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.