Thursday, January 2, 2025
Homeകേരളംഅമീബിക് മസ്തിഷ്‌ക ജ്വരം, ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്.

അമീബിക് മസ്തിഷ്‌ക ജ്വരം, ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് പല ജില്ലകളില്‍ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ.സി.എം.ആര്‍., ഐ.എ.വി., പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്‌നിക്കല്‍ വര്‍ക്ക്‌ഷോപ്പ് തിരുവനന്തപുരം അപെക്‌സ് ട്രോമകെയര്‍ സെന്ററില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശില്‍പശാല അഭിസംബോധന ചെയ്ത് സംസാരിച്ചു.

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആഗോള തലത്തില്‍ തന്നെ ഇത്തരമൊരു ശ്രമം ആദ്യമായിട്ടായിരിക്കും നടക്കുക. തിരുവനന്തപുരത്ത് ക്ലസ്റ്റര്‍ ഉണ്ടായപ്പോള്‍ ആദ്യ കേസ് കണ്ടുപിടിക്കാനും തുടര്‍ന്ന് മറ്റുള്ള രോഗബാധിതരെ കണ്ട് പിടിക്കാനും സാധിച്ചു. അവരെല്ലാം രോഗമുക്തരായി കൊണ്ടിരിക്കുകയാണ്. എന്ത് കാരണം കൊണ്ടാണ് സംസ്ഥാനത്ത് കേസുകളുടെ വര്‍ധനവ് ഉണ്ടാകുന്നതെന്ന് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പോലെയുള്ള വിദഗ്ധ സംഘടനകളുമായി ചേര്‍ന്നുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ശില്‍പശാലയില്‍ പങ്കെടുത്തവര്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് പോലുള്ള വളരെ അപൂര്‍വമായ രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിക്കാനും മരണനിരക്ക് 97 ശതമാനമുള്ള രോഗത്തില്‍ നിന്നും കുറേപ്പേരെ രക്ഷിക്കാന്‍ സാധിച്ചതും സംസ്ഥാനത്തിന്റെ മികച്ച നടപടികള്‍ കൊണ്ടാണെന്ന് സംഘം വിലയിരുത്തി. അമീബയുടെ വളര്‍ച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠന റിപ്പോര്‍ട്ട് കേരള യൂണിവേഴ്‌സിറ്റിയുടെ എന്‍വെയര്‍മെന്റ് എഞ്ചിനീറിംഗ് വിഭാഗവും മലിനീകരണ നിയന്ത്രണ ബോര്‍ഡും കൂടി അവതരിപ്പിച്ചു. കേരളത്തിലെ ജലാശയങ്ങളിലെ അത്തരം സാഹചര്യങ്ങള്‍ വിലയിരുത്താന്‍ തീരുമാനമെടുത്തു. അതിലൂടെ അമീബയുടെ വളര്‍ച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠനം നടത്തി ഏകാരോഗ്യ സമീപനത്തിലൂന്നിയ ആക്ഷന്‍പ്ലാന്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് പ്രതിരോധത്തിന് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സംഘം എല്ലാ പിന്തുണയും നല്‍കി. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. സംസ്ഥാനത്ത് 2024ല്‍ 19 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. 5 മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ രോഗമുക്തി നിരക്ക് കൂട്ടാന്‍ സാധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4 പേരാണ് രോഗമുക്തി നേടിയത്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും അമീബ കാണാന്‍ സാധ്യതയുള്ള മലിനമായ ജലവുമായി ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ഒരേ ജല സ്രോതസ് ഉപയോഗിച്ചവരില്‍ ചിലര്‍ക്ക് മാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താനായി ഐസിഎംആറിന്റേയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടേയും സഹായത്തോടെ ഒരു കേസ് കണ്‍ട്രോള്‍ പഠനം നടത്താനും തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, ചണ്ഡിഗഡ് പിജിഐഎംഇആര്‍ പാരസൈറ്റോളജി വിഭാഗം മുന്‍ മേധാവി ഡോ. രാകേഷ് സെഗാള്‍, ഐഐഎസ്.സി. ബാഗ്ലൂര്‍ പ്രൊഫസര്‍ ഡോ. ഉത്പല്‍ എസ് ടാറ്റു, കേരള യൂണിവേഴ്‌സിറ്റി എന്‍വെയര്‍മെന്റ് എഞ്ചിനീറിംഗ് വിഭാഗത്തിലെ ഡോ. ശലോം ഞ്ജാന തങ്ക, സ്റ്റേറ്റ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഷീല മോസിസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, അടെല്‍ക് പ്രിന്‍സിപ്പല്‍ ഡോ. മായ, സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടര്‍ ഡോ. സുനിജ, അസി. ഡയറക്ടര്‍മാര്‍, മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഐസിഎംആര്‍ സയന്റിസ്റ്റ് ഡോ. അനൂപ് വേലായുധന്‍, ഐഎവി ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍, സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി എന്‍വെയര്‍മെന്റല്‍ സയന്‍സ് പ്രൊഫസര്‍, സ്റ്റേറ്റ് ആര്‍ആര്‍ടി അംഗങ്ങള്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ റൗണ്ട് ടേബിള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments