വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ചരക്ക് കപ്പലിൻ്റെ ട്രയൽ റണ്ണും ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. ഒപ്പം മന്ത്രിമാരായ വിഎൻ വാസവൻ, സജി ചെറിയാൻ, ബാലഗോപാൽ എന്നിവരും മേയർ ആര്യ രാജേന്ദ്രനും സാമൂഹിക സാംസ്കാരിക രംഗത്തുള്ള ഒട്ടേറെ ആളുകളും സദസിൽ ഈ മഹനീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.
വിഴിഞ്ഞം എന്ന സ്വപ്ന പദ്ധതി കേരളം നേടിയെടുത്തത്തിൻ്റെ അഭിമനത്തോടെയാണ് മുഖ്യമന്ത്രി സദസിനd മുന്നിൽ എത്തിയത്. വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പദ്ധതിയുടെ നേട്ടങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു.
ചരിത്ര നിമിഷത്തിന് കേരളം സാക്ഷ്യം വഹിക്കുമ്പോൾ വലിയ രാഷ്ട്രീയ വിവാദങ്ങളും ഇതിനോടൊപ്പം ഉയരുന്നുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ അവകാശവാദമാണ് ഭരണ പ്രതിപക്ഷങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നത്. പദ്ധതി കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി സർക്കാരാണെന്നും അതിനാൽ വിഴിഞ്ഞം തുറമുഖത്തിന് അദ്ദേഹത്തിൻ്റെ പേര് നൽകണമെന്നുമായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം. എന്നാൽ ചടങ്ങിലേയ്ക്ക് പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തതിനാൽ മറ്റ് കോൺഗ്രസ് നേതാക്കളും ഇന്ന് വിട്ടു നിൽക്കും.
സ്ഥലത്തെ എം.പിയായ ശശി തരൂരും ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിക്ക് പൂർണ്ണ പിന്തുണയെങ്കിലും മത്സ്യത്തൊഴിലാളികളോട് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം എന്നാണ് അറിയിപ്പ്. ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയിലാണ് പദ്ധതി തീരമണിഞ്ഞതെന്ന് വി ഡി സതീശന്‍ ഇന്നലെ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പേര് തുറമുഖത്തിന് നല്‍കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. പദ്ധതി പൂർത്തിയായതിൽ ഏറ്റവും സന്തോഷിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ആത്മാവെന്ന് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി തർക്കിക്കാം പക്ഷേ മാതൃത്വം ഉമ്മൻ ചാണ്ടി സർക്കാരിനെന്ന് മുന്‍മന്ത്രി കെ ബാബു പ്രതികരിച്ചു.